രാവിലെ ഫോണ്‍ വന്നു; പിന്നാലെ ജീവനൊടുക്കി; വില്ലേജ് ഓഫീസറുടെ ആത്മഹത്യയില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി കുടുംബം


പത്തനംതിട്ട: അടൂര്‍ കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യയില്‍ സിപിഎമ്മി നെതിരെ ആരോപണവുമായി കുടുംബം. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്നും രാവിലെ വന്ന ഫോണ്‍ കോളിന് ശേഷമാണ് മനോജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

മനോജ് ഉപയോഗിച്ചിരുന്ന വില്ലേജ് ഓഫീസറുടെ ഔദ്യോഗിക ഫോണ്‍ ചില ഉദ്യോഗ സ്ഥര്‍ എടുത്തുകൊണ്ടുപോയതായി സഹോദരീ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു. കുണ്ടറ സ്വദേശിയായ മുന്‍ വില്ലേജ് ഓഫീസര്‍ കടമ്പനാട് നിന്ന് പേടിച്ച് സ്ഥലം മാറ്റം വാങ്ങി പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോലിയില്‍ നിന്ന് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെന്ന് സഹോദരന്‍ മധുവും പറയുന്നുണ്ട്.

ഇന്നലെ രാവിലെ പത്തു മണിയോടെയാണ് മനോജിനെ കിടപ്പുമുറിയിലെ ഫാനില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ കെട്ട് അറുത്ത് തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെത്തി പരിശോധിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. മനോജിന്റെ ഭാര്യ ശൂരനാട് എല്‍പി സ്‌കൂളിലെ ടീച്ചറാണ്. ഇവര്‍ സ്‌കുളിലേക്ക് പോയതിന് ശേഷമാണ് മനോജ് ജീവനൊടുക്കിയത്. ഭാര്യയ്ക്കും മകള്‍ക്കും ഭാര്യാപിതാവിനും അനിയത്തിക്കുമൊപ്പമാണ് മനോജ് താമസിച്ചിരുന്നത്. ഇതിനു മുന്‍പ് ആറന്മുള വില്ലേജ് ഓഫീസര്‍ ആയിരുന്ന മനോജ് അടുത്തിടെയാണ് കടമ്പനാട് വില്ലേജ് ഓഫീസര്‍ ആയി ചുമതലയേറ്റത്.

അതേസമയം മനോജിന്റെ പോക്കറ്റില്‍ നിന്ന് പൊലീസിന് കിട്ടിയ ആത്മഹത്യാ കുറിപ്പില്‍ എന്താണ് എന്നതിനെ കുറിച്ച് ഇതുവരെയും വ്യക്തത ആയിട്ടില്ല.


Read Previous

ജ്യൂസില്‍ ഇടുന്ന ഐസ് അപകടകാരി; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി; ചെറിയ കടകള്‍ മുതല്‍ എല്ലാ കടകളിലും പരിശോധന

Read Next

നേഴ്സ് ലൈലാമ ഈപ്പന് എസ് എം സി കൂട്ടായ്മ യാത്രയയപ്പ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular