അടിയേറ്റത് കോടതിയുടെ മുഖത്ത്’; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി


കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പൊലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ബസ് ഉടമ ആക്രമിക്കപ്പെട്ടത്. പൗരന്‍മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പൊലിസിനുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി.

തിരുവാര്‍പ്പില്‍ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍, ബസ് ഉടമയ്ക്ക് പൊലീസ് സംര ക്ഷണം നല്‍കണമെന്ന് ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയായിരുന്നു സിഐടിയു പ്രവര്‍ത്തകര്‍ ബസ് ഉടമയെ മര്‍ദിച്ചത്.

ഈ വിഷയത്തില്‍ സ്വമേധയാ കേസ് എടുത്ത കോടതി കോട്ടയം എസ്പിയോടും കുമരകം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ന് കോടതിയില്‍ ഹാജരായപ്പോഴാണ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

പൊലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയാണ് ബസ് ഉടമ ആക്രമിക്കപ്പെട്ടത്. ഒന്നു തല്ലിക്കോ എന്നിട്ട് ബാക്കി നോക്കിക്കൊള്ളാമെന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. അടിയേറ്റത് ബസ് ഉടമയ്ക്കല്ല. ഹൈക്കോടതിയുടെ മുഖത്താണെന്ന വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

കൃത്യവിലോപം നടത്തിയ പൊലീസുകാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ, സംഭവത്തില്‍ അന്വേഷണം ഉണ്ടായോയെന്നും കോടതി ചോദിച്ചു. സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും എങ്ങനെ സംഘര്‍ഷം ഉണ്ടായെന്നും ഹര്‍ജിക്കാരന് എങ്ങനെ മര്‍ദനമേറ്റു എന്നീ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാനാണ് നിര്‍ദേശം. ഹര്‍ജി ഈ മാസം പതിനെട്ടിന് കോടതി വീണ്ടും പരിഗണിക്കും.


Read Previous

മൂന്നാം ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ, ലക്ഷ്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ്, വിജയിച്ചാൽ ചരിത്ര നേട്ടം

Read Next

റിയാദ് ഇന്ത്യൻ എംബസി ആതിഥേയത്വം വഹിച്ച ഐബറോ അമേരിക്കൻ ഫിലിം ഫെസ്റ്റിവലിന് സമാപനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular