അല്‍ ഷിഫ ആശുപത്രിയില്‍ നിന്ന് കുട്ടികളെ ഒഴിപ്പിക്കാന്‍ സഹായിക്കും സൈനികവക്താവ്, തെക്കന്‍ ഗാസയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇസ്രായേല്‍ ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി; ആയിരത്തോളം പേരെ ബന്ദിയാക്കി, ജനങ്ങളെ മനുഷ്യ കവചമാക്കി; ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍


ഗാസയിലെ ആശുപത്രിയില്‍ രോഗികളടക്കം ഏകദേശം 1,000 പേരെ ബന്ദികളാക്കിയ ഹമാസ് കമാന്‍ഡറെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രായേല്‍ സൈന്യം. ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡറായിരുന്നു അഹമ്മദ് സിയാമെന്നിനെയാണ് വധിച്ചത്. ഇയാള്‍ ഭീകരാക്രമണങ്ങളില്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) എക്സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറഞ്ഞു.

ഈ മാസം ആദ്യം ഹമാസിന്റെ ഗാസ മേധാവി യഹ്യ സിന്‍വാറിനെ കണ്ടെത്തി കൊല്ലാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആഹ്വാനം ചെയ്തിരുന്നു. ഇയാളെ കൊന്നാല്‍ യുദ്ധത്തിന്റെ തീവ്രത കുറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒക്ടോബര്‍ 7 ന് പലസ്തീന്‍ സംഘം ഇസ്രായേലിന് നേരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഇതില്‍ പങ്കെടുത്ത നിരവധി ഹമാസ് പ്രവര്‍ത്തകരെ ഇസ്രായേല്‍ സൈന്യം വധിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം ഗാസയില്‍ ഹമാസിനെതിരായ കര ആക്രമണം ഇസ്രായേല്‍ ശക്തമാക്കി. യുദ്ധത്തില്‍ ഇസ്രായേലില്‍ 1,200 ഓളം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഗാസയില്‍ 10,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

അതേസമയം ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം തുടരുന്നതിനിടെ ആശ്വാസ തീരുമാനവുമായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയില്‍ നിന്ന് കുട്ടികളെ ഒഴിപ്പിക്കാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.ഈ ആശുപത്രിയില്‍ യുദ്ധസമയത്ത് രണ്ട് നവജാത ശിശുക്കള്‍ മരിച്ചുവെന്നും ഡസന്‍ കണക്കിന് കുഞ്ഞുങ്ങള്‍ അപകടത്തിലാണെന്നും പലസ്തീന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇന്‍ക്വുബേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത്. നിലവില്‍ ഇന്ധനക്ഷാമത്തെ തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്.

അതേസമയം, കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ ഇസ്രായേലി സൈനികരുടെ 25-ലധികം വാഹനങ്ങള്‍ ഉള്‍പ്പെടെ 160-ലധികം കേന്ദ്രങ്ങള്‍ പൂര്‍ണമായോ ഭാഗിക മായോ നശിപ്പിച്ചതായി ഹമാസ് അവകാശപ്പെട്ടു. മറുവശത്ത്, വടക്കന്‍ ഗാസയുടെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടതായി ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു. ഗാസയില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ശനിയാഴ്ച രാത്രി വൈകി നടത്തിയ പത്രസമ്മേളനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കരയിലൂടെയുള്ള ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ 46 പേര്‍ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.

ഇതിനിടെ ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ ജനങ്ങളെ മോചിപ്പിക്കാനുള്ള കരാറില്‍ ചില പുരോഗതി കൈവരിച്ചതായി ഇസ്രായേലിലെ മൂന്ന് പ്രധാന ടിവി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.N12 ന്യൂസ് അനുസരിച്ച്, യുദ്ധത്തിന്റെ മൂന്നോ അഞ്ചോ ദിവസത്തെ ഇടവേളയില്‍ 50 മുതല്‍ 100 വരെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ഘട്ടം ഘട്ടമായി മോചിപ്പിക്കും.റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രായേല്‍ സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പലസ്തീന്‍ തടവുകാരെയും അവരുടെ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുകയും ഗാസയ്ക്ക് ഇന്ധനം നല്‍കുകയും ചെയ്യും. അതേസമയം കരാറിന് ശേഷം യുദ്ധം പുനരാരംഭിക്കും. നേരത്തെ ടെല്‍ അവീവില്‍, ബന്ദികളുടെ കുടുംബങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകള്‍ റാലിയില്‍ അണിനിരന്നു.

ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന അഷ്റഫ് അല്‍-ഖിദ്ര പറഞ്ഞു. ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രി സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇത് കാരണം ഇന്‍കുബേറ്ററില്‍ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു.ഇസ്രയേലി ഷെല്ലാക്രമണത്തിനിടെ ഒരു രോഗി മരിച്ചതായും മെഡിക്കല്‍ കോംപ്ലക്സിനു നേരെ ഇടയ്ക്കിടെ ഇസ്രായേല്‍ സ്നൈപ്പര്‍മാര്‍ വെടിയുതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈജിപ്തിലേക്കുള്ള റഫ ക്രോസിംഗ് വെള്ളിയാഴ്ച അടച്ചിരുന്നു. വിദേശ പാസ്പോര്‍ട്ട് ഉടമകള്‍ക്കായി ഞായറാഴ്ച വീണ്ടും തുറക്കുമെന്ന് ഗാസയുടെ അതിര്‍ത്തി അതോറിറ്റി അറിയിച്ചു.

കുട്ടികളെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍

കുട്ടികളെ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം സഹായിക്കു മെന്ന് ഇസ്രായേല്‍ മുഖ്യ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. പീഡിയാട്രിക്‌സ് വിഭാഗത്തില്‍ നിന്ന് കുട്ടികളെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കുന്നതിന് സഹായിക്കണമെന്ന് ഷിഫ ആശുപത്രിയിലെ ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ സഹായം ഞങ്ങള്‍ നല്‍കും.വടക്കന്‍ ഗാസയിലെ ആശുപത്രികളില്‍ അഭയം പ്രാപിക്കുന്ന ഡോക്ടര്‍മാരും രോഗികളും ആയിരക്കണക്കിന് ആളുകളും ഹമാസിനെ നേരിടേണ്ടി വരുമെന്നും ഇസ്രായേല്‍ പറഞ്ഞു.

ആശുപത്രിക്ക് കീഴിലും പരിസരത്തും ഹമാസ് കമാന്‍ഡ് സെന്ററുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.അതേസമയം രോഗികളെ നീക്കിയാല്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. വടക്കന്‍ പ്രദേശത്തെ മറ്റൊരു ആശുപത്രി ഒഴിപ്പിക്കുന്നത് തീവ്രവാദി തടയുകയാണെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു.ആശുപത്രി സര്‍വ്വീസ് നടത്തുന്നില്ലെന്നും ടാങ്കുകളാല്‍ ചുറ്റപ്പെട്ടിട്ടുണ്ടെന്നും പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 25 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഗാസയിലെ ആശുപത്രികള്‍ ഹമാസ് ഭീകരരുടെ താവളമാണെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഹമാസ് ഭീകരര്‍ ആശുപത്രികളെ സുരക്ഷിത താവളമാക്കുകയും രോഗികളെ കവചങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നു.ഗാസയുടെ മധ്യഭാഗത്തുള്ള മൂന്ന് ആശുപത്രികളെ ഒന്നൊന്നായി ലക്ഷ്യമാക്കി ഇസ്രായേല്‍ ടാങ്കുകള്‍ നീങ്ങുകയാണ്. ഇതിനിടെ ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡര്‍ അഹമ്മദ് സിയാം കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് പ്രഖ്യാപിച്ചു.ഗാസയിലെ റാന്തിസി ആശുപത്രിയില്‍ ആയിരത്തോളം ഗാസ നിവാസികളെ സിയാം ബന്ദികളാക്കിയിരുന്നുവെന്നാണ് വിവരം.

അതേസമയം, ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും ശരാശരി ഒരു കുട്ടി മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എവിടെയും ആരും സുരക്ഷിതരല്ലെന്ന് അദ്ദേഹം യുന്‍ സുരക്ഷാ കൗണ്‍സിലിന്മുന്നറിയിപ്പ് നല്‍കി. ഗാസയിലെ 36 ആശുപത്രികളില്‍ പകുതിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും ചികിത്സ നല്‍കുന്നില്ല.ചികിത്സ നടക്കുന്നിടത്ത് അവരുടെ ശേഷിയേക്കാള്‍ കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ട്.ഇതുമൂലം ഗാസയിലെ ആരോഗ്യ പരിപാലന സംവിധാനം താറുമാറാണെന്ന് അദ്ദേഹം പറഞ്ഞു.

‘ആശുപത്രി ഇടനാഴികളില്‍ മുറിവേറ്റവരും രോഗികളും മരിക്കുന്നവരും നിറഞ്ഞിരിക്കുന്നു. മോര്‍ച്ചറികള്‍ നിറഞ്ഞിരിക്കുന്നു. അനസ്‌തേഷ്യ കൂടാതെ ശസ്ത്രക്രിയകള്‍ നടക്കുന്നു. ആയിരക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ ആശുപത്രികളില്‍ അഭയം പ്രാപിക്കുന്നു. ഗാസയില്‍ ശരാശരി 10 മിനിറ്റിനുള്ളില്‍ ഓരോ കുട്ടിയും കൊല്ലപ്പെടുന്നു.’, അദ്ദേഹം യുഎന്നില്‍ വ്യക്തമാക്കി.

പഴയ കഥ ഓര്‍ത്ത് WHO ഡയറക്ടര്‍ ജനറല്‍

യുദ്ധം നാശം വിതച്ച എത്യോപ്യയില്‍ വളര്‍ന്ന ഗെബ്രിയേസസ് തന്റെ പഴയ അനുഭവ ങ്ങളും യുഎന്നില്‍ പങ്കുവെച്ചു. ഗാസയിലെ കുട്ടികള്‍ എന്താണ് അനുഭവിക്കുന്നതെന്ന് എനിക്ക് മനസിലാകും.’വായുവില്‍ വെടിയുണ്ടകളുടെയും ഷെല്ലുകളുടെയും ശബ്ദം, അവ അടിച്ചതിന് ശേഷമുള്ള പുകയുടെ ഗന്ധം, രാത്രി ആകാശത്തിലെ ട്രേസര്‍ ബുള്ളറ്റുകളുടെ ഗന്ധം, ഭയം, വേദന, നഷ്ടം – ഇതെല്ലാം എന്റെ ജീവിതത്തിലുടനീളം എന്നോടൊപ്പം ഉണ്ടായിരുന്നു’, അദ്ദേഹം ഓര്‍ത്തെടുത്തു.

ഒക്ടോബര്‍ 7 മുതല്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും ചികിത്സാകേന്ദ്രങ്ങള്‍ക്ക് നേരെ 250 ലധികം ആക്രമണങ്ങള്‍ നടന്നതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടു ണ്ടെന്നും ഇസ്രായേലില്‍ 25 സമാന ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും ഗെബ്രിയേസസ് പറഞ്ഞു.ആശുപത്രികള്‍ക്ക് കീഴിലുള്ള തുരങ്കങ്ങളില്‍ ഹമാസ് ആയുധങ്ങള്‍ ഒളിപ്പിച്ചതായി ഇസ്രായേല്‍ പറയുന്നു. എന്നാല്‍ ഹമാസ് ഇത് നിഷേധിച്ചു.

തെക്കന്‍ ഗാസയില്‍ ആശുപത്രി

തെക്കന്‍ ഗാസയില്‍ ഒരു ആശുപത്രി സ്ഥാപിക്കാന്‍ ഇസ്രായേല്‍ ഒരു ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കിയതായി യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ സുരക്ഷാ കൗണ്‍സിലിനോട് പറഞ്ഞു .ഒക്ടോബര്‍ 12 ന്, ഇസ്രായേല്‍ ഗാസയിലെ ഏകദേശം 1.1 ദശലക്ഷം ആളുകളോട് തങ്ങളുടെ കര ആക്രമണത്തിന് മുന്നോടിയായി തെക്കോട്ട് നീങ്ങാന്‍ ഉത്തരവിട്ടിരുന്നു.

വടക്കന്‍ ഗാസയിലെ ആശുപത്രികളിലേക്ക് ജോര്‍ദാന്റെ മെഡിക്കല്‍ സഹായം എത്തിക്കുന്നതിന് ഇസ്രായേല്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘട നയെക്കാളും മറ്റേതെങ്കിലും യുഎന്‍ ബോഡിയെക്കാളും ഗാസക്കാരുടെ ക്ഷേമത്തിനായി ഇസ്രായേല്‍ ശ്രമിക്കുന്നുണ്ടെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.

48 മണിക്കൂറിനിടെ 22 പേര്‍ മരിച്ചു

48 മണിക്കൂറിനുള്ളില്‍ മൂന്ന് ആശുപത്രികള്‍ ആക്രമിക്കപ്പെട്ടു. അതില്‍ 22 പേരെങ്കിലും മരിച്ചുവെന്നാണ് വിവരം.രോഗികള്‍ക്കിടെയില്‍ ഹമാസ് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി ഇസ്രായേല്‍ അവകാശപ്പെടുന്നു.ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയും വ്യാഴാഴ്ച രാത്രി വൈകി ഇസ്രായേല്‍ ആക്രമിച്ചു.കഴിഞ്ഞ രണ്ട് ദിവസ ത്തോളം ഈ ആശുപത്രി ഇസ്രായേല്‍ സൈന്യം വളഞ്ഞിരുന്നു. ഇസ്രായേല്‍ ആദ്യം ആശുപത്രിക്ക് നേരെ മിസൈലുകള്‍ തൊടുത്തുവിട്ടു. തുടര്‍ന്ന് ബോംബ് വര്‍ഷിക്കാന്‍ തുടങ്ങി.ആക്രമണം നടന്നയുടന്‍ അല്‍ ഷിഫ കാമ്പസിലുടനീളം പരിഭ്രാന്തി ഉയര്‍ന്നു.കുട്ടികളടക്കം രക്തം വാര്‍ന്ന് കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇതിനിടെ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണ ത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു.ഇവിടെയും ഇസ്രായേല്‍ ബോംബെറിഞ്ഞു. ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ ടെന്റുകളില്‍ നിന്ന് പുറത്തേക്ക് ഓടുന്നത് കണ്ടു.വടക്കന്‍ ഗാസയിലെ ഇസ്രായേല്‍ സൈന്യത്തിന്റെ ലക്ഷ്യമായ ഒരു വലിയ ആശുപത്രിയാണിത്.

ഇതിനിടെ ഇസ്രായേല്‍ ടാങ്കുകള്‍ ഗാസയിലെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിച്ചു. ആശുപത്രി പരിസരം ടാങ്കുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയാണ്.അതേസമയം അല്‍-റാന്റിസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനു സമീപവും ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി അവകാശപ്പെടുന്നു.ഇതുമൂലം സമീപത്തെ പല കെട്ടിടങ്ങളും തകര്‍ന്നു.ഈ ആശുപത്രി മുഴുവന്‍ ഇസ്രായേല്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ആശുപത്രി മുഴുവന്‍ ബാരിക്കേഡ് ചെയ്തിട്ടുണ്ട്.ആളുകള്‍ക്ക് ഇവിടെ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ല.


Read Previous

പലസ്തീനിലെ ഇസ്രയേല്‍ കുടിയേറ്റം; യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ; അമേരിക്കയും കാനഡയും ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ എതിര്‍ത്തു. പതിനെട്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു

Read Next

‘പ്രകാശം പലസ്തീനിലെ ജനങ്ങള്‍ക്ക് മരണത്തിനുള്ള സൂചനയാണ്’; ദീപാവലി ആഘോഷിക്കാന്‍ കഴിയുന്നില്ലെന്ന് ടി എം കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *

Most Popular