600 ല്‍ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട്, ആപ്പിള്‍


കാലിഫോര്‍ണിയയില്‍ 600 ല്‍ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിള്‍. സ്മാര്‍ട് വാച്ച് ഡിസ്‌പ്ലേ, കാര്‍ നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് പിരിച്ചുവിടലെന്ന് കാലിഫോര്‍ണിയ എംപ്ലോയ്‌മെന്റ് ഡെവലപ്‌മെന്റില്‍ നല്‍കിയ രേഖകളില്‍ കമ്പനി വ്യക്തമാക്കുന്നു.

വര്‍ക്കര്‍ അഡ്ജസ്റ്റ്‌മെന്റ് ആന്റ് റീട്രെയിനിങ് നോട്ടിഫിക്കേഷന്‍ അഥവാ വാണ്‍ പ്രോഗ്രാം അനുസരിച്ച് ആപ്പിള്‍ എട്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ കാലിഫോര്‍ണിയ സ്‌റ്റേറ്റിന് സമര്‍പ്പിച്ചിട്ടുണ്ട്. പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള ജീവനക്കാരുടെ വിവരങ്ങള്‍ അവര്‍ ജോലി ചെയ്യുന്ന അതാത് ഓഫീസുകളുടെ വിലാസത്തില്‍ നിന്ന് കാലിഫോര്‍ണിയ ഭരണകൂടത്തിന് റിപ്പോര്‍ട്ടായി നല്‍കേണ്ടതുണ്ട്. ഇതനുസരിച്ച് 87 ജീവനക്കാര്‍ സ്മാര്‍ട് വാച്ച് ഡിസ്‌പ്ലേയ്ക്ക് വേണ്ടി ഒരുക്കിയ ഒരു രഹസ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. പിരിച്ചുവിടപ്പെട്ട മറ്റുള്ളവരെല്ലാം ആപ്പിളിന്റെ കാര്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള കെട്ടിടങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ്.

പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിള്‍ ഇലക്ട്രിക് വാഹന നിര്‍മാണം, വരും തലമുറ സ്മാര്‍ട് വാച്ച് ഡിസ്‌പ്ലേ നിര്‍മാണം തുടങ്ങിയ മേഖലകളിലേക്ക് കടന്നത്. ഫെബ്രുവരിയോടെയാണ് രണ്ട് പദ്ധതികളും അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് കമ്പനി കടന്നത്.

കാര്‍നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥര്‍ക്കിടയിലെ ആശയക്കുഴപ്പങ്ങളും അതിന്റെ ചിലവുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണം എന്നാണ് വിവരം. എഞ്ചിനീയറിങ്, വിതരണക്കാര്‍, ചിലവ് എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടര്‍ന്നാണ് സ്മാര്‍ട് വാച്ച് ഡിസ്പ്ലേ പ്രോഗ്രാം അവസാനിപ്പിച്ചത്.

ആപ്പിൾ കാർ പദ്ധതിക്കായി കാലിഫോര്‍ണിയയിലെ സാന്റാക്ലാരയിൽ പ്രവര്‍ത്തിച്ചിരുന്നവരാണ് പിരിച്ചുവിടപ്പെട്ട 371 പേര്‍. പദ്ധതിക്ക് വേണ്ടി മറ്റ് പലയിടങ്ങളിലായി ജോലി ചെയ്തവരേയും പിരിച്ചുവിട്ടിട്ടുണ്ട്. നിരവധി പേരെ റോബോട്ടിക്‌സ്, എഐ ഉള്‍പ്പടെയുള്ള കമ്പനിയുടെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റിയിട്ടുമുണ്ട്.


Read Previous

ഇനിമുതല്‍ എല്ലാ സർവ്വകലാശാലകളിലും ഒരേസമയം വിദ്യാർഥി പ്രവേശനം

Read Next

പാക് ഭീകരരെ ഇന്ത്യ വധിച്ചെന്ന്, ബ്രിട്ടീഷ്‌ ദിനപത്രം ദി ഗാർഡിയന്‍റെ വാർത്ത; തെറ്റായ റിപ്പോര്‍ട്ടെന്ന് വിദേശകാര്യമന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular