മേയറും ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ വഴിത്തിരിവ്; ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ്, ദുരൂഹത


തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ നിര്‍ണായക തെളിവായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ല. ബസ് പരിശോധിച്ച ശേഷം പോലീസാണ് ഇക്കാര്യം അറിയിച്ചത്.

ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ബസിലെ ക്യാമറകള്‍ പരിശോധിക്കാത്തതില്‍ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.

ക്യാമറകള്‍ പരിശോധിക്കാന്‍ ആദ്യം വിമുഖത കാണിച്ചിരുന്ന പോലീസ് ഇന്ന് രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയില്‍ ക്യാമറയുടെ ഡിവിആര്‍ ലഭിച്ചു. എന്നാല്‍, ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് നേരത്തെ ഉണ്ടായിരുന്നോ എന്നും ആരെങ്കിലും മാറ്റിയതാണോ എന്നും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും ബസിന് ഉള്ളിലും ക്യാമറയുണ്ടായിരുന്നു. ഒരാഴ്ച ദൃശ്യങ്ങള്‍ സൂക്ഷിക്കാനാകുന്ന തരത്തിലാണ് ക്യാമറകളുടെ ക്രമീകരണം. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്നതിനും ഡ്രൈവര്‍ കാബിനില്‍ നടന്ന സംഭവങ്ങളും ഈ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമായിരുന്നു. ഇതിനിടെയാണ് ബസില്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കേണ്ട മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ് അറിയിക്കുന്നത്.


Read Previous

സഞ്ജു സാംസണെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബി.ജെ.പിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാവ്

Read Next

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular