ആദ്യഘട്ട പോളിങ് തിരഞ്ഞെടുപ്പ്; തമിഴ്‌നാട് നാളെ വിധിയെഴുതും


ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കുമ്പോള്‍ രാജ്യത്തെ 102 മണ്ഡലങ്ങളാണ് വിധിയെഴുതുക. 21 സംസ്ഥാനങ്ങള്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന്‍റെ ഭാഗമാകുന്നുണ്ടെങ്കിലും തമിഴ്നാട് ഒന്നടങ്കമാണ് അന്നേദിവസം ബൂത്തിലെത്തുന്നത്. സംസ്ഥാനത്തെ 39 മണ്ഡലങ്ങളും 102-ല്‍ ഉള്‍പ്പെടുന്നു. റോഡ്‌ഷോയും റാലികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും രാഹുല്‍ ഗാന്ധിയും ഇളക്കിമറിച്ച തമിഴകത്തിന്റെ ട്രാക്കില്‍ ആര് ഒന്നാമതെത്തുമെന്ന് ചിന്തിച്ച് തലപുകയ്‌ക്കേണ്ടി വരില്ല. എന്നാല്‍ ഒന്നാമന്റെ നിലവിലെ ട്രാക്ക് റെക്കോഡില്‍ എത്ര ഇടിവ് വരുമെന്നും രണ്ടാമന്‍ ആരാകുമെന്നുമാണ് കണ്ടറിയേണ്ടത്.

ഇന്ത്യ മുന്നണി ഏറ്റവും സൗഹാര്‍ദപരമായി സീറ്റ് വിഭജനം പൂര്‍ത്തീകരിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. കഴിഞ്ഞ തവണ 39-ല്‍ കൈവിട്ട ഏകസീറ്റുംകൂടി പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തവണ മുന്നണിയുള്ളത്. 2019-ല്‍ ഒന്നിച്ച് മത്സരിച്ച മുഖ്യപ്രതിപക്ഷമായ എഐഡിഎംകെയും ബിജെപിയും വേറിട്ട് മത്സരിച്ച് കരുത്ത് കാണിക്കാനിറങ്ങിയതോടെ ഇത്തവണ ത്രികോണ മത്സരമാണ് തമിഴകത്ത്. തേനി സീറ്റില്‍ മാത്രമാണ് 2019-ല്‍ എഐഎഡിഎംകെയ്ക്ക് വിജയിക്കാനായത്.

ജയലളിതയുടെ വിയോഗത്തോടെ ചിന്നിച്ചിതറിയ എഐഎഡിഎകെ ഇത്തവണ കാര്യമായ സഖ്യങ്ങളില്ലാതെയാണ് ഇറങ്ങുന്നത്. പാര്‍ട്ടിയുടെയും ഇപ്പോള്‍ അതിനെ നയിക്കുന്ന മുന്‍മുഖ്യമന്ത്രി പളനിസാമിക്കും അതിജീവന പോരാട്ടമാണ്. മറുഭാഗത്ത്‌ എഐഎഡിഎംകഎയുമായുള്ള സഖ്യം വിട്ട് ജീവന്മരണ പോരാട്ടത്തിലാണ് ബി.ജെ.പി.യും പാര്‍ട്ടി അധ്യക്ഷന്‍ അണ്ണാമലൈയും.

സനാതനധര്‍മം മുതല്‍ കച്ചത്തീവ് ദ്വീപ് വിഷയംവരെ ഉയര്‍ത്തിക്കാട്ടി പ്രധാനപ്രതിപക്ഷത്തിന്റെ റോളില്‍ പ്രചാരണത്തിനിറങ്ങിയ ബിജെപിക്ക് ദ്രാവിഡ മണ്ണില്‍ കാലുറയ്ക്കുമോ എന്നതിന്റെ ജനവിധികൂടിയാണ് ഇത്തവണത്തേത്.

എഐഎഡിഎംകെയും ബിജെപിയും വേറിട്ട് മത്സരിക്കുന്നത് പ്രതിപക്ഷവോട്ടുകള്‍ ഭിന്നിക്കുകയും അതിലൂടെ തങ്ങള്‍ക്ക് കാര്യങ്ങള്‍ കൂറേക്കൂടി എളുപ്പമാകുമെന്നും ഡിഎംകെ കരുതുന്നു. എന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലെ അടിത്തറ വിപുലീകരിക്കുന്നതിനൊപ്പം അണ്ണാമലൈ തരംഗത്തിലൂടെ വന്‍നേട്ടം ഉണ്ടാക്കുമെന്നും ബിജെപി പ്രതീക്ഷപുലര്‍ത്തുന്നുണ്ട്.


Read Previous

തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ല; ബിജെപി സ്ഥാനാർഥിയുടെ പ്രസ്താവന ചർച്ചയാക്കി പ്രതിപക്ഷം

Read Next

ബി.ജെ.പി ഭരിയ്ക്കുന്നിടത്ത് മത്സരിയ്ക്കാന്‍ രാഹുലിന് പേടി; ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ഇടങ്ങളില്‍ അഭയം പ്രാപിയ്ക്കുന്നു; ഗുലാം നബി ആസാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular