റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ശനിയാഴ്ച വരെ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ശനിയാഴ്ച വരെ മഴയും മഞ്ഞുവീഴ്ചയും തണുപ്പും തുടരുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചതിനു പിന്നാലെയാണ് മുന്നറിയിപ്പ്. ചില പ്രദേശങ്ങളില്‍ ഇടിമിന്നലും ഉപരിതല കാറ്റും കാര്‍മേഘങ്ങള്‍ മൂടിയ അന്തരീക്ഷവും ഉണ്ടാവും.

റോഡുകളിലും മറ്റും വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ അകപ്പെടാതി രിക്കാന്‍ വാഹന യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം ഒലിച്ചുപോകുന്ന പ്രദേശങ്ങള്‍, ചതുപ്പുനിലങ്ങള്‍, താഴ്വരകള്‍ എന്നിവിടങ്ങളില്‍ പോകരുതെന്നും വെള്ളക്കെട്ടുകളില്‍ നീന്തരുതെന്നും സുരക്ഷിത സ്ഥലങ്ങളില്‍ കഴിയണമെന്നും സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു.
മക്ക, അസീര്‍, ജീസാന്‍, അല്‍ബാഹ, മദീന, തബൂക്ക്, അല്‍ ജൗഫ്, ഹാഇല്‍, അല്‍ ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അടുത്ത ശനിയാഴ്ച വരെ കാലാവസ്ഥാമാറ്റം പ്രതീക്ഷിക്കാം.
മക്ക പ്രവിശ്യയില്‍ ജമൂം, തായിഫ്, മൈസാന്‍, അദം, അര്‍ദിയാത്ത്, ലൈത്ത്, തുര്‍ബ, റനിയ, അല്‍മോയ, ദിലം, അല്‍ഖുര്‍മ എന്നിവിടങ്ങളില്‍ ശക്തമായ മഴയും കാറ്റും ആലിപ്പഴ വര്‍ഷവുമുണ്ടാവും. റിയാദില്‍ അഫീഫ്, ദവാദ്മി, അല്‍ഖുവയ്യ, മജ്മ, താദിഖ്, മറാത്ത്, അല്‍ഗാത്ത്, സുല്‍ഫി, ശഖ്റാ, റുമാഹ് എന്നിവിടങ്ങളിലും അല്‍ബാഹ, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യകളിലും മഴയുണ്ടാകും. അസീര്‍, ജിസാന്‍, ഹായില്‍ എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴയുണ്ടാകും.