ഇന്നുമുതൽ വവ്വാൽ സർവേ; കേന്ദ്ര സംഘവും ഇന്നെത്തും


കോഴിക്കോട് :കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനും നിപ്പ സ്ഥിരീകരിച്ചു. ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. 

കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48) ഓഗസ്റ്റ് 30നും വടകര മംഗലാട് മമ്പളിക്കുനി ഹാരിസ് (40) ഇൗ മാസം 11നുമാണ് മരിച്ചത്. മുഹമ്മദിന്റെ 9 വയസ്സുള്ള കുട്ടിയും ബന്ധുവുമാണ് നിപ്പ സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. ഹാരിസും മുഹമ്മദുമായി ആശുപത്രിയിൽ വച്ചാണ് സമ്പർക്കം ഉണ്ടായത്.  

സമ്പർക്കപ്പട്ടികയിൽ നിലവിൽ 168 പേരുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മുഹമ്മദിന്റെ സമ്പർക്കപ്പട്ടികയിലെ 158 പേരിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. 31 പേർ ബന്ധുക്കളും സമീപവാസികളുമാണ്. ഹാരിസുമായി സമ്പർക്കത്തിലായ 100 പേരുണ്ടെങ്കിലും 10 പേരെയാണ് തിരിച്ചറിഞ്ഞത്.

സമ്പർക്കപ്പട്ടികയിലുള്ളവരിൽ ചികിത്സ ഏറ്റവും അത്യാവശ്യമുള്ളവരെ മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡുകളിലേക്കു മാറ്റും. ലക്ഷണങ്ങളില്ലാത്തവരെ വീടുകളിൽ നിരീക്ഷണത്തിലാക്കും. മുഹമ്മദിന്റെ സമ്പർക്കപ്പട്ടികയിലുള്ള 4 പേരും ഹാരിസിന്റെ സമ്പർക്കപ്പട്ടികയിലുള്ള 3 പേരും നിലവിൽ ചികിത്സയിലുണ്ട്. 

രോഗബാധിതർ ചികിത്സ തേടിയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആ സമയത്ത് ആശുപത്രിയിലെത്തിയവരെ തിരിച്ചറിയും. ഇവർ സഞ്ചരിച്ച വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന്റെ സഹായത്തോടെ പരിശോധിക്കും. 

ഇന്നു മുതൽ ബന്ധപ്പെട്ട പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും വവ്വാൽ സർവേ നടത്തും. നാലംഗ കേന്ദ്രസംഘവും ഇന്നെത്തും. പുണെയിൽനിന്ന് ഐസിഎംആറിന്റെ ബാറ്റ് ഫീൽഡ് സർവേ ടീമും എൻഐവി മൊബൈൽ ടീമും ഉടനെത്തും. എൻഐവി സംഘം എത്തുന്നതോടെ സാംപിളുകൾ കോഴിക്കോട്ടു തന്നെ പരിശോധിച്ചു ഫലമറിയാനാകും. 

തിരുവനന്തപുരം ∙ നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാക്കി. അസ്വാഭാവികമായ കടുത്ത പനിയെത്തുടർന്ന് ഇന്നലെ രാവിലെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റൽ കോളജ് വിദ്യാർഥിയിൽ സംശയകരമായ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് പ്രത്യേക മുറിയിൽ പ്രവേശിപ്പിച്ചത്. വവ്വാൽ കടിച്ച പഴങ്ങൾ കഴിച്ചതായി സംശയിക്കുന്നുവെന്നു വിദ്യാർഥി പറഞ്ഞു. ശരീര സ്രവങ്ങൾ വിശദ പരിശോധനയ്ക്കായി പുണെയിലേക്ക് അയച്ചു. 

കോഴിക്കോട് ജില്ലയിൽ ആരോഗ്യ ജാഗ്രത വേണമെന്നു മന്ത്രി വീണാ ജോർജ് നിർദേശിച്ചു. ജനങ്ങൾ അനിവാര്യമല്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർ പകർച്ചവ്യാധി നിയന്ത്രണ മുൻകരുതലുകൾ സ്വീകരിക്കണം. ജില്ലയിൽ എല്ലാവരും മാസ്ക് ഉപയോഗിക്കുന്നത് ഉചിതമാണെന്നും പറഞ്ഞു. കൺട്രോൾ റൂം ഫോൺ നമ്പറുകൾ: 0495 2383100, 2383101, 2384100, 2384101, 2386100.

1998 ൽ മലേഷ്യയിലെ ‘നിപ്പ’ എന്ന സ്ഥലത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തതിനാലാണ് വൈറസിന് ഈ പേര്. ഇന്ത്യയിൽ ആദ്യം 2001 ൽ ബംഗാളിലെ സിലിഗുഡിയിൽ. 71 പേർക്കു സ്ഥിരീകരിച്ചു; 50 പേർ മരിച്ചു. 2007 ൽ നാദിയയിൽ രോഗം ബാധിച്ച 30 പേരിൽ 5 പേർ മരിച്ചു. 1998 മുതൽ ഇതുവരെ വിവിധ രാജ്യങ്ങളിലായി 477 പേരെ നിപ്പ ബാധിച്ചു; 252 പേർ മരിച്ചു. കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തത് 2018 ൽ കോഴിക്കോട്ട്. 2019 ൽ എറണാകുളത്തും 2021 ൽ വീണ്ടും കോഴിക്കോട്ടും റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തേതുൾപ്പെടെ ഇതുവരെ 20 മരണം.

വൈറസ് ശരീരത്തിലെത്തി 4–21 ദിവസങ്ങൾക്കകം രോഗ ലക്ഷണങ്ങൾ പ്രകടമാകും. പനിയോടു കൂടിയ ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന എന്നിവ പ്രാരംഭ ലക്ഷണങ്ങൾ. രോഗം കൂടിയാൽ ഛർദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസ തടസ്സം എന്നിവയുണ്ടാകാം. രോഗം വന്നാൽ 1–2 ദിവസത്തിനകം ഉണരാത്ത അബോധാവസ്ഥയിലാകാൻ സാധ്യത. തലച്ചോറിനെയും (എൻസഫലൈറ്റിസ്) ശ്വാസകോശത്തെയും ബാധിക്കാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ആരോഗ്യപ്രവർത്തകരെ അറിയിച്ച്, അവരുടെ നിർദേശപ്രകാരം പ്രവർത്തിക്കുക.

രക്തം, മൂത്രം, തൊണ്ടയിലെ സ്രവം, വേണ്ടിവന്നാൽ നട്ടെല്ലിൽ നിന്നുള്ള സാംപിൾ എന്നിവയാണ് പരിശോധിക്കുന്നത്.

പകരുന്നതെങ്ങനെ:

കുറുക്കന്റെ മുഖമുള്ള ‘ഫ്ലയിങ് ഫോക്സ്’ വവ്വാലുകളാണ് വൈറസ് വാഹകർ. ഇവയെ രോഗം ബാധിക്കില്ല. പന്നി, മുയൽ എന്നിവയിൽനിന്നും മനുഷ്യരിലേക്കു പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ, മൂത്രം എന്നിവ കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെ പകരാം. രോഗമുള്ള മനുഷ്യരുമായി മുൻകരുതലില്ലാത്ത സമ്പർക്കത്തിലൂടെയും പകരാം. വായുവിലൂടെ പകരില്ല.

മാസ്കും കയ്യുറകളും ധരിക്കുക. സുരക്ഷിത അകലം പാലിക്കുക. കൈകൾ ഇടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക. നിലത്തു വീണതും പക്ഷിമൃഗാദികൾ കടിച്ചതുമായ പഴങ്ങൾ കഴിക്കരുത്. വവ്വാലുള്ള പ്രദേശങ്ങളിൽ തുറന്ന പാത്രങ്ങളിൽ ശേഖരിക്കുന്ന കള്ള് കുടിക്കരുത്. കിണറുകളിലും മറ്റു ജല സ്രോതസ്സുകളിലും വവ്വാലുകളുടെ കാഷ്ഠവും മൂത്രവും വീഴാതെ സൂക്ഷിക്കണം. പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങളും സാധനങ്ങളും പ്രത്യേകം വൃത്തിയാക്കുക. രോഗം മൂലം മരിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യുമ്പോഴും സുരക്ഷാ മുൻകരുതൽ വേണം. 


Read Previous

മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍ അന്തരിച്ചു

Read Next

ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular