തൃശ്ശൂരിലെ കൊലപാതകം, ഈയിടെ ഹിറ്റായ മലയാളസിനിമയുമായി സാമ്യമേറെ, മുഖ്യപ്രതി 15-കാരന്‍


തൃശ്ശൂർ: നഗരത്തിൽ തിങ്കളാഴ്ച അർധരാത്രിയുണ്ടായ കൊലക്കേസിലെ മുഖ്യപ്രതി പ്രായപൂർത്തിയാകാത്തയാളെന്ന് പോലീസ്. കൊലപാതകത്തിന് ഈയിടെ ഹിറ്റായ മലയാളസിനിമയുമായി സാമ്യമേറെ. ചെറിയ തർക്കങ്ങൾ പ്രതികാരമായി വളർന്ന് കൊലയിലേക്കുവരെയെത്തുന്ന സിനിമയുടെ പ്രമേയത്തിനു സമാനമായ സംഭവങ്ങളാണ് കേസിന് പിന്നിലുമുള്ളത്.

പുല്ലഴി തെക്കേയിൽ ശ്രീരാഗ് (25) ആണ് പൂത്തോൾ റെയിൽവേ കോളനി പരിസരത്ത് കുത്തേറ്റുമരിച്ചത്. മാസങ്ങൾക്കുമുമ്പ് ശ്രീരാഗും അക്രമിസംഘവും തമ്മിൽ നടന്ന സംഘർഷത്തിന്റെ വിരോധം തുടരുന്നതിനിടെയാണ് തിങ്കളാഴ്ച വീണ്ടും പ്രശ്നങ്ങളുണ്ടാകുന്നത്. വൈകീട്ടുണ്ടായ തർക്കം പറഞ്ഞുതീർക്കുന്നതിനിടെയാണ് അർധരാത്രിയോടെ യുവാവിനു കുത്തേറ്റതെന്ന് പോലീസ് പറയുന്നു. കോളനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് കൊലപാതകത്തിനു പിന്നിൽ. പിടിച്ചുപറിയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഇവരെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്നും പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ശ്രീരാഗിനെ കുത്തിയ പൂത്തോൾ വാകദേശം സ്വദേശിയായ മുഖ്യപ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോലീസ് പേര് വെളിപ്പെടുത്തിയിട്ടില്ല. റെയിൽവേ കോളനിയിലെ താമസക്കാരായിരുന്ന ശ്രീരാഗിന്റെ കുടുംബം പിന്നീട് ഒളരിക്കരയിലേക്കു മാറിയതാണ്. തുടർന്നും കോളനിയിലെത്തിയിരുന്ന ശ്രീരാഗും അക്രമിസംഘവും തമ്മിൽ നേരത്തെയും ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. മാസങ്ങൾക്കുമുൻപ്‌ ചേറ്റുപുഴ കാവടിക്കിടെയുണ്ടായ സംഘർഷത്തിൽ ശ്രീരാഗിന് തലയ്ക്ക് കുപ്പികൊണ്ട് അടിയേറ്റ് പരിക്കേറ്റിരുന്നു

ദിവാൻജിമൂലകളിയാട്ടു പറമ്പിൽ മുഹമ്മദ് അൽത്താഫ്, അപ്പു, സാജിദ്, അജീഷ് എന്നിവരടക്കം ആറാളുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. അൽത്താഫിനെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ട് നാലോടെ കോളനിയിലെത്തിയ ശ്രീരാഗും സഹോദരൻ ശ്രീനേഗും കോളനിയിലെ താമസക്കാരനായ യുവാവുമായി വാക്കുതർക്കത്തിലായി. ഇത് പറഞ്ഞുതീർക്കാനെന്ന പേരിൽ രാത്രി ഒമ്പതോടെയാണ് ഇവരെ കോളനിയിലേക്ക് വിളിച്ചുവരുത്തിയത്. റെയിൽവേ പാർക്കിങ്ങിൽനിന്ന് കോളനിയിലേക്ക് വരുന്ന വഴിയിൽവെച്ച് വീണ്ടും വാക്കുതർക്കമുണ്ടാകുകയും കൂട്ടത്തിലൊരാൾ ശ്രീരാഗിനെ കുത്തിവീഴ്ത്തുകയുമായിരുന്നു.

ഇത് തടയാനെത്തിയ സഹോദരൻ ശ്രീനേഗിനും സുഹൃത്ത് ഒളരി വെളുത്തൂർ വീട്ടിൽ ശ്രീരാജിനും കുത്തേറ്റു. മൂന്നുപേരെയും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീരാഗ് മരിച്ചു. ഗുരുതര പരിക്കുള്ള മറ്റു രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ചേറ്റുപുഴ കാവടിക്കിടെയുണ്ടായ തർക്കം പറഞ്ഞുതീർക്കാനെന്നുപറഞ്ഞ് ശ്രീരാഗിനെ അക്രമിസംഘം വിളിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. വേഗം പോയിവരാമെന്ന് പറഞ്ഞാണ് രാത്രി ഒമ്പതോടെ ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയതെന്നും അവർ പറഞ്ഞു. സംഭവസ്ഥലത്ത് സംഘർഷം നടന്നതിന്റെ സൂചനകളുണ്ട്. പൊട്ടിയ ഇഷ്ടികക്കഷണങ്ങളും ഉപേക്ഷിച്ചനിലയിൽ മൂന്നു ജോഡി ചെരുപ്പും കണ്ടെത്തി. സമീപത്ത് തുറന്ന് സാധനങ്ങൾ വലിച്ചിട്ട നിലയിൽ ബാഗ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കൊയിലാണ്ടി സ്വദേശിയുടെ തിരിച്ചറിയൽകാർഡ് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ട്രെയിൻയാത്ര കഴിഞ്ഞ് വന്നവരുമായാണ് സംഘർഷമുണ്ടായതെന്ന വാർത്ത പരന്നത്. എ.സി.പി. കെ.കെ. സജീവൻ, സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പി. ഫർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇൻക്വസ്റ്റ് പൂർത്തിയാക്കി. എം.എസ്. ഷംനയുടെ നേതൃത്വത്തിലുള്ള ഫൊറൻസിക് സംഘവും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.


Read Previous

ഒരുമിച്ചുതാമസിച്ചിരുന്ന മലയാളി യുവാവും പശ്ചിമബംഗാള്‍ സ്വദേശിനിയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Read Next

യഹോവ സാക്ഷികളോട് വര്‍ഷങ്ങള്‍ നീണ്ട പക, സ്‌ഫോടനത്തിനു പിന്നില്‍ താന്‍ മാത്രം: ഡൊമിനിക് മാര്‍ട്ടിന്റെ മൊഴി

Leave a Reply

Your email address will not be published. Required fields are marked *

Most Popular