നവകേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടുനല്‍കരുത്‌; വിലക്കി ഹൈക്കോടതി


കൊച്ചി: നവകേരള സദസിനായി സ്‌കൂള്‍ ബസ് വിട്ടുനല്‍കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. കോടതി അനുമതി ഇല്ലാതെ ബസ് വിട്ടു നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ കാസര്‍കോട് സ്വദേശിയായ രക്ഷിതാവാണ് കോടതിയെ സമീപിച്ചത്.

നവകേരള സദസിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ ഡിസംബര്‍ 23 വരെ സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ക്കും മറ്റ് സ്‌കൂള്‍ അധികൃതര്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്. ഈ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട് സ്വദേശി ഫിലിപ്പ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

ഫിലിപ്പിന്റെ മകള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഘാടകരുടെ ആവശ്യപ്രകാരം സ്‌കൂള്‍ ബസ് വിട്ടുകൊടുത്താല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും, കുട്ടികളുടെ കുട്ടിയുടെ പഠനത്തെ ബാധിക്കും. അതിനാല്‍ കോടതി വിഷയത്തില്‍ ഇടപെടണമെന്ന് ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സ്‌കൂള്‍ ബസ് മോട്ടോര്‍ വാഹന നിയമപ്രകാരം, കുട്ടികളെയും അധ്യാപകരെയും കൊണ്ടു വരാനും കൊണ്ടു വിടാനും മാത്രമേ ഉപയോഗിക്കാവൂ. പകരം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ആളുകളെ കയറ്റുന്നതും പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വാദം അംഗീകരിച്ചാണ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്‌കൂള്‍ ബസ് നവകേരള സദസിനായി വിട്ടുകൊടുക്കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടത്. സ്‌കൂളിന്റേതല്ലാത്ത പൊതുപരിപാടികള്‍ക്ക് സ്‌കൂള്‍ ബസ് വിട്ടു നല്‍കാന്‍ മോട്ടോര്‍ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്നതില്‍ വ്യക്തമായ മറുപടി സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


Read Previous

500 രൂപയ്ക്ക് എല്‍പിജി; പഴയ പെന്‍ഷന്‍ പുനസ്ഥാപിക്കാന്‍ നിയമം; ജാതി സെന്‍സസ്; വന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക

Read Next

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular