തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ബിജെപി സമാഹരിച്ചത് 6987.40 കോടി രൂപ ; പാര്‍ട്ടികള്‍ കമ്മിഷന് നല്‍കിയ കണക്കുകള്‍ പുറത്ത്


ന്യൂഡല്‍ഹി : ഇലക്‌ടറല്‍ ബോണ്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീം കോടതിക്ക് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച വിവരങ്ങളാണ് കമ്മിഷന്‍ പുറത്തുവിട്ടിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാഷ്‌ട്രീയ കക്ഷികള്‍ സമര്‍പ്പിച്ച കണക്കുകളാണിതെന്നും കമ്മിഷന്‍ വ്യക്തമാക്കി. കമ്മിഷന്‍റെ വെബ്സൈറ്റില്‍ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാണ്

2017-18 മുതല്‍ 2023-2024 വരെ ബിജെപിക്ക് ആകെ 6987.40 കോടി രൂപ ലഭിച്ചു. 2019-20ലാണ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ഏറ്റവും കൂടുതല്‍ പണം സമാഹരിക്കാന്‍ കഴിഞ്ഞത്. അക്കൊല്ലം ബോണ്ടുകള്‍ വിറ്റഴിച്ചതിലൂടെ ബിജെപിക്ക് ലഭിച്ചത് 2555 കോടി രൂപയാണെന്നും കമ്മിഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു (Bjp).

തൃണമൂല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ലഭിച്ചത് 1,397 കോടി രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണം തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ സമാഹരിച്ച പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ആകെ 1,334.35 കോടി രൂപ മാത്രമേ സമാഹരിക്കാനായിട്ടുള്ളൂ. ബിആര്‍എസ് ആണ് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ഏറ്റവും കൂടുതല്‍ പണം സമാഹരിച്ചതില്‍ നാലാം സ്ഥാനത്തുള്ളത്. 1322 കോടി രൂപയാണ് ബിആര്‍എസിന് കിട്ടിയത്. ബിജെഡിക്ക് 944.5 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് 442.8 കോടിയും ടിഡിപി 181.35 കോടിയും സമാഹരിച്ചെന്നും കമ്മിഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു

സമാജ് വാദി പാര്‍ട്ടിക്ക് 14.05 കോടി രൂപയാണ് കിട്ടിയത്. അകാലിദളിന് 7.26 കോടി രൂപ തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ ലഭിച്ചു. എഐഎഡിഎംകെയ്ക്ക് 6.05 കോടി കിട്ടിയപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സിന് അന്‍പത് ലക്ഷം മാത്രമാണ് സമാഹരിക്കാനായത്.

സംഭാവനകള്‍ ആരുടെ കയ്യില്‍ നിന്നാണ് സ്വീകരിച്ചത് എന്നതിന്‍റെ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ വിവരങ്ങളില്‍ രാഷ്‌ട്രീയ കക്ഷികള്‍ വെളിപ്പെടു ത്തിയിട്ടുണ്ട്. സാന്‍റിയാഗോ മാര്‍ട്ടിന്‍റെ കമ്പനികള്‍ കോടികള്‍ സംഭാവന നല്‍കിയ തായി പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. മുത്തൂറ്റ് ഫിനാന്‍സ്, മേഘ എഞ്ചിനീ യറിങ്ങ്, വേദാന്ത, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഡിഎല്‍എഫ്, അംബുജ സിമന്‍റ്സ്, പിരാമല്‍ ഇന്‍ഡസ്ട്രീസ്, ടൊറന്‍റ് പവര്‍, ഭാരതി എയര്‍ടെല്‍, ഭാരത് ബയോടെക്ക്, അപ്പോളോ, ലക്ഷ്‌മി മിത്തല്‍, ഏഡെല്‍വെയ്‌സ്, പിവിആര്‍, സുല വൈന്‍, വെല്‍സ്‌പണ്‍, സണ്‍ ഫാര്‍മ, എന്നിവയ്ക്ക് പുറമെ നിരവധി ഖനി കമ്പനികളും സംഭാവന നല്‍കിയവരുടെ കൂട്ടത്തിലുണ്ട്. അതേസമയം അദാനി, അംബാനി ഗ്രൂപ്പുകളുടെ സംഭാവന വിവരങ്ങള്‍ പട്ടികയില്‍ ഇല്ല.

സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനി ഇഡി നടപടി നേരിട്ടിരുന്നു. മേഘ എഞ്ചിനീയറിങ് ലിമിറ്റഡ് 980 കോടിയുടെ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. മേഘ എഞ്ചിനീയറിങ്ങിനെ തിരെ ആദായ നികുതി വകുപ്പ് നടപടിയുണ്ടായിരുന്നു. കേന്ദ്ര ഏജൻസികളുടെ നടപടി നേരിട്ട കമ്പനികളാണ് കൂടുതൽ കടപത്രങ്ങളും വാങ്ങിക്കൂട്ടിയിരിക്കുന്നത്.


Read Previous

മഹാത്മാഗാന്ധിയുടെ വസതിയായ ദക്ഷിണ മുംബൈയിലെ മണിഭവനിൽ നിന്നും ‘ന്യായ് സങ്കൽപ് പദയാത്ര’ നടത്തി രാഹുൽ ഗാന്ധി, കൂടെ പ്രിയങ്കയും മഹാത്മജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയും; 63 ദിവസം പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് സമാപനം; ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും

Read Next

ഇന്ത്യ മുന്നണി നേതാക്കളെ കൊണ്ട് നിറഞ്ഞ് മുംബൈയിലെ ശിവജി പാര്‍ക്ക്; മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്വല തുടക്കം. ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീന്‍ മാറ്റിയാല്‍ മോദി അധികാരത്തിലെത്തില്ലെന്ന് രാഹുല്‍. മോദിക്കെതിരെ ആഞ്ഞടിച്ച് മറ്റ് നേതാക്കളും

Leave a Reply

Your email address will not be published. Required fields are marked *

Most Popular