മിഥുൻ ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയപ്പോൾ ഭാര്യ സെലിൻ സൗദ്യയിലേക്ക് വിമാനം കയറി, തലേ ദിവസം ഭാര്യയും ഭർത്താവും തമ്മിൽ ഫോണിലൂടെ വഴക്കുണ്ടായി: പിറ്റേന്ന് മിഥുൻ ആത്മഹത്യ ചെയ്ത നിലയിൽ, മകൻ കൊല്ലപ്പെട്ട നിലയിലും


ആലപ്പുഴ മാന്നാറിൽ നാല് വയസുകാരനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്ത പിതാവ് എഴുതിയെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മാന്നാറിലെ കുട്ടംപേരൂർ വല്ലത്തേരിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിന് സമീപം ഗുരുതിയിൽ വടക്കേതിൽ കൃപാസദനം സൈമൺ- സൂസൻ ദമ്പതികളുടെ മകൻ മിഥുൻകുമാർ (ജോൺ-34) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്കു മുൻപ് മിഥുൻകുമാൾ തൻ്റെ നാലു വയസ്സുള്ള മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയിരുന്നു.

‘അപ്പൻ്റെയും അമ്മയുടെയും കാര്യമോർത്ത് വിഷമമുണ്ട്. മാപ്പ്. മനസ് പതറിപ്പോയി. ഞാൻ പോകുന്നു. മോനെ പിരിയാൻ വയ്യ…ചെയ്യുന്നത് തെറ്റാണെന്നറിയാമെങ്കിലും അവനെയും ഒപ്പം കൂട്ടുന്നു. ഞങ്ങളെ ഒരുമിച്ച് അടക്കണം. ഞങ്ങളെ പിരിക്കരുത്. മാപ്പ്…മാപ്പ്… എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.’- മിഥുൻ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. മിഥുൻ്റെ മുറിയിലെ മേശപ്പുറത്തെ പുസ്തകത്തിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

മിഥുൻ്റെ ആത്മഹത്യയുടെ കാരണം കുടുബ പ്രശ്നങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി. മിഥുൻ്റെ ഭാര്യ സെലിൻ ഒന്നര വർഷമായി സൗദിയിൽ ജോലി നോക്കുകയാണ്. സൗദി യിൽ നഴ്സാണ് സെലിൻ. മിഥുനും സെലിനും തമ്മിൽ വിവാഹിതരായത് അഞ്ച് വർഷം മുമ്പായിരുന്നു. ഇവർ തമ്മിൽ ഇടയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. സെലിൻ ഇടയ്ക്കിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് മിഥുൻ പോയി തിരികെ കൂട്ടിക്കൊണ്ടുവരികയായിരുന്നു ചെയ്‌തിരുന്നത്.

മിഥുൻ പത്ത് വർഷത്തോളം ഗൾഫിൽ ജോലി ചെയ്തിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. അഞ്ച് വർഷം മുമ്പ് ജോലി മതിയാക്കി നാട്ടിലെത്തി. നാട്ടിൽ പെയിൻ്റിംഗ് ജോലികൾ ചെയ്തു വരികയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. മിഥുൻ നാട്ടിലെ ത്തിയ ശേഷം ഭാര്യയെ ജോലിക്കായി സൗദിയിലേക്ക് വിടുകയായിരുന്നു എന്നാണ് വിവരം. മൂന്ന് മാസം മുമ്പ് വരെ മിഥുനും കുട്ടിയും റാന്നിയിലെ ഭാര്യവീട്ടിലും ഒരു ബന്ധുവീട്ടിലും മാറി മാറിയായിരുന്നു താമസം. സ്വത്ത് പിതാവ് സഹോദരിക്ക് എഴുതിക്കൊടുത്തതിലുള്ള വിരോധത്തിലായിരുന്നു മിഥുൻ വീട് വിട്ടത്. തുടർന്ന് സ്വത്ത് തിരികെ എഴുതി വാങ്ങിച്ചതായി പിതാവ് അറിയിച്ചതോടെ തിരിച്ച് വീട്ടിലെത്തുകയായിരുന്നു.

അതേസമയം, മകനും മരുമകളും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നാണ് മിഥുൻ്റെ പിതാവ് പറയുന്നത്. മരിക്കുന്നതിൻ്റെ തലേദിവസവും ഇരുവരും തമ്മിൽ സംസാരിച്ചിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.ഇന്നലെ രാവിലെ ഒൻപത് മണിയോടു കൂടിയാണ് മിഥുനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരു കൈകളിലേയും ഞരമ്പ് മുറിച്ച മിഥുൻ സാരിയിൽ കെട്ടിത്തൂങ്ങിയാണ് ആത്മഹത്യ ചെയ്തത്.


Read Previous

ഗാസ പിടിച്ചെടുക്കാനോ കൈവശപ്പെടുത്താനോ ആഗ്രഹമില്ല. രണ്ട് ദശലക്ഷത്തിലധികം പലസ്തീനികളെ ഭരിക്കാന്‍ ഇസ്രയേൽ ആ​ഗ്രഹിക്കുന്നില്ലെന്ന് യുഎസിലെ ഇസ്രയേല്‍ സ്ഥാനപതി; ബൈഡനു മറുപടി; നാലുലക്ഷത്തോളം പേര്‍ ഗാസ വിട്ടുപോയതായി റിപ്പോര്‍ട്ടുകള്‍, ഗാസയില്‍ വെടിനിര്‍ത്തല്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

Read Next

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സിഎഎ നടപ്പാക്കാൻ കേന്ദ്രം; സംസ്ഥാനങ്ങള്‍ക്ക് റോളുണ്ടാകില്ല, പോർട്ടൽ ഉടൻ സജ്ജമാക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular