കാട്ടാനയെ മയക്കുവെടി വെക്കും; മാനന്തവാടിയില്‍ നിരോധനാജ്ഞ; പരിഭ്രാന്തി പടര്‍ത്തിയത് ഹാസനില്‍ രണ്ടാഴ്ച മുമ്പ് പിടികൂടിയ ഒറ്റയാന്‍


മാനന്തവാടി: വയനാട്ടിലെ മാനന്തവാടി നഗരത്തില്‍ പരിഭ്രാന്തി പടര്‍ത്തിയ കാട്ടാന കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയതാണെന്ന് സ്ഥിരീകരിച്ചു. തണ്ണീര്‍ എന്നു പേരുള്ള കാട്ടാനയാണ് നഗരത്തിലിറങ്ങിയത്. ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്നും കഴിഞ്ഞ ജനുവരി 16 ന് കര്‍ണാടക വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ ആനയാണിത്.

പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചശേഷം ഒറ്റയാനെ ബന്ദിപ്പൂരിനടുത്ത് മൂലഹൊള്ളയില്‍ തുറന്നു വിടുകയായിരുന്നു. ഇവിടെ നിന്നാണ് ആന മാനന്തവാടിയിലെത്തിയത്. ആന അക്രമാസക്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആനയെ പിടിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കര്‍ണാടക വനംവകുപ്പ് അറിയിച്ചു.

കാട്ടാന നഗരത്തിലിറങ്ങിയതിനെ തുടര്‍ന്ന് മാനന്തവാടിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ് വാര്‍ഡുകളിലും മാനന്തവാടി നഗരസഭയിലെ 24, 25, 26, 27 ഡിവിഷനുകളിലുമാണ് മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ആനയെ കാടു കയറ്റാന്‍ ശ്രമം തുടരുന്നതായി വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ മയക്കുവെടി വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ആനയെ മയക്കുവെടി വെക്കുമെന്ന് സ്ഥലത്തെത്തിയ വയനാട് ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു.

ആവശ്യമെങ്കില്‍ കര്‍ണാടക വനംവകുപ്പിന്റെ സഹായം തേടും. മയക്കുവെടി വെച്ചശേഷം ആനയെ കര്‍ണാടകയ്ക്ക് കൈമാറുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. അതേസമയം കാട്ടാന അപകടകാരിയല്ലെന്ന് ബന്ദിപ്പൂര്‍ ഫീല്‍ഡ് ഡയറക്ടര്‍ രമേഷ് കുമാര്‍ പറഞ്ഞു.

മാനന്തവാടി പായോട് ആണ് പുലർച്ചെയാണ് കാട്ടാനയെത്തിയത്. രാവിലെ പാലു കൊണ്ടുപോയ ക്ഷീര കർഷകരാണ് ആനയെ കണ്ടത്. തുടർന്ന് വനം വകുപ്പും പൊലീസും ചേർന്ന് കാട്ടാനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. വിദ്യാർ ത്ഥികളെ സ്കൂളിലേക്ക് അയക്കരുതെന്ന് നിർദേശം നൽകിയിരുന്നു. വ്യാപാര സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടുമെന്ന് മർച്ചന്റ് അസോസിയേഷൻ അറിയിച്ചു.


Read Previous

ഹൈക്കോടതിയെ സമീപിക്കൂ’, ഹേമന്ത് സോറന്റെ അറസ്റ്റില്‍ ഇടപെടാതെ സുപ്രീംകോടതി

Read Next

ഫോട്ടോ എടുക്കാന്‍ ഇറങ്ങി, പാഞ്ഞടുത്ത കാട്ടാനയുടെ കാലുകള്‍ക്കും തുമ്പിക്കൈയ്ക്കും ഇടയില്‍, സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular