ഷംസുക്കാന്റെ ചായക്കട’യിൽ ദിവസവും പത്ത് പേർക്ക് സൗജന്യ ഭക്ഷണം, അന്നം വിളമ്പുന്ന അദൃശ്യ കരങ്ങൾ ആര്?; ഹോട്ടലുടമയായ ഷംസുക്കയ്‌ക്കോ, സഹോദരൻ നാസറിനോ ഉത്തരമില്ല.


കൊച്ചി കലൂരിൽ ദിവസവും 10 വയറുകളെങ്കിലും വിശന്നിരിക്കാൻ സമ്മതിക്കാത്ത ഒരിടമുണ്ട്. ‘ഷംസുക്കാന്റെ ചായക്കട’യിൽ ദിവസവും പത്ത് പേർക്ക് സൗജന്യ ഭക്ഷണം വിളമ്പുമ്പോഴും ആരാണ് അത് നൽകുന്നതെന്ന ചോദ്യത്തിന് ഹോട്ടലുടമയായ ഷംസുക്കയ്‌ക്കോ, സഹോദരൻ നാസറിനോ ഉത്തരമില്ല, അവരെ അതൊട്ട് അലട്ടുന്നുമില്ല എന്നതാണ് വാസ്‌തവം. കലൂർ അശോക റോഡിലെ ഈ ഹോട്ടലിന് മുൻപിൽ ‘സൗജന്യ ഉച്ചഭക്ഷണം ദിവസവും 10 പേർക്ക്‌’ എന്ന ബോർഡ് കാണുമ്പോൾ മനസൊന്ന് നിറയും.

“വയറ് നിറയ്ക്കാൻ ആരെക്കൊണ്ട് പറ്റും, പക്ഷേ കഴിക്കുന്നവരുടെ മനസ് നിറയ്ക്കണം” ഉസ്‌താദ്‌ ഹോട്ടലിലെ തിലകന്റെ കഥാപാത്രം കൊച്ചുമകനായ ദുൽഖറിന്റെ കഥാപാത്രത്തോട് പറയുന്ന ഈ വാക്കുകൾ ഇവിടെ സത്യമാവുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ പത്ത് പേർക്കുള്ള ഭക്ഷണം സൗജന്യമായി നൽകി പോരുന്നു.

എല്ലാ തിങ്കളാഴ്‌ചയും ഷംസുക്കയുടെ കടയിലേക്ക് ഒരാൾ വരും, പണവുമായി. അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ സുഹൈലാണ് ഇവിടെ പണമെത്തിക്കുന്നത്. എന്നാൽ ആരാണ് അത് കൊടുത്തു വിടുന്നതെന്ന് സുഹൈലിനല്ലാതെ മറ്റാർക്കും അറിയില്ല. ആദ്യമൊക്കെ ഷംസുക്കയും, നാസറും ഒരുപാട് ചോദിച്ചെങ്കിലും പിന്നീട് അവരും അത് മറന്നു. തരുന്നത് ആരായാലും അതൊരു നിയോഗം പോലെ നടപ്പാക്കേണ്ട ചുമതല തങ്ങളിലേക്ക് വന്നതിൽ അവർ സന്തോഷവാന്മാരാണ്. ദൂരദേശങ്ങളിൽ നിന്ന് കൊച്ചിയിലെത്തിയവർക്കും, അന്നത്തിന് വഴിയില്ലാതെ വലയുന്നവർക്കും വലിയ ആശ്രയമാണ് ഇവിടമിപ്പോൾ.

സാമ്പാറും മീൻചാറും അച്ചാറും മീൻവറുത്തതും ചേർന്ന നാടൻ ഊണാണ് ലഭിക്കുക. ഒരു ഊണിന് 40 രൂപയാണ് ഇവിടുത്തെ സാധാരണ റേറ്റ്. എന്നാൽ സൗജന്യ ഭക്ഷണം കഴിക്കാനെത്തുന്നവർ മൂന്ന്‌ നിബന്ധനകൾ പാലിക്കണമെന്ന് മാത്രം. മദ്യപിച്ചെത്തുന്ന വർക്ക് ഭക്ഷണമില്ല, സൗജന്യഭക്ഷണം പാഴ്‌സലിൽ നൽകില്ല, സ്വയം വിളമ്പി കഴിക്കണം. 1990ല്‍ തുടങ്ങിയതാണ് ഈ ഹോട്ടൽ. പലചരക്ക് കടയായിട്ടായിരുന്നു തുടക്കം. പിന്നീട് ഹോട്ടലാക്കി മാറ്റി. കടയ്ക്കു പിറകില്‍ തന്നെയുള്ള വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത് എന്ന പ്രത്യേകതയുമുണ്ട്.


Read Previous

സോളാർ ഗൂഢാലോചനക്കേസിൽ ഗണേഷ്‌ കുമാറിന് വീണ്ടും തിരിച്ചടി: നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ച് കോടതി

Read Next

‘യുദ്ധാനന്തരം വെസ്റ്റ് ബാങ്കിനൊപ്പം ഗാസയെയും ചേര്‍ത്ത് പാലസ്തീന്‍ അതോറിറ്റി ഭരണം നടത്തണം’: നയം വ്യക്തമാക്കി അമേരിക്ക.’ഇപ്പോഴത്തെ പ്രതിസന്ധിക്ക് ശേഷമുള്ള ഭരണം പാലസ്തീനികളുടെ ശബ്ദങ്ങളും അഭിലാഷങ്ങളും ഉള്‍ക്കൊള്ളുന്നതാകണം’- ആന്റണി ബ്ലിങ്കന്‍. നീക്കം പലസ്തീന്‍ സ്വതന്ത്രരാജ്യ രൂപികരണത്തിലേക്കോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular