അനിൽ ആന്‍റണി ഡൽഹിയിലെ സൂപ്പർ ദല്ലാള്‍; യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കി; ആരോപണങ്ങളുമായി ദല്ലാൾ നന്ദകുമാർ


കൊച്ചി: പത്തനംതിട്ടയിലെ എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണിയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ദല്ലാൾ നന്ദകുമാർ. സി.ബി.ഐ. സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് തന്‍റെ കൈയിൽനിന്ന് അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്ന് നന്ദകുമാർ ആരോപിച്ചു. ആരോപണം അനിൽ ആന്റണി നിഷേധിച്ചതോടെ തെളിവുകൾ പുറത്തുവിടാൻ തയാറാണെന്നും നന്ദകുമാർ പറഞ്ഞു.

‘അനിൽ ആന്റണി ഡൽഹിയിലെ സൂപ്പർ ദല്ലാളാണ്. ഡിഫൻസ് മിനിസ്റ്റർ പദവി, യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കിയ ഒരു ഇടനിലക്കാരനാണ് അനിൽ ആന്റണി. തനിക്ക് പണം തിരിച്ച് നൽകാൻ പിജെ കുര്യനും പിടി തോമസും ഇടപ്പെട്ടിട്ടുണ്ട്. പിജെ കുര്യൻ ഇടനിലക്കാരനായി നിന്നാണ് തന്റെ പണം തിരിച്ചുതന്നത്. 2014 ൽ എൻഡിഎ സർക്കാർ വന്നപ്പോൾ സി​ബിഐക്ക് താൻ പരാതി നൽകാനിരുന്നതായിരുന്നു. കുര്യൻ തന്നെ തടഞ്ഞു. അന്ന് പണം തിരികെ ലഭിച്ചതുകൊണ്ടാണ് പരാതി നൽകാതിരുന്നത്’- നന്ദകുമാർ പറഞ്ഞു.

പത്തനംതിട്ടയിൽ സ്വന്തം ചിലവിൽ സംവാദത്തിന് തയാറാണെന്നും അനിൽ ആന്റണി തയാറാണോയെന്നും നന്ദകുമാർ ചോദിച്ചു. തനിക്ക് വിശ്വാസ്യത ഇല്ലെന്ന് പറഞ്ഞ അനിൽ ആന്റണി തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സമ്മതിച്ചു. വിശ്വാസ്യത ഇല്ലാത്ത തന്നെ എന്തിന് ബന്ധപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു. ഇത്തവണ സ്ഥാനാർഥിയായിട്ടുള്ള ബി‍ജെപിയുടെ ഒരു തീപ്പൊരി നേതാവ് തന്റെ കൈയിൽ നിന്നും 10 ലക്ഷം രൂപ അക്കൗണ്ടിൽ വാങ്ങിയിട്ടുണ്ടെന്നും നന്ദകുമാർ ആരോപിച്ചു.

അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റി, രഹസ്യരേഖ വിറ്റു– നന്ദകുമാർ

ആരോപണം ഇങ്ങനെ: 2013 ഏപ്രിലിൽ ഡൽഹി അശോക ഹോട്ടലിൽവെച്ചാണ് പണം കൈമാറിയത്. സി.ബി.ഐ. ഡയറക്ടറായിരുന്ന രഞ്ജിത്ത് സിൻഹയ്ക്ക് നൽകാനാണ് അനിലിന് പണം കൊടുത്തത്. നിയമനം ലഭിച്ചില്ല. പണം തിരികെനൽകാൻ അനിൽ തയ്യാറായില്ല. പി.ജെ. കുര്യനോട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പി.ടി. തോമസ് ഇടപെട്ടിട്ടാണ് അഞ്ചുഗഡുക്കളായി പണം ലഭിച്ചത്. എൻ.ഡി.എ. മന്ത്രിസഭ വന്നപ്പോൾ, പരാതികൊടുക്കാൻ ശ്രമിച്ചപ്പോൾ പി.ജെ. കുര്യനാണ് പിന്തിരിപ്പിച്ചത്. രഞ്ജിത്ത് സിൻഹയുടെ നിയമനത്തിലും അനിൽ ആന്റണിക്ക് പങ്കുണ്ട്. യു.പി.എ. സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ, ഒബ്രോയ് ഹോട്ടൽ കേന്ദ്രീകരിച്ച് അറിയപ്പെടുന്ന ദല്ലാളായിരുന്നു അനിൽ. എ.കെ. ആന്റണിയുടെ ഔദ്യോഗിക വസതിയിലെ ഓഫീസിൽനിന്ന് ആയുധ ഡീലുകളുടെ രേഖകൾ ഉൾപ്പെടെ പുറത്തുവിട്ടു. ആന്റണിയുടെ വീട്ടിൽവെച്ചും അനിൽ ഇടപാടുകൾ നടത്തി. അന്വേഷണം തുടങ്ങിയപ്പോഴാണ് പിടിക്കപ്പെടാതിരിക്കാനായി ബി.ജെ.പി.യിൽ ചേർന്നത്.

പി.ജെ. കുര്യനും ഉമാ തോമസിനും ഇതെല്ലാം അറിയാം. അനിൽ ഇതെല്ലാം നിഷേധിച്ചാൽ തെളിവുമായി സംവാദത്തിന് തയ്യാറാണ്. സി.ബി.ഐ. ഡയറക്ടറുടെ ഔദ്യോഗിക വസതിയിൽ നിത്യസന്ദർശകനായിരുന്നു അനിൽ. സന്ദർശക പുസ്തകത്തിൽ അനിൽ എന്ന് ഒപ്പിടും. എന്നാൽ, ഈ ആരോപണം മുഴുവൻ അന്ന് അനിൽ അംബാനിയുടെ തലയിലായി. അനിൽ അംബാനി സി.ബി.ഐ. ഡയറക്ടറെ കാണാൻ ഒരുതവണ ചെന്നശേഷം പിന്നീട് അംബാനിയുടെ ഒപ്പ് അതേപോലെ ഇട്ട് ഡയറക്ടറെ കണ്ടയാളാണ് അനിൽ.

പണം വാങ്ങിയെന്ന് തെളിയിക്കാൻ നന്ദകുമാറിനെ വെല്ലുവിളിച്ച് അനിൽ ആന്റണി

പത്തനംതിട്ട: 25 ലക്ഷം രൂപ വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം തെളിയിക്കാൻ പത്തനംതിട്ടയിലെ എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണി അദ്ദേഹത്തെ വെല്ലുവിളിച്ചു. ആരോപണമുന്നയിച്ച ആൾ സമൂഹവിരുദ്ധനാണ്. അയാളെ ഒന്നുരണ്ട് തവണ കണ്ടിട്ടുണ്ട്. ചില ആവശ്യങ്ങൾ പറഞ്ഞു. നടക്കില്ല എന്ന് അറിയിച്ച് മടക്കി അയച്ചു. അയാളുടെ നീക്കങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധനായ ആന്റോ ആന്റണിയാണ്. തെളിവുണ്ടെങ്കിൽ പുറത്തുവിടട്ടെ.

നന്ദകുമാർ തന്നെ നിരന്തരം ശല്യംചെയ്ത ആളാണ്. ശല്യം സഹിക്കവയ്യാതെ നമ്പറുകൾ ബ്ലോക്ക് ചെയ്തിരുന്നു. ബ്ലാക്ക് മെയിലിങ്ങിന്റെ ആളാണ് അയാളെന്ന് മനസ്സിലാക്കിയിരുന്നു. തന്നെ കരിവാരിത്തേക്കാനുള്ള ആസൂത്രിത ശ്രമമാണിത്. നിയമനടപടികൾക്ക് പോകാൻ തിരഞ്ഞെടുപ്പുകാലത്ത് സമയമില്ല. വിശദാംശങ്ങൾ ഉമാ തോമസിനും പി.ജെ. കുര്യനും അറിയാമെങ്കിൽ അവരോട് ചോദിക്കൂ എന്നും അനിൽ ആന്റണി പറഞ്ഞു.


Read Previous

കാശ്മീർ പ്രശ്നം പരിഹരിക്കാൻ സൗദി ഇറങ്ങുമോ? പാക് പ്രധാനമന്ത്രിയുമായി രാജകുമാരന്റെ കൂടിക്കാഴ്ച, സംയുക്ത പ്രസ്താവന’ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല

Read Next

അപകടമരണങ്ങള്‍ കുറയാനുള്ള കാരണം, എ.ഐ. ക്യാമറ; അധികൃതര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular