കോവിഡ് കേസുകള്‍ ഉയരുന്നു; രാജ്യത്ത് 841 പുതിയ കേസുകള്‍, 3 മരണം, 178 പേരില്‍ ജെഎന്‍ 1 വകഭേദം


രാജ്യത്ത് 841 പുതിയ കോവിഡ് -19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 227 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 3,997 ല്‍ നിന്ന് 4,309 ആയി ഉയര്‍ന്നു. വൈറസ് ബാധ മൂലം രാജ്യത്ത് മൂന്ന് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേരളം, കര്‍ണാടക, ബിഹാര്‍ എന്നിവിട ങ്ങളിലാണ് കോവിഡ് മരണമുണ്ടായത്. ഞായറാഴ്ച രാവിലെ 8 മണി വരെയുള്ള കണക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ടത്.

ശനിയാഴ്ച, ഇന്ത്യയില്‍ 743 പുതിയ കോവിഡ് -19 കേസുകളും ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡിസംബര്‍ 5 വരെ പ്രതിദിന കേസുകള്‍ ഇരട്ട അക്കത്തിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ അടുത്തിടെയായി പ്രതിദിന കേസുകളുടെ വര്‍ധനവ് ആശങ്ക ഉയര്‍ത്തുകയാണ്. 2020 ജനുവരിയില്‍ കൊവിഡ് വ്യാപനത്തിന് പിന്നാലെ ഇന്ത്യയില്‍ 4.50 കോടി (4,50,13,272) കോവിഡ് കേസുകളും 5,33,361 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച വരെ ഒമ്പത് സംസ്ഥാനങ്ങളില്‍ ജെഎന്‍.1 സബ് വേരിയന്റിന്റെ 178 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗോവയിലാണ് ഏറ്റവുമധികം കേസുകള്‍. 47 പേര്‍ക്കാണ് ഗോവയില്‍ മാത്രം കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചത്, 41 കേസുകള്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ 36, കര്‍ണാടകയില്‍ 34, മഹാരാഷ്ട്രയില്‍ ഒമ്പത്, രാജസ്ഥാനിലും തമിഴ്നാട്ടിലും നാല് വീതം, തെലങ്കാനയില്‍ നിന്ന് രണ്ട്, ഡല്‍ഹിയില്‍ നിന്ന് ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. കോവിഡ് കേസുകളുടെ വര്‍ധനയ്ക്കിടെയിലും ഇന്ത്യയുടെ രോഗമുക്തി നിരക്ക് 98.81 ശതമാനമായി ഉയര്‍ന്നതാണ് ഏറ്റവും വലിയ ആശ്വാസം. 4.44 കോടി (4,44,75,602) പേരാണ് സുഖംപ്രാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യവ്യാപകമായി വാക്‌സിനേഷന്‍ കാമ്പെയ്നിന്റെ ഭാഗമായി 220.67 കോടി ഡോസ് കോവിഡ് -19 വാക്‌സിനുകള്‍ നല്‍കി.

പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും വൈറസ് കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ കോവിഡ് -19 സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണ മെന്നും ആരോഗ്യമന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായമായവരോടും മറ്റ് അസുഖങ്ങളുള്ളവരോടും തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കാനും മാസ്‌ക് ധരിക്കാനും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. അതേസമയം കടുത്ത നിയന്ത്രണങ്ങളിലേക്ക് തല്‍ക്കാലം കടക്കേണ്ടതില്ലെന്ന നിലപാടിലാണ് അധികൃതര്‍.

എന്താണ് ജെഎൻ.1 സബ് വേരിയന്റ്?

കഴിഞ്ഞ ഓഗസ്റ്റിലാണ് ജെഎൻ.1 സബ് വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ.2.86ൽ നിന്നാണ് ഇത് രൂപപ്പെട്ടത്. 2022 ന്റെ തുടക്കത്തിൽ, ബിഎ.2.86 ആണ് കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമായത്. എന്നാൽ വലിയ വ്യാപനത്തിന് ബിഎ.2.86 കാരണമായില്ലെന്ന് പറയാം. എന്നാൽ ജെഎൻ.1-ന്റെ സ്പൈക്ക് പ്രോട്ടീനിൽ ഒരു അധിക മ്യൂട്ടേഷൻ ഉള്ളതിനാൽ ഇത് വിദഗ്ധരെ ആശങ്കയിലാക്കുന്നു. അതേസമയം ജെഎൻ.1 സബ് വേരിയന്റ് എന്തെങ്കിലും കാര്യമായ ഭീഷണി ഉയർത്തുമെന്ന് ഡബ്ല്യുഎച്ചഒയ്ക്ക് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.


Read Previous

പെണ്‍മക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി, സംഭവം പിറവത്ത്

Read Next

റഷ്യയ്ക്ക് നേരെ യുക്രൈന്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു; സംഭവം തന്ത്രപ്രധാനമായ ബെല്‍ഗൊറോഡില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular