മാസപ്പടി കേസ്; മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന് തിരിച്ചടി


തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നല്‍കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. എന്നാല്‍ വിശദമായ വാദം കേട്ട ആവശ്യം നിരാകരിക്കുകയായിരുന്നു.

കേസ് സംബന്ധിച്ച് മാത്യു കുഴല്‍നാടന്‍ നല്‍കിയ രേഖകള്‍ അന്വേഷണം ആവശ്യപ്പെടാന്‍ പര്യാപ്തമല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.
വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുഴല്‍നാടന്‍ കോടതിയെ സമീപിച്ചത്. പിന്നീട് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്ന് നിലപാടെടുക്കുകയായിരുന്നു.

സി.എം.ആര്‍.എല്ലിന് മുഖ്യമന്ത്രി സഹായം നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ മൂന്ന് രേഖകള്‍ ഹാജരാക്കിയെങ്കിലും അവയിലൊന്നും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്നായിരുന്നു വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചത്. തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്ന് മൂന്ന് ദിവസത്തിനകം എക്കലും മണ്ണും നീക്കംചെയ്യണമെന്ന് നിര്‍ദേശിക്കുന്ന ജില്ലാ കളക്ടറുടെ കത്ത്, കെ.എം.ഇ.ആര്‍.എല്ലിന്റെ കൈവശമുള്ള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളിയതിനെതിരേ ഹൈക്കോടതി നല്‍കിയ അനുകൂല ഉത്തരവ്, ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദപരിശോധന നിര്‍ദേശിച്ചുള്ള സര്‍ക്കാര്‍ കുറിപ്പ് എന്നിവ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ഹാജരാക്കി. ഇതിനെതിരേ സര്‍ക്കാര്‍ വീണ്ടും സി.എം.ആര്‍.എല്ലിന്റെ അപേക്ഷ തള്ളിയ ഉത്തരവ് വിജിലന്‍സും ഹാജരാക്കി.

സി.എം.ആര്‍.എല്ലിന്റെ അപേക്ഷ സര്‍ക്കാര്‍ വീണ്ടും തള്ളിയ സ്ഥിതിക്ക് എന്തു സഹായമാണ് മുഖ്യമന്ത്രി ഇടപെട്ട് സി.എം.ആര്‍.എല്ലിനു നല്‍കിയതെന്ന് വിജിലന്‍സ് കോടതി ജഡ്ജി എം.വി.രാജകുമാര വാദം കേള്‍ക്കവേ ആരാഞ്ഞിരുന്നു.


Read Previous

പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ ഗവണ്‍മെന്റ് സ്ഥാപനമായ ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍; സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകും

Read Next

സ്വകാര്യസന്ദര്‍ശനത്തിന് മുഖ്യമന്ത്രി ദുബായിലേയ്ക്ക്; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങൾ സന്ദർശിയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular