റേഷൻ മസ്റ്ററിങ്ങ് തുടങ്ങി, കടകൾക്ക് മുന്നില്‍ നീണ്ട ക്യൂ, സംവിധാനം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല, സെർവർ തകരാർ എന്ന് വിശദീകരണം


കോഴിക്കോട്: റേഷൻ കാർഡ് ഉടമകൾ ജീവിച്ചിരിപ്പുണ്ട് എന്നും മുൻഗണനയുള്ള വരാണെന്നും ഉറപ്പുവരുത്തുന്നതിന് വേണ്ടി സർക്കാർ ഏർപ്പെടുത്തിയ ബയോ മസ്റ്ററിംഗ് സംവിധാനം ഇന്ന് ആരംഭിച്ചു. എന്നാൽ രാവിലെ എട്ടുമണിക്ക് തന്നെ ആരംഭിക്കേണ്ട മസ്റ്ററിങ് സംവിധാനം പത്ത് മണിയായിട്ടും പ്രവർത്തിക്കാത്തത് സംസ്ഥാനത്തെ റേഷൻ കടകളിൽ എത്തിയ ഉപഭോക്താക്കളെ പ്രയാസത്തിൽ ആക്കി.

സെർവർ തകരാറാണ് മസ്റ്ററിങ് സംവിധാനം പ്രവർത്തിപ്പിക്കാൻ പറ്റാത്തതിന് കാരണമെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. മിക്ക റേഷൻ കടകളിലും അതിരാവിലെ മുതൽക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സ്ത്രീകളും, കുട്ടികളും, വൃദ്ധരും അടക്കം നിരവധി പേരാണ് ഓരോ റേഷൻ കടകൾക്ക് മുന്നിലും എത്തിയത്

മിക്ക റേഷൻകടകളിലും തിരക്ക് കണക്കിലെടുത്ത് റേഷൻ വ്യാപാരികൾ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ സെർവർ തകരാറു മൂലം മസ്റ്ററിംഗ് പ്രവർത്തിപ്പിക്കാൻ പറ്റാത്തത് തർക്കങ്ങൾക്ക് കാരണമായി. പരീക്ഷയ്ക്ക് പോകേണ്ട കുട്ടികളടക്കം രാവിലെ എത്തിയിട്ടും മസ്റ്ററിങ് ചെയ്യാൻ പറ്റാതായതോടെ വലിയ പ്രയാസമുണ്ടാക്കി. കൂടാതെ ജോലിക്കടക്കം പോകാതെ ആവശ്യങ്ങള്‍ മാറ്റിവച്ചാണ് പലരും അതിരാവിലെ തന്നെ റേഷൻ കടകൾക്ക് മുന്നിൽ എത്തിയത്.

മസ്റ്ററിങ്ങിൽ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഏഴു ജില്ലകളിൽ രാവിലെയും, ഏഴ് ജില്ലകളിൽ വൈകുന്നേരവും മസ്റ്ററിങ്ങ് സംവിധാനം നടത്തണ മെന്നാണ് റേഷൻ വ്യാപാര സംഘടന പ്രതിനിധികൾ ആവശ്യപ്പെടുന്നത്. കൂടാതെ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെങ്കിൽ കപ്പാസിറ്റി കൂടിയ സെർവർ സ്ഥാപിക്കണമെന്നും റേഷൻ വ്യാപാരി സംഘടനപ്രതിനിധികൾ ആവശ്യപ്പെട്ടു.

അതേസമയം സെർവർ തകരാറുമൂലം മസ്റ്ററിംങ്ങ് സംവിധാനം നടത്താനാകാത്ത പ്രയാസം പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് റേഷൻ വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ആവശ്യം. അതേസമയം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റേഷൻ കാർഡ് മസ്റ്ററിങ് ഭാഗികമായി നിർത്തിവെച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

മഞ്ഞ കാർഡുകാർക്ക് ഇന്ന് തന്നെ മസ്റ്ററിങ് നടത്താൻ ശ്രമിക്കും. പിങ്ക് കാർഡുകാർക്ക് മറ്റൊരു ദിവസം മസ്റ്ററിങ് നടത്തും. അരി വിതരണം മൂന്ന് ദിവസം പാടില്ലെന്ന് നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ ചിലയിടങ്ങളിൽ അരി വിതരണം നടന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. മസ്റ്ററിങ്ങിനൊപ്പം റേഷൻ വിതരണം കൂടി നടന്നതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും ജി ആർ അനിൽ കൂട്ടിച്ചേർത്തു.


Read Previous

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളെ മുഖ്യമന്ത്രി പിന്നില്‍ നിന്നും കുത്തി’: രമേശ് ചെന്നിത്തല

Read Next

പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ചുമതലയേറ്റു, തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം പൂര്‍ത്തിയായി, ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ വൈകീട്ട് 3 മണിയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular