മറഞ്ഞത് വേറിട്ട രചനാശൈലിയുടെ മുഖം; ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടവരുടെ ശബ്ദം; വിടവാങ്ങിയത് തിരുനെല്ലിയുടെ കഥാകാരി; എഴുത്തുകാരി പി വത്സല അന്തരിച്ചു


മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും എഴുത്തച്ഛന്‍ പുരസ്‌കാരവും അടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ വത്സലയെ തേടിയെത്തിയിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച നടക്കും.

നെല്ല് ആണ് വത്സലയുടെ ആദ്യ നോവല്‍. ഈ കഥ പിന്നീട് രാമു കാര്യാട്ട് സിനിമയാക്കി. എസ് എല്‍ പുരം സദാനന്ദന്റെ തിരക്കഥയിലാണ് ചിത്രം അണിയിച്ചൊരുക്കിയത്. നെല്ലിന് കുങ്കുമം അവാർഡ് ലഭിച്ചിരുന്നു. ഗൗതമന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, മരച്ചോട്ടിലെ വെയില്‍ ചീളുകള്‍ തുടങ്ങിയവയാണ് മറ്റ് പ്രശസ്ത കൃതികള്‍. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും മലയാള സാഹിത്യ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. 25ലധികം ചെറുകഥാ സമാഹാരങ്ങൾ പി വത്സലയുടെ പേരിലുണ്ട്.

2021 ല്‍ ആണ് എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയത്. കേന്ദ്ര – കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ വത്സലയുടെ കൃതികളെ തേടിയെത്തി. 1975ൽ പ്രസിദ്ധീകരിച്ച നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിനാണ് വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. കേരള സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പിനും അർഹയായിട്ടുണ്ട്.

കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ 4-ന്‌ കോഴിക്കോട് ജനനം. കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളജ് പ്രധാന അധ്യാപികയായിരുന്ന വത്സല 1993ല്‍ വിരമിച്ചു. തുടര്‍ന്ന് സാഹിത്യ ലോകത്ത് കൂടുതല്‍ സജീവമായി. ഇതിനിടെ കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തുമെത്തി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ബോര്‍ഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തക എന്ന നിലയിലും പി വത്സല വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു

പാര്‍ശ്വവല്‍ക്കൃത ജീവിതങ്ങള്‍ക്കൊപ്പമായിരുന്നു എന്നും പി വത്സല എന്ന എഴുത്തുകാരി. അത്തരത്തിലുള്ള കഥാപാത്രങ്ങളെ അതുവരെയില്ലാത്ത രീതിയില്‍ മലയാളിയുടെ മനസിലേക്ക് ശക്തമായ കഥാപാത്രങ്ങള്‍ ആ തൂലികയിലൂടെ ഇടംപിടിച്ചു. ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടവരുടെ വകഞ്ഞുമാറ്റപ്പെട്ടവരുടെ ജീവിതങ്ങളെ ഒട്ടും അതിഭാവുകത്വം ഇല്ലാതെ അക്ഷരങ്ങളിലൂടെ ശബ്ദിക്കുക യായിരുന്നു. മലയാള സാഹിത്യ രംഗത്ത് തന്നെ അത്തരം ജീവിതങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴിവെച്ചു.

പ്രാദേശികവും വംശീയവുമായ എല്ലാ വേര്‍തിരിവുകളേയും വത്സല തന്റെ അക്ഷരങ്ങളിലൂടെ തുറന്നുകാട്ടി. കേരളീയ പാരമ്പര്യം അടിയാളരുടേതുകൂടി യാണെന്ന എഴുത്തുകള്‍ പിറന്നു. ഇത്തരത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട നെല്ല് ആയിരുന്നു വത്സയുടെ ആദ്യ നോവല്‍. വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണ് നെല്ലെന്ന് എം ലീലാവതി പുസ്തകത്തിന്റെ പുറംചട്ടയില്‍ തന്നെ പറയുന്നുണ്ട്. ആദിവാസികളുടെ അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ലായ്മയും എല്ലാം നെല്ലിലൂടെ പി വത്സല മലയാള സാഹിത്യ ലോകത്തിന് മുന്നിലേക്കെത്തിച്ചു. വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അവര്‍ക്കൊപ്പം താമസിച്ച് അവരുടെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ മനസിലാക്കിയാണ് നെല്ല്് എഴുതിയതെന്ന് പിന്നീട് പി വ്ത്സല പറഞ്ഞിട്ടുണ്ട്.


Read Previous

ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന; ലോകചാമ്പ്യന്മാരുടെ വിജയം എതിരില്ലാത്ത ഒരു ഗോളിന്

Read Next

കൂടുതല്‍ വിവാദങ്ങളുണ്ടായേക്കും’; കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കും  

Leave a Reply

Your email address will not be published. Required fields are marked *

Most Popular