കാനഡ, ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി


ന്യൂഡൽഹി: കാനഡയുടെ ഇന്ത്യയിലെ ഒട്ടേറെ നയതന്ത്ര ഉദ്യോഗസ്ഥരെ മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും സ്ഥലം മാറ്റി. ഡൽഹിക്കു പുറത്തുള്ള നഗരങ്ങളിലെ കോൺസുലേറ്റുകളിൽനിന്നും ട്രേഡ് കമ്മിഷണർ ഓഫിസുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റിയതെന്നറിയുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കാനോ പ്രതികരിക്കാനോ കാനഡ ഹൈക്കമ്മിഷൻ തയാറായില്ല. ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും പ്രതികരിച്ചിട്ടില്ല. കാനഡയിലെ സിടിവിയാണ് ഉദ്യോഗസ്ഥരെ ക്വാലലംപുരിലേക്കും സിംഗപ്പുരിലേക്കും മാറ്റിയതായി റിപ്പോർട്ട് ചെയ്തത്.

ഈ മാസം 10നു മുൻപ് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം നയതന്ത്ര സുരക്ഷ ഉണ്ടാവില്ലെന്നും ഇന്ത്യ കാനഡയ്ക്കു മുന്നറിയിപ്പു നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എത്ര പേർ ഇപ്പോൾ സ്ഥലം വിട്ടുവെന്നു വ്യക്തമല്ല. കാനഡയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിനു തുല്യമായി കനേഡിയൻ ഉദ്യോഗസ്ഥരുടെ എണ്ണം നിജപ്പെടുത്താനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കൂടുതലായതു കൊണ്ടും ‘അവർ നിരന്തരം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതു’ കൊണ്ടുമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.

62 നയതന്ത്ര ഉദ്യോഗസ്ഥരാണ് കാനഡയ്ക്ക് ഇന്ത്യയിലുള്ളത്. കനേഡിയൻ ഹൈക്കമ്മിഷണർ കാമറൺ മക്കെ വൈകാതെ മടങ്ങുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഹൈക്കമ്മിഷനു പുറമേ ബെംഗളൂരു, ചണ്ഡിഗഡ്, മുംബൈ എന്നിവിടങ്ങളിൽ കോൺസുലേറ്റുകളും ഡൽഹി, അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡിഗഡ്, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ ട്രേഡ് കമ്മിഷണർ ഓഫിസുകളുമുണ്ട്.


Read Previous

കണ്ണൂർ സെൻട്രൽ ജയിലിൽ, ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ തീരുമാനിയ്ക്കും

Read Next

ഈ അംഗീകാരം മാറ്റങ്ങൾക്കായി പൊരുതുന്ന ഇറാൻകാർക്ക് കൂടുതൽ കരുത്തും സംഘബോധവും പകരും; നർഗീസ് മുഹമ്മദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular