ഗാസയിലെ ആക്രമണം; ബന്ദികളാക്കിയ 50 ഇസ്രായേലികള്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്ന് ഹമാസ്


ഗാസ: ബന്ദികളാക്കിയ ഇസ്രായേലികളില്‍ 50 പേര്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്ന് ഹമാസ്. ഗാസ മുനമ്പില്‍ ഇസ്രായേല്‍ ബോംബിംഗ് ആരംഭിച്ചതിന് ശേഷമാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്നും ഹമാസ് വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്കും, കൂട്ടക്കുരുതികള്‍ക്കും തിരിച്ചടിയെന്ന നിലയില്‍ കൊലപ്പെടുത്തിയവരുടെ എണ്ണമാണ് അന്‍പതിലെത്തിയത്. ടെലഗ്രാം ചാനലിലൂടെയാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേല്‍ അതിശക്തമായ വ്യോമാക്രമണം ഗാസ മുനമ്പില്‍ ആരംഭിച്ചത്. അതേസമയം ഗാസയിലെ മരണനിരക്ക് 7028 ആയി ഉയര്‍ന്നുവെന്ന് പല്‌സതീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതില്‍ 2913 കുട്ടികളുണ്ടെന്നും സ്‌പെക്ടേറ്റര്‍ ഇന്‍ഡക്‌സ് പറയുന്നു. ഹമാസിന്റെ പ്രതിനിധി സംഘം അടുത്ത ദിവസം മോസ്‌കോ സന്ദര്‍ശിക്കുന്നുണ്ട്. വ്‌ളാദിമിര്‍ പുടിനെ കാണാനും സാധ്യതയുണ്ട്.

നേരത്തെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സസ് ഹമാസിനെതിരെയുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഐഡിഎഫ് കിബുട്‌സ് ബീരിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങല്‍ പങ്കുവെച്ചിട്ടുണ്ട്. ഹമാസ് തീവ്രവാദികളെ പിന്തുടരുന്നതും, വധിക്കുന്നതു മാണ് ഈ വീഡിയോയില്‍ ഉള്ളത്. ഹമാസിന്റെ വാഹനത്തിന് നേരെ വെടിയുതിര്‍ക്കു ന്നതും, ഡ്രൈവറെ കൊലപ്പെടുത്തുന്നതും കാണാം. തുടര്‍ന്ന് രക്ഷപ്പെടാന്‍ നോക്കിയവരെ ഐഡിഎഫ് സൈന്യം കൊലപ്പെടുത്തുന്നതും കാണാം.

ഹമാസ് നിയന്ത്രണത്തിനുള്ള കേന്ദ്രങ്ങളിലേക്ക് ടാങ്കറുകളും, വെടിക്കോപ്പുകളുമായി പ്രവേശിച്ചതായി ഇസ്രായേല്‍ അറിയിച്ചു. ഹമാസ് കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതായും, നിരവധി പേരെ വധിച്ചതായും ഇസ്രായേല്‍ അവകാശപ്പെട്ടു. കരമാര്‍ഗമുള്ള യുദ്ധത്തിന് മുന്നൊരുക്കങ്ങള്‍ നടത്തുകയാണെന്ന് നേരത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിന്റെ തീവ്രവാദ സെല്ലുകളെയും, കേന്ദ്രങ്ങളെയും, മിസൈല്‍ വേധ ലോഞ്ച് പോസ്റ്റുകളെയുമാണ് ഈ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഐഡിഎഫ് പറഞ്ഞു.

അടുത്ത ഘട്ടത്തിലുള്ള സൈനിക നീക്കത്തിന്റെ മുന്നൊരുക്കം മാത്രമാണിത്. ദൗത്യത്തിന് ശേഷം സൈനികര്‍ ഇസ്രായേിലേക്ക് മടങ്ങിയതായും ഐഡിഎഫ് വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങളില്‍ ഇസ്രായേല്‍ സൈന്യം വേലി തകര്‍ത്ത് പ്രവേശിക്കുന്നതും, ബന്ദികളാക്കിയവരെ രക്ഷിക്കുന്നുമുണ്ട്. ഗാസയില്‍ ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയത്തില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണമാണ് നടത്തിയത്.

അതേസമയം ഹമാസിന്റെ ആക്രമണത്തെ പരിശോധിക്കും. അതില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. ആക്രമണത്തിന്റെ വിശദമായ വിവരങ്ങള്‍ കൈമാറുമെന്നും നെതന്യാഹു വ്യക്തമാക്കി. നേരത്തെ ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് പ്രതിപക്ഷം അടക്കം നെതന്യാഹുവിനെതിരെ രംഗത്ത് വന്നിരുന്നു. ഗാസയില്‍ ഉള്ളവരെ ഒഴിപ്പിക്കാന്‍ ഹമാസ് അനുവദിക്കുന്നില്ലെന്നും, അവരുടെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും ഐഡിഎഫ് അവകാശപ്പെട്ടു.


Read Previous

യുദ്ധവിമാനങ്ങൾ മൂന്ന് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരികരിക്കാതെ ഹമാസ്

Read Next

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്ന ബില്ലിന്റെ കരട് റിപ്പോര്‍ട്ട്; മൂന്ന് മാസം സമയം തേടി പ്രതിപക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular