തെലങ്കാനയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കോടീശ്വരന്‍മാര്‍!; വിവേകാനന്ദയുടെ ആസ്തി 600 കോടി; മുഖ്യമന്ത്രിയുടെ ആസ്തി 26.33 കോടി, സ്വന്തമായി കാറില്ല.


ഹൈദരബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി കളില്‍ സമ്പന്നന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജി വിവേകാനന്ദ. ചെന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഇയാളുടെ ആസ്തി 600 കോടിയാണ്. ആസ്തിയില്‍ തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്നെ പി ശ്രീനിവാസ് റെഡ്ഡിയാണ്. ഇയാളുടെ സമ്പാദ്യം 460 കോടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിനുളള നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്ളത്

വിവേകാനന്ദയ്ക്കും ഭാര്യയ്ക്കും കൂടി 377 കോടി വിലമതിക്കുന്ന ജംഗമവസ്തുക്കളുണ്ട്. കൂടാതെ കുടുംബത്തിന് 225 കോടിയുടെ മറ്റ് ആസ്തികളുമുണ്ടെന്നും സത്യവാങ്മൂല ത്തില്‍ പറയുന്നു. 41. 5 കോടിയുടെ കടബാധ്യതയുണ്ട്. വിവേകാനന്ദന്റെ വാര്‍ഷിക വരുമാനം 2019ല്‍ 4.66 കോടിയായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 6.26 കോടി രൂപയായി. ഭാര്യയുടേത് 6.09 കോടി രൂപയില്‍ നിന്ന് 9.61 കോടി രൂപയായി ഉയര്‍ന്നു.

പലൈര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി പി ശ്രീനിവാസ് റെഡ്ഡിയുടെ ആസ്തി 460 കോടിയാണ്. 44 കോടി രൂപ കടബാധ്യതയുണ്ട്. നാമനിര്‍ദശ പത്രിക സമര്‍പ്പിക്കുന്ന നവംബര്‍ ഒന്‍പതിന് റെഡ്ഡിയുടെ വീടുകളിലും ഓഫീസുകളിലും അദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് റെഡ്ഡി പറഞ്ഞു. മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാജ്‌ഗോപാല്‍ റെഡ്ഡിയുടെ ആസ്തി 71. 17 കോടിയാണ്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ആസ്തി 26.33 കോടി രൂപയാണ്് 17.83 കോടിയുടെ ജംഗമ സ്വത്തുക്കളും 8.50 കോടിയുടെ സ്ഥാവര വസ്തുക്കളുമാണ് ഉളളത്. ഭാര്യ ശോഭയുടെ പേരില്‍ 7 കോടിയുടെ സ്വത്തുക്കളാണ് ഉളളത്. തെലങ്കാന മുഖ്യമന്ത്രിക്ക് സ്വന്തമായി കാറില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ആകെ 17 കോടിയുടെ ബാധ്യതകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

തെലങ്കാനയിലെ 119 നിയമസഭാ സീറ്റുകളിലേക്ക് 4,798 സ്ഥാനാര്‍ത്ഥികളാണ് പട്ടിക സമര്‍പ്പിച്ചത്. നവംബര്‍ 13നാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 15. നവംബര്‍ 30ന് വോട്ടെടുപ്പും ഡിസംബര്‍ മൂന്നിന് വോട്ടെണ്ണലും നടക്കും.


Read Previous

നാടുകാണി ചുരത്തില്‍ നിന്നും മൃതദേഹം കണ്ടെടുത്തു, അഴുകിയ നിലയില്‍; ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ്

Read Next

കേരളത്തിൽ കൃഷിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല, അരി തമിഴ്നാട്ടിൽ നിന്ന് വരും: വീണ്ടും വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular