ഗാസയുടെ ഭാവിയെക്കുറിച്ച് വിശദമായ ചര്‍ച്ചവേണം, സമ്പൂര്‍ണ അധിനിവേശം അംഗീകരിക്കാനാവില്ല; നെതന്യാഹുവിനെ തള്ളി അമേരിക്ക


ഹമാസിനെതിരായ സൈനിക നീക്കത്തിന്റെ പേരില്‍ ഗാസ പൂര്‍ണമായി പിടിച്ചടക്കുക എന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക. ഹമാസിന് എതിരായ സൈനിക നീക്കത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നതിനിടെ ആണ് നിലപാടില്‍ അയവ് വരുത്തി അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. ഇസ്രയേല്‍ – ഹമാസ് പോരാട്ടത്തിന് ശേഷം ഗാസയുടെ സമ്പൂര്‍മായ അധിനിവേശം എന്ന നടപടിയോട് ബൈഡന്‍ ഭരണകൂടത്തിന് യോജിപ്പില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു. യുദ്ധത്തിന് ശേഷം ഗാസയുടെ സുരക്ഷ പൂര്‍ണമായി ഇസ്രയേല്‍ സൈന്യം ഏറ്റെടുക്കുമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് അമേരിക്ക തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്.

ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെഞ്ചമിന്‍ നെതന്യാഹു ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയത്. സൈനിക നടപടിയ്ക്ക് ശേഷം ‘അനിശ്ചിതകാലത്തേക്ക്’ ഗാസയുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കും എന്നായിരുന്നു എബിസി ന്യൂസിനോട് നെതന്യാഹുവിന്റെ പ്രതികരണം. ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തില്ലെങ്കില്‍ ഹമാസിന്റെ തിരിച്ചുവരവിന് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, സൈനിക നടപടിയ്ക്ക് ശേഷമുള്ള ഗാസയുടെ ഭാവി സംബന്ധിച്ച് ആരോഗ്യകരമായ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നാണ് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയുടെ പ്രതികരണം. ഗാസ പിടിച്ചടക്കുക എന്ന ഇസ്രയേല്‍ നീക്കം തെറ്റായ നടപടി ആകും എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡെനും നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ഹമാസ് നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന പേരില്‍ ഗാസയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ഒരു മാസം പിന്നിടുമ്പോള്‍ മരണം പതിനായിരം കടന്നു. യുണിസെഫിന്റെ കണക്കുകള്‍ പ്രകാരം ഗാസയില്‍ ഓരോ ദിവസവും 160 കുട്ടികളെങ്കിലും കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയിലെ ആകെ മരണസംഖ്യ ഇതിനോടകം 10,328 കടന്നതായാണ് കണക്കുകള്‍. ഇതില്‍ നാലായിരത്തിലധികവും കുട്ടികളാണ്. ആഴ്ചകള്‍ നീണ്ട വ്യോമാക്രമണത്തി നുശേഷം കരയുദ്ധത്തിലേക്ക് കടന്ന ഇസ്രയേല്‍ സേന ഇതിനോടകം ഗാസയുടെ ഹൃദയഭാഗത്തെത്തിയെന്നാണ് അവകാശപ്പെടുന്നത്. സൈന്യം ഗാസ സിറ്റിയിലേക്ക് അടുത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചു. ഗാസ നിവാസികള്‍ സുരക്ഷിതമായ തെക്കന്‍ ഗാസയിലേക്ക് മാറണമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.


Read Previous

പലസ്തീന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമം, വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ ‘സണ്‍സ് ഓഫ് അബു ജന്‍ഡാല്‍’ സംഘടന ഏറ്റെടുത്തു

Read Next

എ. സമ്പത്തിനെ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി, കെ ശിവകുമാർ പുതിയ പ്രൈവറ്റ് സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular