ഒന്‍പതാം ജയത്തിലേക്ക് പന്തെറിഞ്ഞത് 9 പേര്‍! അപരാജിത മുന്നേറ്റം; ഇന്ത്യക്ക് ‘ഹാപ്പി ദീപാവലി’


ബംഗളൂരു: ലോകകപ്പില്‍ ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് ഇന്ത്യ ആധികാരിക മായി സെമിയിലേക്ക്. അവസാന ഗ്രൂപ്പ് പോരില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌ സിനെ 160 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് നേടി. മറുപടി പറഞ്ഞ നെതര്‍ലന്‍ഡ്‌സ് 47.5 ഓവറില്‍ 250 റണ്‍സില്‍ എല്ലാവരും പുറത്തായി. ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് 18 പോയിന്റുകളുമായി ഇന്ത്യ ആത്മവിശ്വാസ ത്തോടെ സെമിയിലേക്ക്. ബുധനാഴ്ച ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ സെമി പോരാട്ടം. അപരാജിത മുന്നേറ്റത്തോടെ ഇന്ത്യയുടെ ദീപാവലി ആഘോഷം.

ബൗളര്‍മാര്‍ക്ക് പുറമെ സ്വയം പന്തെറിഞ്ഞ് രോഹിത് ശര്‍മ അവസാന വിക്കറ്റ് വീഴ്ത്തി നെതര്‍ലന്‍ഡ്‌സിന്റെ ഇന്നിങ്‌സിനു തിരശ്ശീലയിട്ടു. സ്വയം പന്തെറിഞ്ഞതു മാത്രമല്ല വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്കും പന്തെറിയാന്‍ രോഹിത് അവസരമൊരുക്കി. രോഹിതിനു പുറമെ കോഹ്‌ലിയും വിക്കറ്റ് വീഴ്ത്തി. ഒന്‍പത് പേര്‍ ഇന്ത്യക്കായി പന്തെറിഞ്ഞു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

കോഹ്‌ലി നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെ മടക്കിയാണ് വിക്കറ്റ് നേടിയത്. അര്‍ധ സെഞ്ച്വറി നേടി ഓറഞ്ച് സംഘത്തിലെ ടോപ് സ്‌കോറര്‍ തേജ നിദമനുരുവിനെ വീഴ്ത്തിയാണ് രോഹിത് ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്. നിദമനുരു 54 റണ്‍സെടുത്തു. സിബ്രന്റ് എംഗല്‍ബ്രെറ്റ് (45), ഓഡൗഡ് (30), കോളിന്‍ അക്കര്‍മാന്‍ (35) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റൊരാള്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കായി ദീപാവലി വെടിക്കെട്ട് തന്നെ ഒരുക്കി. ഇന്ത്യക്കായി ക്രീസിലെത്തിയ അഞ്ച് ബാറ്റര്‍മാരും 50, 50 പ്ലസ് സ്‌കോറുകള്‍ ഉയര്‍ത്തി. ശ്രേയസ് അയ്യരും കെഎല്‍ രാഹുലും സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി എന്നിവര്‍ അര്‍ധ സെഞ്ച്വറികളും കുറിച്ചു.

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 410 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. നെതര്‍ലന്‍ഡ്‌സിനു ജയിക്കാന്‍ 411 റണ്‍സ്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശ്രേയസ്- രാഹുല്‍ സഖ്യം 208 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

ശ്രേയസ് അയ്യര്‍ കിടയറ്റ സെഞ്ച്വറിയുമായി അമരത്ത് കയറി. ഏകദിനത്തില്‍ നാലാം സെഞ്ച്വറിയുമായി താരം കളം വാണു. 84 പന്തിലാണ് ശ്രേയസ് 100 എത്തിയത്. താരം 10 ഫോറും അഞ്ച് സിക്സും സഹിതം 94 പന്തില്‍ 128 റണ്‍സെടുത്തു പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ സൂര്യകുമാര്‍ യാദവ് 2 റണ്ണുമായി പുറത്താകാതെ നിന്നു.

രാഹുല്‍ 64 പന്തില്‍ 102 റണ്‍സെടുത്താണ് സെഞ്ച്വറി നേടിയത്. പിന്നാലെ താരം പുറത്തായി. തുടരെ രണ്ട് സിക്സുകള്‍ പറത്തി 89ല്‍ നിന്നാണ് താരം സെഞ്ച്വറിയിലേക്ക് അതിവേഗം എത്തിയത്. 11 ഫോറും നാല് സിക്സും സഹിതമായിരുന്നു താരത്തിന്റെ ശതകം.

കോഹ്ലി 56 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സെടുത്താണ് മടങ്ങിയത്. 50ാം സെഞ്ച്വറി നേടി താരം റെക്കോര്‍ഡിടുമെന്നു പ്രതീക്ഷിച്ചെങ്കിലും പാതി വഴിയില്‍ അവസാനിച്ചു. നേരത്തെ അര്‍ധ സെഞ്ച്വറികള്‍ നേടി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പുറത്തായി. ഒന്നാം വിക്കറ്റില്‍ രോഹിത്- ഗില്‍ സഖ്യം 100 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രോഹിത് 54 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 61 റണ്‍സ് നേടി മടങ്ങി.

അതിവേഗ തുടക്കമാണ് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു ഇന്ത്യക്ക് നല്‍കിയത്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഗില്‍ മടങ്ങി. ഗിലാണ് ആദ്യം അര്‍ധ ശതകം പിന്നിട്ടത്. കോഹ്ലിയെ സാക്ഷിയാക്കിയാണ് രോഹിത് 55ാം ഏകദിന അര്‍ധ സെഞ്ച്വറി നേടിയത്. 44 പന്തില്‍ എട്ട് ഫോറും ഒരു സിക്സും സഹിതമാണ് രോഹിതിന്റെ അര്‍ധ സെഞ്ച്വറി. ബൗണ്ടറിയടിച്ചാണ് താരം 50 പിന്നിട്ടത്.

ഗില്‍ 30 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും സഹിതം 50 റണ്‍സെടുത്തു. 32 പന്തില്‍ 51 റണ്‍സെടുത്ത് പിന്നാലെ താരം ഔട്ടായി. വാന്‍ മീകരനാണ് കൂട്ടുകെട്ടു പൊളിച്ചത്. നെതര്‍ലന്‍ഡ്സിനായി ബാസ് ഡെ ലീഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. വാന്‍ മീകരന്‍, വാന്‍ ഡെര്‍ മെര്‍വെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.


Read Previous

ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ട മനസുള്ളവര്‍ ശ്രമിച്ചു’; ഇനിയും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി

Read Next

എച് സലാം എംഎൽഎയെ ത‌ടഞ്ഞ് നാട്ടുകാർ; മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവത്തിൽ വൻ ജനരോഷം, പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

Most Popular