വിയ്യൂർ അതീവ സുരക്ഷ ജയിലിലെ സംഘർഷം: കലാപശ്രമമെന്ന് എഫ്ഐആർ


വിയ്യൂർ അതീവ സുരക്ഷാ ജയിലിലുണ്ടായ സംഘർഷം കലാപശ്രമമെന്ന് എഫ്ഐആർ. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ള 10 പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ജയിലിലെ നാല് ജീവനക്കാർക്കും ഒരു തടവ്കാരനും പരിക്കേറ്റിരുന്നു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചേർത്താണ് വിയ്യൂർ പൊലീസ് കേസെടുത്തത്.

തിരുവനന്തപുരത്ത് നിന്നും വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയ കൊല പാതക കേസ് പ്രതി കാട്ടുണ്ണി രഞ്ജിത്താണ് വധഭീഷണി മുഴക്കി കലാപത്തിന് തുടക്കമിട്ടത്. ഉദ്യോഗസ്ഥരെ ഇരുമ്പ് വടി കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. പിന്നാലെ കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘം ഗാർഡ് റൂം അടിച്ച് തകർത്തു. കസേരകളും മേശയും ഫോണും വയർലെസ് ഉപകരണങ്ങളും ടെലഫോൺ ബൂത്തും ഉൾപ്പെടെ ജയിലിലെ പല വസ്തുക്കളും തകർത്തു.

ജയിലിലെ കിച്ചനിൽ ജോലി ചെയ്തിരുന്ന ജോമോനെന്ന തടവുകാരനെയും പ്രതികൾ ആക്രമിച്ചു. കലാപം തടയാനെത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, മറ്റ് ജീവനക്കാരായ വിനോദ് കുമാർ, ഓം പ്രകാശ്, അർജുൻ എന്നിവർക്ക് പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റു. കാട്ടുണ്ണി രഞ്ജിത്ത് ഒന്നാം പ്രതിയായ കേസിൽ കൊടി സുനി അഞ്ചാം പ്രതിയാണ്. ആക്രമണം നിയന്ത്രണം വിട്ടതോടെ ജയിലിലുണ്ടായിരുന്ന ജീവനക്കാർ തൊട്ടടുത്ത സെൻട്രൽ ജയിലിലെയും ജില്ലാ ജയിലിലെയും ജീവനക്കാരുടെ സഹായം തേടിയിരുന്നു. ഇവരുടെ കൂടി സഹായത്തോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കാനായത്.

ഇന്നലെയാണ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ജയിൽ ജീവനക്കാരായ മൂവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.


Read Previous

ഹൈക്കോടതിയില്‍ പോയിട്ടല്ലേ സുപ്രീംകോടതിയില്‍ വരേണ്ടത്?’: നിരോധനത്തിനെതിരായ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ജി തള്ളി

Read Next

അത് മനസിലാക്കാനുള്ള ബുദ്ധി സുരേഷ് ​ഗോപി പ്രകടിപ്പിച്ചില്ല, ഇത് വേണ്ടിയിരുന്നില്ല’: ഗണേഷ് കുമാർ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular