ഇനി ചട്ടികളിൽ വളർത്തുന്ന ചെടികൾക്ക് കൃത്രിമ മണ്ണ്


ദോഹ: ചട്ടികളിൽ വളർത്തുന്ന ചെടികൾക്കായി ഈന്തപ്പനയുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് കൃത്രിമ മണ്ണ് ഉണ്ടാക്കുന്നതിനുള്ള  പ്രാഥമിക പദ്ധതി നടപ്പാക്കാൻ നഗരസഭ മന്ത്രാലയത്തിലെ കാർഷിക ഗവേഷണ വകുപ്പ് തയാറെടുക്കുന്നു. വരണ്ട പ്രദേശങ്ങളിലെ ഇന്റർനാഷനൽ സെന്റർ ഫോർ അഗ്രികൾചറൽ റിസർച്ചിന്റെ (ഐസിഎആർഡിഎ)സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് കാർഷിക ഗവേഷണ വകുപ്പ് ഡയറക്ടർ ഹമദ് സക്കത്ത് അൽ ഷമ്മാരി വ്യക്തമാക്കി. ഈന്തപ്പനയോലകൾ, ഈന്തപ്പഴത്തിന്റെ അവശിഷ്ടങ്ങൾ, മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത ഗുണനിലവാരം കുറഞ്ഞ ഈന്തപ്പഴം തുടങ്ങിയവ കൊണ്ടാണ് കൃത്രിമ മണ്ണ് ഉണ്ടാക്കുന്നത്.

25 ശതമാനം, 50, 75, 100 ശതമാനം എന്നിങ്ങനെ 4 വ്യത്യസ്ത അനുപാതത്തിലാണ് മണ്ണിന്റെ ഗുണനിലവാരം അളക്കുന്നത്. 3 മാസമായി പുരോഗമിക്കുന്ന പരീക്ഷണ പ്രവർത്തന ഫലങ്ങൾ പ്രതീക്ഷ നൽകുന്നതും മികച്ചതുമാണെന്നും അൽ ഷമ്മാരി വിശദമാക്കി. എൻജിനീയറിങ് അല്ലെങ്കിൽ സിന്തറ്റിക് മണ്ണ് എന്നറിയപ്പെടുന്ന കൃത്രിമ മണ്ണ് പ്രകൃതി ദത്തമായ അഴുക്ക് പോലെയാണ് തോന്നുകയെങ്കിലും ചെടികൾക്ക് നന്നായി വളരാനുള്ള മനുഷ്യനിർമിതമായ അടിത്തറയാണ്. സാധാരണയായി ജൈവ, കൃത്രിമ സാമഗ്രികൾ കൊണ്ടാണ് ഇത് നിർമിക്കുന്നത്. 

ഈന്തപ്പനയുടെ മാലിന്യങ്ങൾ പോലും ഉപയോഗയോഗ്യമാക്കി മാറ്റുകയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഈന്തപ്പഴ ഉൽപാദനവും ഗുണനിലവാരവും  വർധിപ്പിക്കുന്നതിനായി ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ വലിയ ശ്രദ്ധയാണ് നൽകുന്നത്. 

അടുത്തിടെയാണ് ഖത്തർ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ ഈന്തപ്പനകൾക്കായുള്ള സുസ്ഥിര ഉൽപാദന സംവിധാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച മേഖലാ ശിൽപശാല നടന്നത്. പദ്ധതിയുടെ ഭാഗമായി ഈന്തപ്പഴത്തിന്റെ ഉണക്കൽ പ്രക്രിയയിലെ മാലിന്യം കുറയ്ക്കാനുള്ള മൂന്നാം തലമുറ പോളികാർബണേറ്റ് ഡ്രൈയിങ് ഹൗസും ഈന്തപ്പന കൃഷിയിൽ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നൂതന സംവിധാനവും ഖത്തർ വികസിപ്പിച്ചിട്ടുണ്ട്.


Read Previous

ഉയര്‍ന്ന വീട്ടുവാടക; കുവൈത്തിലെ പ്രവാസികൾ, ചെലവ് കുറയ്ക്കാൻ പാർട്ടീഷനിങ് സമ്പ്രദായം

Read Next

വായ്പയെടുത്തു വാങ്ങിയ മൊബൈലിന്‍റെ കുടിശിക ആവശ്യപ്പെട്ട് നിരന്തരമായി ശല്യപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന്, കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular