കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചതില്‍ രോഗം സംശയിക്കുന്നു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്


കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഇന്ന് ഉച്ചയ്ക്ക് അടിയന്തരയോഗം വിളിച്ചു.

രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ (വിആര്‍ഡിഎല്‍) പരിശോധന നടത്തിയ പ്പോഴാണ് രോഗം വെസ്റ്റ്നൈല്‍ ഫീവറാണെന്നു കണ്ടെത്തിയത്. പിന്നീട് സ്രവങ്ങള്‍ പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നു വെസ്റ്റ്നൈല്‍ ഫീവറാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുകു മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകാരിയാകുക.


Read Previous

വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?’

Read Next

#Sukanya Samriddhi Account Scheme ചേരാം സുകന്യ സമൃദ്ധി സമ്പാദ്യ പദ്ധതിയിൽ, തപാൽ ഓഫിസിൽ 250 രൂപ നിക്ഷേപത്തിൽ പെൺകുഞ്ഞിന്‍റെ ഭാവി സുരക്ഷിതമാക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular