പണമില്ലെന്നു വച്ച് ആഘോഷത്തിനൊന്നും കുറവില്ലല്ലോ? ‘; മറിയക്കുട്ടിക്കു പെന്‍ഷന്‍ നല്‍കിയേ തീരൂ; വിമര്‍ശിച്ച് ഹൈക്കോടതി


കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയെന്നു ചൂണ്ടിക്കാട്ടി അടിമാലി പഞ്ചായത്തിലെ എഴുപത്തിയെട്ടുകാരിയായ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പണമില്ലാത്തതിനാല്‍ ആഘോഷങ്ങള്‍ മുടങ്ങുന്നില്ലല്ലോ എന്നു വിമര്‍ശിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദന്‍ നാളെ നിലപാട് അറിയിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി. നേരത്തെ പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് യാചനാസമരം നടത്തി മറിയക്കുട്ടി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

പെന്‍ഷന്‍ തുകയായ 1600 രൂപ സര്‍ക്കാരിനു വലിയ കാര്യമായിരിക്കില്ലെന്ന് കോടതി പറഞ്ഞു. എഴുപത്തിയെട്ടു വയസ്സുള്ള മറിയക്കുട്ടിയെ സംബന്ധിച്ച് അതു വലിയ തുകയാണ്. മറിയക്കുട്ടിയുടെ ഹര്‍ജി കോടതി ഗൗരവത്തോടെയാണ് കാണുന്നത്, മറിയക്കുട്ടി കോടതിയെ സംബന്ധിച്ച് വിഐപിയാണെന്നും കോടതി പറഞ്ഞു. പെന്‍ഷന്‍ നല്‍കാനാവുന്നില്ലെങ്കില്‍ മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

പണം ചെലവഴിക്കുന്നതിനു സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിക്കണം. പെന്‍ഷന്‍ നല്‍കാന്‍ പണമില്ലെന്നു പറയരുത്. പെന്‍ഷന്‍ നല്‍കിയേ തീരൂവെന്ന് കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. വിധവാ പെന്‍ഷനുള്ള കേന്ദ്ര വിഹിതം ഏപ്രില്‍ മുതല്‍ മുടങ്ങിക്കിടക്കുക യാണെന്ന് സംസ്ഥാനം അറിയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്രം മറുപടി അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

അഞ്ചു മാസമായി വിധവാ പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണെന്നും പുതു വര്‍ഷത്തിനു മുമ്പ് കിട്ടാനായി ഹൈക്കോടതി ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടിയുടെ ഹര്‍ജി. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ മരുന്ന് ഉള്‍പ്പെടെ മുടങ്ങിയെന്ന് മറിയക്കുട്ടി ഹര്‍ജിയില്‍ പറയുന്നു.


Read Previous

അനധികൃത സ്വത്ത്: തമിഴ്‌നാട് മന്ത്രി പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവ്, 50 ലക്ഷം പിഴ

Read Next

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്: മുഖ്യപ്രതികള്‍ കുന്നംകുളത്ത് പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular