മുഖ്യമന്ത്രിയും മകൾ ടി.വീണയും ഉൾപ്പെട്ട സാമ്പത്തികനേട്ട വിവാദത്തിൽ നിലപാടെടുക്കാതെ സിപിഎം കേന്ദ്ര നേതൃത്വം.


ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി.വീണയും ഉൾപ്പെട്ട സാമ്പത്തികനേട്ട വിവാദത്തിൽ ഇനിയും നിലപാടെടുക്കാതെ സിപിഎം കേന്ദ്ര നേതൃത്വം. പൊളിറ്റ് ബ്യൂറോയിലെ ഏറ്റവും മുതിർന്ന അംഗം ഉൾപ്പെട്ട വിവാദത്തിന്റെ സ്വഭാവവും സംസ്ഥാനഘടത്തിന്റെ ന്യായീകരണങ്ങളും തെറ്റുതിരുത്തൽ രേഖകളിൽ സിപിഎം എടുത്തുപറഞ്ഞ പ്രശ്നങ്ങൾക്ക് അടിവരയിടുന്നതാണ്. 

ലാ‌വ്‌ലിൻ വിവാദമുണ്ടായപ്പോൾ ദേശീയ നേതൃത്വം പല തവണ പരസ്യപ്രസ്താവനയിലൂടെ പിണറായിയെ പിന്തുണച്ചിരുന്നു. എന്നാൽ, ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങളെ ആ ഗണത്തിൽ പെടുത്താനാവില്ലെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. ലാവ്‌ലിൻ പ്രശ്നം വഷളാകാൻ സഹായകമായ വിഭാഗീയത ഇപ്പോഴത്തെ വിവാദത്തിൽ ആരോപിക്കാനാവില്ല. 

ആദായ നികുതി ഇന്റരിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിനെപ്പോലും വ്യാജമെന്നു വ്യാഖ്യാനിക്കുകയെന്ന പ്രായോഗിക മാർഗമാണ് സംസ്ഥാന ഘടകം സ്വീകരിച്ചിട്ടുള്ളതെന്നാണ് നേതാക്കൾ പറയുന്നത്. കാരണം, ഉത്തരവിൽ അൽപമെങ്കിലും കഴമ്പുണ്ട് എന്നു പാർട്ടി സമ്മതിച്ചുപോയാൽ അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി വേണ്ടിവരും. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ കേന്ദ്ര നേതൃത്വം തൽക്കാലം മൗനം പാലിക്കുന്നതാണ് ഉചിതമെന്നാണ് വിലയിരുത്തൽ. 

2009 ഒക്ടോബറിൽ കേന്ദ്ര കമ്മിറ്റി (സിസി) അംഗീകരിച്ച െതറ്റുതിരുത്തൽ രേഖയിൽ പറഞ്ഞത് ഇങ്ങനെയാണ്: ‘പൊതുപദവികൾ വഹിക്കുന്നവരുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പദവി മുതലെടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കുകയോ അവിഹിതമായി സ്വത്തു സമ്പാദിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ജാഗ്രത വേണ്ടതാണ്. അത്തരം കാര്യങ്ങളെക്കുറിച്ചുള്ള പരാതികൾ പരിഗണിച്ച് അന്വേഷണം നടത്താൻ പാർട്ടി സമിതികൾ മടി കാണിക്കുന്നു.’ 

സ്വകാര്യ മേഖല സമൂഹത്തിലെ എല്ലാ രംഗത്തും പിടിമുറുക്കിയെന്നും നിയമപരമായും അല്ലാതെയും പണമുണ്ടാക്കുന്നവർ സഖാക്കളെ സ്വാധീനിക്കുന്ന സ്ഥിതി പാർട്ടിക്കു ശക്തിയുള്ള സംസ്ഥാനങ്ങളിലുണ്ടെന്നും അന്നു സിസി വിലയിരുത്തി. ‘അഴിമതിയുടെയും അധികാര ദുർവിനിയോഗത്തിന്റെയും കേസുകൾ പാർട്ടിയിലും ബഹുജന സംഘടനകളിലുമുണ്ട്. നേതൃപദവികളിലുള്ളവരും പാർട്ടിയിൽ സ്വാധീനമുള്ളവരും ഉൾപ്പെട്ട അത്തരം കേസുകൾ അന്വേഷിക്കുന്നതിന് വിമുഖതയാണ്. ഇത്തരം പ്രവണതകൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വഭാവത്തിനു നിരക്കുന്നതല്ല.’ – തെറ്റുതിരുത്തൽ രേഖയിൽ സിസി പറഞ്ഞു. എണ്ണമറ്റ സഖാക്കൾ ജീവൻ നൽ‍കിയ പാർട്ടിയുടെ ചില നേതാക്കളും കേഡറും കമ്യൂണിസ്റ്റ് മൂല്യങ്ങൾ പാലിക്കാതിരുന്നാൽ അതു പാർട്ടിയുടെ പ്രതിഛായയെത്തന്നെ ബാധിക്കുമെന്ന് അന്ന് സിസി മുന്നറിയിപ്പു നൽകി. 

പ്രധാനപ്പെട്ട പാർട്ടി കേഡറിനെ മുഷിപ്പിക്കാനുള്ള മടി ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് നേതാക്കളുടെ അഴിമതിയെയും നടപടിപ്പിഴവുകളെയും കുറിച്ചുള്ള പരാതികളിൽ കൃത്യമായ നടപടിക്ക് പാർട്ടി സമിതികൾ തയാറാകാത്തത്. രാഷ്ട്രീയക്കാരും ബിസിനസുകാരും തമ്മിലുള്ള കൂട്ടുകെട്ടും ബിസിനസുകാരുടെ ഏജന്റുമാരിൽനിന്നും മറ്റും വൻതോതിൽ പണം കൈപ്പറ്റുന്നതും വർധിച്ചിരിക്കുകയാണ്. പണമിടപാടുകളിലൂടെ ബിസിനസുകാരോടും മറ്റും കടപ്പാടുകളുണ്ടാക്കരുതെന്നും പാർട്ടി രേഖയിൽ പറഞ്ഞു. തെറ്റു തിരുത്തൽ പൊളിറ്റ് ബ്യൂറോയിലും സിസിയിലും നിന്ന് തുടങ്ങണമെന്ന് 2009 ലും 2015 ൽ കൊൽക്കത്ത പ്ലീനത്തിലും പാർട്ടി തീരുമാനിച്ചു. എന്നാൽ, തിരുത്തൽ നിർദേശങ്ങൾ നടപ്പാകാത്ത സ്ഥിതിയിൽ സമയബന്ധിത നടപടി േവണമെന്നാണു കഴിഞ്ഞ വർഷം കണ്ണൂർ പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചത്. 


Read Previous

ഇന്ത്യന്‍ ഉല്‍പന്ന വൈവിധ്യങ്ങളുമായി ലുലു ഇന്ത്യന്‍ ഉത്സവ്; അംബാസഡര്‍ ഉദ്ഘാടനം ചെയ്തു| 2022ല്‍ സൗദി ലുലു ഏകദേശം 58 മില്യണ്‍ യുഎസ് ഡോളറിന്റെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തതായി ലുലു ഹൈപര്‍മാര്‍ക്കറ്റ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ്

Read Next

വാതിലിൽ 5 സുഷിരങ്ങൾ, വെടിയുണ്ടകളുടെ ഭാഗം സണ്ണിയുടെ തലയ്ക്കുള്ളിലും

Leave a Reply

Your email address will not be published. Required fields are marked *

Most Popular