ഡാമേജിലും കുപ്പി പൊതിയുന്ന കടലാസിലും വരെ വെട്ടിപ്പ്, മദ്യത്തിന്റെ പണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക്; ‘ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ്’, തട്ടിപ്പ് ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷന്‍ മൂണ്‍ ലൈറ്റ് എന്ന പേരില്‍ സംസ്ഥാനത്തെ 78 ഔട്ട്‌ലെറ്റുകളിലാണ് പരിശോധന നടത്തിയത്.

നേരത്തെ നടത്തിയ പരിശോധനകളിലൂടെ കണ്ടെത്തിയ ക്രമക്കേടുകളുടെയും വിവിധ പരാതികളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. എറണാകുളം ജില്ലയിലെ രണ്ടിടത്താണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. എറണാകുളത്ത് എട്ടിടത്താണ് പരിശോധന നടത്തിയത്. ഇതില്‍ ഇലഞ്ഞിയിലും നോര്‍ത്ത് പറവൂരിലുമാണ് തട്ടിപ്പ് കണ്ടെത്തിയത്.

ഇവിടങ്ങളില്‍ മദ്യത്തിന് ഉയര്‍ന്ന വിലയാണ് ഈടാക്കിയത്. നേരിട്ടോ, സൈ്വപ്പിങ് മെഷീന്‍ വഴിയോ ആണ് പണം വാങ്ങേണ്ടത്. പകരം ജീവനക്കാര്‍ അവരുടെ യുപിഐ സംവിധാനം ഉപയോഗിച്ചാണ് മദ്യത്തിന് പണം വാങ്ങിയിരിക്കുന്നത്. സാധാരണയായി പരിശോധനയില്‍ പണത്തിന്റെ കുറവാണ് സംഭവിക്കാറ്. എന്നാല്‍ ഇലഞ്ഞിയിലും നോര്‍ത്ത് പറവൂരിലും നടത്തിയ പരിശോധനയില്‍ രേഖകളില്‍ നിന്ന് വ്യത്യസ്തമായി അധിക പണമാണ് ലഭിച്ചത്. ഇലഞ്ഞിയില്‍ 10,000 രൂപയും നോര്‍ത്ത് പറവൂരില്‍ 17,000 രൂപയുമാണ് അധികമായി കണ്ടെത്തിയത്. മദ്യത്തിന് ഉയര്‍ന്ന വില ഈടാക്കിയത് വഴിയാകാം അധിക പണം ലഭിച്ചതെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. അല്ലെങ്കില്‍ മറ്റു ക്രമക്കേടുകള്‍ നടന്നിരിക്കാം. ഇതുസംബന്ധിച്ച് വിശദമായ പരിശോധനയിലേക്ക് വിജിലന്‍സ് കടന്നിട്ടുണ്ട്.

കോട്ടയത്ത് നടത്തിയ പരിശോധനയില്‍ പൂഴ്ത്തിവയ്പ് ആണ് കണ്ടെത്തിയത്. ആവശ്യപ്പെട്ട് വരുന്നവര്‍ക്ക് കിങ് ഫിഷര്‍ ബിയറിന്റെ 15 കെയ്‌സുകള്‍ ഉള്ളപ്പോള്‍ അത് നല്‍കാതെ മറ്റു ബ്രാന്‍ഡുകളുടെ കുപ്പികള്‍ കൈമാറുന്നു. കമ്മീഷന്‍ ലഭിക്കുന്നത് കൊണ്ടാണ് മറ്റു ബ്രാന്‍ഡുകളുടെ കുപ്പികള്‍ നല്‍കുന്നത് എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഡാമേജ് ഇനത്തില്‍ മാസം 10000 രൂപ എഴുതിയെടുക്കാം. ഇതിലും ക്രമക്കേട് നടക്കുന്നതായാണ് കണ്ടെത്തല്‍.

ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ ഡാമേജ് ആയ കുപ്പികള്‍ പരിശോധിച്ചപ്പോള്‍ അത് വിവിധ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിറ്റ കുപ്പികളാണ് എന്ന് കണ്ടെത്തി. പുറത്ത് ആരെയെങ്കിലും നിയോഗിച്ച് ശേഖരിച്ച് ഇവിടെ കൊണ്ടുവന്നിടുന്ന കുപ്പികളാണ് ഇത്. ഇത് കാണിച്ച് മാസംതോറും പതിനായിരം രൂപ എഴുതിയെടുക്കുന്നതായാണ് കണ്ടെത്തല്‍. കുപ്പി പൊതിയാന്‍ വാങ്ങുന്ന കടലാസ് വാങ്ങുന്നതിലും വെട്ടിപ്പ് നടക്കുന്നുണ്ട്. കോട്ടയത്ത് 120 കിലോ കടലാസ് വാങ്ങിയതായി കാണിച്ച് 3000 രൂപ വാങ്ങിയതായി കാണിച്ചിരിക്കുന്നു. എന്നാല്‍ പരിശോധനയില്‍ 15 കിലോ കടലാസ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. സ്‌റ്റോക്കിലും വെട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം.


Read Previous

ഉന്നം വീണ്ടും പൊന്നില്‍ തറച്ചു’- ഇന്ത്യക്ക് ഷൂട്ടർമാരുടെ ഏഴാം സുവര്‍ണ സമ്മാനം; 11ാം സ്വര്‍ണം

Read Next

ശൈലജയും ശ്രീമതിയും പ്രചോദനം, അവരേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് ലക്ഷ്യം’ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular