മൂന്നാറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്ന് സിപിഎം; ആര്‍ക്കും ഉറപ്പു നല്‍കിയിട്ടില്ലെന്നും നടപടി തുടരുമെന്നും ജില്ലാ കളക്ടര്‍


ഇടുക്കി: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടറുടെ ഉറപ്പു ലഭിച്ചെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുമെന്ന ഉറപ്പ് ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ദൗത്യം തുടരുമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് വ്യക്തമാക്കി.

കയ്യേറ്റം ഒഴുപ്പിക്കുന്നതിനെതിരെ നേരത്തെ സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിവി വര്‍ഗീസിന്റെ പ്രതികരണം. ചിന്നക്കനാലിലെ കുടിയേറ്റം ഒഴിപ്പിക്കല്‍ കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമായിട്ടാണ് കണക്കാക്കുന്നതെന്ന് സി.വി വര്‍ഗീസ് പറഞ്ഞു.

കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കാവു എന്നതാണ് പാര്‍ട്ടി നിലപാട്. ഇത് ജില്ലാ കളക്ടറെ ബോധിപ്പിച്ചിട്ടുണ്ട്. ചിന്നക്കനാലില്‍ മറ്റൊരിടത്തും നടപടികളിലേക്ക് കടക്കില്ലെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയതായും കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും സി.വി വര്‍ഗീസ് പറഞ്ഞു.

സി.വി വര്‍ഗീസിന്റെ പ്രസ്താവന പുറത്തു വന്നതിന് പിന്നാലെയാണ് ഇടുക്കി ജില്ലാ കളക്ടറുടെ പ്രതികരണമുണ്ടായത്. ദൗത്യം നിര്‍ത്തും എന്ന് ഉറപ്പ് നല്‍കിയിട്ടില്ലെന്നും നടപടികളുമായി മുന്നോട്ടു പോകുമെന്നും ഇടുക്കി കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. കോടതി നിരീക്ഷണത്തിലുള്ള കാര്യമാണ്. അതിനാല്‍ തനിക്ക് ഉറപ്പു നല്‍കാന്‍ കഴിയില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.ചിന്നക്കനാലില്‍ അടിമാലി സ്വദേശിയുടെ അഞ്ച് ഏക്കര്‍ കയ്യേറ്റ ഭൂമിയാണ് ഒഴിപ്പിച്ചത്. തഹസില്‍ദാറുടെ നേതൃത്വത്തിലെത്തിയ സംഘം രാവിലെയാണ് ഒഴിപ്പിക്കല്‍ നടപടിയാരംഭിച്ചത്.


Read Previous

സ്ഥാനാര്‍ത്ഥികളെ ചൊല്ലി തര്‍ക്കം; രാജസ്ഥാനില്‍ കോണ്‍ഗ്രസ് പട്ടിക വൈകുന്നു

Read Next

നൂറ്റാണ്ടിന്‍റെ വിപ്ലവ സൂര്യന്‍; നൂറിന്‍റെ നിറവില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular