#Investigation against Kalamandalam Sathyabhama | കലാമണ്ഡലം സത്യഭാമക്കെതിരെ അന്വേഷണം; ഡിജിപിക്ക് നിര്‍ദേശം നല്‍കി പട്ടികജാതി കമ്മീഷൻ


നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണനെതിരായ വിവാദ പരാമർശങ്ങൾക്ക് പിന്നാലെ കലാമണ്ഡലം സത്യഭാമ ജൂനിയറിന് വീണ്ടും തിരിച്ചടി. സത്യഭാമയ്ക്കെ തിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷൻ നിര്‍ദേശം നൽകി. അന്വേഷണം നടത്തി പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ കേസെടുത്തിരുന്നു. നർത്തകരുടെ നിറവുമായും സൗന്ദര്യവുമായും ബന്ധപ്പെട്ട് സത്യഭാമയുടെ പരാമർശം വിവാദമായതിന് പിന്നാലെയാണ് സംഭവം.

ചാലക്കുടിക്കാരൻ നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. സം​ഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പേര് പരാമർശിച്ചില്ലെങ്കിലും പ്രതികരണവുമായി നർത്തകനും നടനുമായ ആർ.എൽ.വി രാമകൃഷ്ണൻ രം​ഗത്ത് വന്നതോടെയാണ് വലിയ ചർച്ചയായത്.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപമടക്കം നടത്തിയത്. മോഹിനി യായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ, പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം തുടങ്ങിയ പരാമർശങ്ങൾ സത്യഭാമ നടത്തി. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആർഎൽവി രാമകൃഷ്ണന്‍ രംഗത്തെത്തിയത്.

താൻ ഇത്തരം പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്ന തെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ആര്‍.എല്‍.വി രാമകൃഷ്ണൻ പ്രതികരിച്ചു. സാംസ്കരിക രംഗത്ത് ഇത്തരം സവര്‍ണ ചിന്തയുള്ളവര്‍ നിലയുറപ്പിച്ചാല്‍ വലിയ ഭീകര അവസ്ഥയാണുണ്ടാകുകയെന്നും കലാഭവൻ മണിയടക്കമുള്ള ആളുകള്‍ ഇത്തരം അധിക്ഷേപം നേരിട്ടിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞു.


Read Previous

#Beating up at school | പ്ലസ് വണ്‍- പ്ലസ്ടു വിദ്യാര്‍ഥികള്‍ സ്കൂളില്‍ ചേരിതിരിഞ്ഞ് അടി; നിരവധി പേർക്ക് പരിക്ക്

Read Next

#Know Your Candidate App | സ്ഥാനാര്‍ഥികളെ കുറിച്ച് കൂടുതല്‍ അറിയാം; നോ യുവര്‍ കാന്‍ഡിഡേറ്റ് ആപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular