നരേന്ദ്രമോദിയെ വരവേല്‍ക്കാനൊരുങ്ങി അയോധ്യ; പ്രധാനമന്ത്രി ഇന്ന് അയോധ്യയില്‍


അയോധ്യ: മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളവും ആധുനികവത്കരിച്ച റെയില്‍വേ സ്‌റ്റേഷനും ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ തയ്യാറായി അയോധ്യ. 11.15-നാണ് അയോധ്യ റെയില്‍വേ സ്‌റ്റേഷന്റെ ഉദ്ഘാടനവും പുതിയ അമൃത് ഭാരത്, വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഉദ്ഘാടനം. 12.15-ന് വിമാനത്താവളം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടക്കും. 15,700 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാവുക. ഇതില്‍ 11,100 കോടിയുടേയും വികസന പദ്ധതികള്‍ അയോധ്യയിലും സമീപപ്രദേശങ്ങളിലുമാണ്.

10.45-ഓടെ പ്രധാനമന്ത്രി അയോധ്യ വിമാനത്താവളത്തില്‍ എത്തും. പ്രധാനമന്ത്രിയുടെ റാലിയില്‍ 1.5 ലക്ഷത്തോളം പേര്‍ പങ്കെടുക്കും. അയോധ്യ വിമാനത്താവളത്തില്‍നിന്ന് രാംപഥ് വരെ 15 കിലോമീറ്ററോളം കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉദ്ഘാടന പരിപാടിടനുബന്ധിച്ച് അയോധ്യയിലെ തെരുവുകള്‍ ശ്രീരാമഭക്തിഗാനങ്ങള്‍ മുഴക്കി. വഴികളില്‍ മണികള്‍ മുഴക്കുകയും മന്ത്രങ്ങള്‍ ചൊല്ലുകയും ചെയ്തു. പൂക്കളും ചുമര്‍ചിത്രങ്ങളും കൊണ്ട് വഴികള്‍ അലങ്കരിച്ചു. റെയില്‍വേ സ്റ്റേഷന്റെ പുറത്ത് ശ്രീരാമന്റെ വലിയ കട്ടൗട്ടുകളും പ്രധാന സ്ഥലങ്ങളില്‍ പ്രധാനമന്ത്രിയുടെ വലിയ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.

നിലവിലുള്ള സ്റ്റേഷനുസമീപമാണ് അയോധ്യാ ധാം ജങ്ഷന്‍ എന്നുപേരിട്ട പുതിയ സ്റ്റേഷന്‍. മൂന്ന് പ്ലാറ്റ്‌ഫോമുകളടക്കം വിമാനത്താവള ടെര്‍മിനലുകള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജാ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശുപരിപാലന മുറികള്‍, കാത്തിരിപ്പുകേന്ദ്രങ്ങള്‍, ആരോഗ്യപരിപാലന കേന്ദ്രം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രോജക്ട് മാനേജര്‍ അഹമ്മദ് കമാല്‍ പറഞ്ഞു.

രാമക്ഷേത്രത്തില്‍നിന്ന് പത്തുകിലോമീറ്റര്‍ മാറിയാണ് വിമാനത്താവളം ഒരുങ്ങിയിരിക്കുന്നത്. നേരത്തേ മര്യാദാപുരുഷോത്തം ശ്രീരാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നായിരുന്നു വിമാനത്താവളത്തിന് പേരുനല്‍കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍, മഹര്‍ഷി വാല്മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അയോധ്യാ ധാം എന്നായിരിക്കും വിമാനത്താവളത്തിന്റെ പുതിയ പേര്.

അതിവേഗ യാത്ര വാഗ്ദാനംചെയ്യുന്ന ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് തീവണ്ടികളും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ആനന്ദ് വിഹാര്‍- ദര്‍ഭംഗ റൂട്ടിലും ബെംഗളൂരു-മാള്‍ഡ റൂട്ടിലുമാണ് തീവണ്ടികള്‍ സര്‍വീസ് നടത്തുക. 130 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന, പുഷ് പുള്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടികള്‍ വന്ദേ ഭാരതിനോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് ട്രാക്കിലിറങ്ങുന്നത്. ആറ് പുതിയ വന്ദേഭാരത് തീവണ്ടികളും ഫ്‌ളാഗ് ഓഫ് ചെയ്യും.

ഒപ്പം 2180 കോടി ചെലവില്‍ ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പ്, അയോധ്യ-രാംപഥ്, ഭക്തിപഥ്, ധരംപഥ്, ശ്രീരാമ ജന്മഭൂമി പഥ് എന്നീ നാലു റോഡുകള്‍, രാജര്‍ഷി ദശരഥ് സ്വയംഭരണ സംസ്ഥാന മെഡിക്കല്‍ കോളേജ്, അയോധ്യ ബൈപ്പാസിനും നഗരത്തിനുമുടനീളമുള്ള മനോഹരമാക്കിയ ഒട്ടേറെ റോഡുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കും തുടക്കംകുറിക്കും.


Read Previous

മകളുടെ വിവാഹദിനത്തില്‍ അറസ്റ്റ് ചെയ്യുമെന്ന് ആശങ്ക: സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ 8നു പരിഗണിയ്ക്കും

Read Next

യുവതി വിഴുങ്ങിയ പപ്പടക്കോല്‍ ശ്വാസകോശം തുരന്ന് ആമാശയത്തിലെത്തി; വായിലൂടെ പുറത്തെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular