അമ്മാതിരി വര്‍ത്തമാനം വേണ്ടെന്ന് മുഖ്യമന്ത്രി, ഇങ്ങോട്ടും അതു വേണ്ടെന്ന് പ്രതിപക്ഷ നേതാവ്, വാക്‌പോര്; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി


തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15 ന് സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനമായിട്ടുള്ളത്. നേരത്തെ മാര്‍ച്ച് 20 വരെയാണ് ബജറ്റ് സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കു മെന്ന കണക്കുകൂട്ടലിലാണ് സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന് തന്നെ നടക്കും.

ഫെബ്രുവരി 12 മുതല്‍ 15 വരെ ബജറ്റിന്മേല്‍ ചര്‍ച്ച നടക്കും. ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് ബജറ്റിന് ശേഷം സമ്മേളനത്തില്‍ ഇടവേളയുണ്ടായത്. ഇതു തീരുമാനിച്ച കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നു.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രക്ഷോഭയാത്ര കണക്കിലെടുത്ത് സമ്മേളന തീയതി കളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബജറ്റ് രണ്ടാം തീയതിയി ലേക്കും, ബജറ്റിന്മേലുള്ള ചര്‍ച്ച അഞ്ചുമുതല്‍ എട്ടുവരെയുള്ള തീയതികളിലേക്ക് മാറ്റിക്കൂടേയെന്നായിരുന്നു പ്രതിപക്ഷം ചോദിച്ചത്. രാഷ്ട്രീയ പരിപാടികള്‍ക്കായി സഭാസമ്മേളനത്തില്‍ മാറ്റം വരുത്താറുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാര്‍ അതിന് വഴങ്ങാന്‍ കൂട്ടാക്കിയില്ല.

സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിങ്ങളും നല്ല സഹകരണമാണല്ലോ. അമ്മാതിരി വര്‍ത്തമാനമൊന്നും ഇങ്ങോട്ടു വേണ്ടെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇമ്മാതിരി വര്‍ത്തമാനം ഇങ്ങോട്ടും വേണ്ടെന്ന് പ്രതിപക്ഷ നേതാവും മറുപടി നല്‍കി. കാര്യോപദേശക സമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു.


Read Previous

പത്തനംതിട്ടയില്‍ ഗാനമേള ട്രൂപ്പിന്റെ വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു

Read Next

മഞ്ഞില്‍ കുളിച്ച് മൂന്നാര്‍; അതിശൈത്യം; താപനില പൂജ്യത്തിന് താഴെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular