എം വി ജയരാജൻ എതിരാളിയേയല്ല… പാവം’; തികഞ്ഞ വിജയ പ്രതീക്ഷയുമായി കണ്ണൂരിൽ കെ സുധാകരൻ


കണ്ണൂർ: 2009ലും 2019ലും ഉജ്വല വിജയം നേടിയാണ് കെ സുധാകരൻ ഡൽഹിക്ക് വണ്ടി കയറിയത്. എം വി ജയരാജൻ തനിക്കൊത്ത എതിരാളിയല്ലെന്ന പ്രഖ്യാപനത്തോടെ യാണ് ഇത്തവണ സുധാകരൻ തന്‍റെ പ്രചരണ രംഗത്ത് സജീവമായത്. തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍ ജില്ലയിലെ, എടക്കാട് വില്ലേജിലെ കീഴുന്ന ദേശത്ത് നടാല്‍ എന്ന ഗ്രാമത്തില്‍ വയക്കര രാമുണ്ണിയുടെയും മാധവിയുടെയും മകനായി 1948 ജൂണ്‍ 7നാണ് കെ സുധാകരന്‍റെ ജനനം. എംഎ എല്‍എല്‍ബിയാണ് വിദ്യാഭ്യസ യോഗ്യത. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം, പിന്നീട് നിയമബിരുദവും നേടി.

രാഷ്ട്രീയ ജീവിതം: കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി സംഘടനയായ കെഎസ്‌യുവിന്‍റെ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കെ സുധാകരന്‍ 1967-1970 കാലഘട്ടത്തില്‍ കെഎസ്‌യു (ഒ) വിഭാഗത്തിന്‍റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡന്‍റായിരുന്നു. 1971-1972-ല്‍ കെഎസ്‌യു (ഒ) വിഭാഗത്തിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറി. 1973-1975-ല്‍ നാഷണല്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ (എന്‍എസ്(ഒ)) സംസ്ഥാന പ്രസിഡന്‍റ്, 1976-1977ല്‍ യൂത്ത് കോണ്‍ഗ്രസ് (ഒ) വിഭാഗം സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

1969ല്‍ അഖിലേന്ത്യ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിന്‍റെ കൂടെ നിലയുറപ്പിച്ചു. 1978ല്‍ സംഘടന കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് ജനത പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനത പാര്‍ട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്‍റ്. 1981-1984 കാലഘട്ടത്തില്‍ ജനത പാര്‍ട്ടി(ജി) വിഭാഗത്തിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.

1984ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കെപിസിസി നിർവാഹക സമിതി അംഗമായാണ് കോണ്‍ഗ്രസിനകത്ത് കെ സുധാകരന്‍ തേരോട്ടം ആരംഭിക്കുന്നത്. 1984 മുതല്‍ 1991 വരെ കെപിസിസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. 1991ല്‍ അവസാന മായി നടന്ന കോണ്‍ഗ്രസിന്‍റെ സംഘടന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കണ്ണൂര്‍ ഡിസി സിയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

1991 മുതല്‍ 2001 വരെ കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റായിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സിപിഎമ്മിനെ പോലും അമ്പരപ്പിക്കുന്ന രീതിയില്‍ കേഡര്‍ സ്വഭാവത്തി ലേക്ക് കൊണ്ട് വരുന്നതില്‍ തുടക്കമിട്ടത് കെ സുധാകരന്‍ ഡിസിസി പ്രസിഡന്‍റായി രുന്ന വേളയിലാണ്. 1991-2001 കാലഘട്ടത്തില്‍ യുഡിഎഫിന്‍റെ കണ്ണൂര്‍ ജില്ല ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2018-2021 കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നുതിരഞ്ഞെടുപ്പ്.

രാഷ്ട്രീയത്തില്‍ നിരവധി വെല്ലുവിളികള്‍ ഏറ്റെടുത്താണ് കെ സുധാകരന്‍റെ മുന്നേറ്റം. 1980ല്‍ എടക്കാട് അസംബ്ലിയില്‍ എകെജിയുടെ നാട്ടില്‍ കന്നിയങ്കം. എടക്കാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ജയിക്കുന്നതു വരെ മത്സരിക്കാന്‍ അനുവദിക്കണമെന്നാണ് കെ കരുണാകരനോട് കെ സുധാകരന്‍ അന്ന് പറഞ്ഞത്.

തുടര്‍ന്ന് 1982ല്‍ എടക്കാടും 1987-ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തലശ്ശേരിയില്‍ നിന്നും മത്സരിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ എൽഡിഎഫ് ജയിക്കുന്ന മണ്ഡലത്തില്‍ കെ സുധാകരന്‍റെ വരവോടെ സിപിഎമ്മിന്‍റെ ഭൂരിപക്ഷം പടിപടിയായി കുറഞ്ഞു. 1991ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കെ സുധാകരന്‍, സിപിഎമ്മിലെ ഒ ഭരതനോട് 219 വോട്ടിനാണ് പരാജയപ്പെടുന്നത്.

ഈ തെരഞ്ഞെടുപ്പില്‍ 5000ലേറെ കള്ളവോട്ടുകള്‍ സിപിഎം ചെയ്‌തിട്ടുണ്ടെന്ന് മനസ്സിലായതോടെ നിയമ പോരാട്ടം ആരംഭിച്ചു. 3000 വോട്ടുകള്‍ കള്ളവോട്ടാണെന്ന് കെ സുധാകരന്‍ കോടതിയില്‍ തെളിയച്ചതോടെ സിപിഎം സ്ഥാനാര്‍ഥി ഒ ഭരതന്‍റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി. കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992ല്‍ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചു.

തുടര്‍ന്ന് ഒ ഭരതന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുകയും, 1996ല്‍ സുപ്രീം കോടതി ഒ ഭരതനെ വിജയിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കി. 1996, 2001, 2006ലും കണ്ണൂര്‍ നിയമസഭാംഗമായി കെ സുധാകരന്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. 2001-2004 കാലഘട്ടത്തിലെ എ കെ ആന്‍റണി മന്ത്രിസഭയില്‍ കെ സുധാകരന്‍ ആദ്യമായി വനം, കായിക വകുപ്പിന്‍റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി.

2009ല്‍ നടന്ന ലോക്‌സഭ തെരഞ്ഞടുപ്പില്‍ സിപിഎമ്മിലെ കെ കെ രാഗേഷിനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2014ൽ കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലും 2016ൽ ഉദുമ നിയമസഭ മണ്ഡലത്തിലും മത്സരിച്ചു. 2019ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എംപി യായിരുന്ന സിപിഎമ്മിലെ പി കെ ശ്രീമതിയെ 94,559ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് സുധാകരന്‍ വീണ്ടും ലോക്‌സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.


Read Previous

തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ല; രാജസ്ഥാന്‍ ബിജെപി എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസിലേക്ക്

Read Next

ലോക്‌സഭാ സ്ഥാനാര്‍ഥികളായവര്‍ ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍; കേരളത്തില്‍ മുന്നില്‍ കെ. സുരേന്ദ്രന്‍; ഒന്നാമത് കൂടംകുളം ആണവ നിലയ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ നായകന്‍ എസ് പി ഉദയകുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular