ഡിസംബറിന്‍റെ’ നഷ്ടം; ലീഡര്‍ മണ്‍മറഞ്ഞിട്ട് 13 വര്‍ഷം തികയുന്നു. ഓര്‍മയിലൂടെ..


എന്താണ്‌ നേതൃത്വമെന്നും നേതൃപാടവമെന്നും നേതാക്കളെ പഠിപ്പിച്ച ദ്രോണാചാര്യരായിരുന്നു കണ്ണോത്ത്‌ കരുണാകരമാരാര്‍ എന്ന കെ.കരുണാകരന്‍ നമ്മുടെ നാട്ടില്‍ സഖാക്കള്‍ ഒരുപാടുണ്ട്. എന്നാല്‍ ‘സഖാവ്’ എന്ന പേരുകൊണ്ട് അറിയപ്പെടുന്നത് ഒരാള്‍ മാത്രം- പി. കൃഷ്ണപിള്ള. അതുപോലെ പത്രാധിപന്മാര്‍ കേരളത്തില്‍ ഒരുപാടുണ്ട്.എന്നാല്‍ ‘പത്രാധിപര്‍’ എന്ന് പറഞ്ഞാല്‍ അത് കെ. സുകുമാരന്‍ മാത്രം. നേതാക്കന്മാര്‍ക്കിടയിലെ നേതാവായി ഒരാള്‍ മാത്രമേയുള്ളൂ. അതായത് ‘ലീഡര്‍’ എന്നു പറഞ്ഞാല്‍ കെ.കരുണാകരന്‍ എന്നാണര്‍ത്ഥം. ഡിസംബര്‍ 23 കേരളിയ പൊതുസമൂഹത്തെ ദുഖത്തിലാഴത്തി ലീഡര്‍ കടന്നു പോയിട്ട് 13 വര്‍ഷം തികയുന്നു

ഒരു സാധാരണപ്രവര്‍ത്തകനായി തുടങ്ങി അക്ഷീണയത്‌നവും അചഞ്ചലമായ ആദര്‍ശനിഷ്ഠയുംകൊണ്ട് ഇന്ത്യ ഭരിക്കുന്ന കോണ്‍ഗ്രസിന്റെ നെടുംതൂണുകളില്‍ ഒന്നായി മാറിയ നേതാവാണ് കരുണാകരന്‍….> . . സി. ശങ്കരന്‍ നായര്‍ മുതല്‍ എ .കെ .ആന്റണി വരെ നീളുന്ന നേതാക്കള്‍ കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയില്‍ എത്തിയിട്ടുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത സവിശേഷമായ തന്ത്രശാലിത്വവും സാമര്‍ത്ഥ്യവും കൊണ്ട് ആറു പതിറ്റാണ്ടുകാലം രാഷ്ട്രീയത്തെ നിയന്ത്രിച്ച നേതാവാണ് കരുണാകരന്‍

ചുമരെഴുതിയും മെഗാഫോണ്‍വിളിച്ചും നൂല്‍നൂറ്റും ഖാദിവിറ്റും അണികളില്‍ അണുവായി ജീവിച്ചുവളര്‍ന്നു വലുതായ കരുണാകരന്റെ വിജയരഹസ്യം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് എന്നും പാഠമാണ്. എങ്ങനെ ഇങ്ങനെയൊക്കെയായി എന്ന് കരുണാകരനോട് ആരെങ്കിലും ചോദിച്ചാല്‍ അദ്ദേഹം പറയുന്ന മറുപടി ഇതായിരുന്നു. ”എല്ലാ മാസവും ആദ്യദിവസം തിരുനടയിലും എല്ലാദിവസവും ആദ്യമണിക്കൂറുകളില്‍ പൂജാമുറിയിലും ഞാന്‍ ഭജിക്കുന്ന ഗുരുവായൂരപ്പന്റെ കടാക്ഷം.” ഏത് രംഗത്തും എന്തിനെക്കാളും ശക്തിപകരാന്‍ ദൈവാശ്രയത്തിനു കഴിയുമെന്ന് വിശ്വസിക്കുന്ന ഈ നേതാവിന് മതം ഒരു ഉപാധിയാണ്. ലക്ഷ്യമോ മാര്‍ഗ്ഗമോ അല്ല. എതിര്‍പ്പുകളെ ഉയര്‍ച്ചയിലേക്കുള്ള പടവുകളാക്കി മാറ്റാന്‍ അസാധാരണമായ ആ ഇച്ഛാശക്തിക്ക് താങ്ങായി ഈശ്വരവിശ്വാസത്തെ അദ്ദേഹം മുറുകെപ്പിടിച്ചു. ഇന്ത്യയില്‍ത്തന്നെ ആര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടങ്ങള്‍ കരുണാകരന്റെ കൈവെള്ളയിലുണ്ട്. കാല്‍നൂറ്റാണ്ടിലേറെക്കാലം തുടര്‍ച്ചയായി കേരളത്തില്‍ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷിനേതാവായിരിക്കാന്‍ അവസരം ലഭിച്ച ഏകനേതാവാണ് കരുണാകരന്‍.

നാലുതവണ മുഖ്യമന്ത്രിയാകാനും അദ്ദേഹത്തിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. 27 കൊല്ലം ഒരു നിയോജകമണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിച്ച അപൂര്‍വ്വഭാഗ്യവും അദ്ദേഹത്തിന്റേതുമാത്രം. രണ്ടുനിയോജകമണ്ഡലങ്ങളില്‍നിന്ന് ഒരേസമയം തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് അദ്ദേഹം. 70 വര്‍ഷമായി വഹിക്കുന്ന കോണ്‍ഗ്രസ് അംഗത്വം, അരനൂറ്റാണ്ടിലേറെയായി കെ.പി.സി.സി അംഗം, കാല്‍നൂറ്റാണ്ടിലേറെ ക്കാലം പ്രവര്‍ത്തകസമിതി അംഗം, കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് അംഗം. എന്നാല്‍ ഒരിക്കല്‍പോലും കെ.പി.സി.സിയുടെ പ്രസിഡന്റായോ ജനറല്‍ സെക്രട്ടറിയായോ അദ്ദേഹം ഇരുന്നിട്ടില്ല.

നിരവധി പ്രസിഡണ്ടുമാരെയും ജനറല്‍ സെക്രട്ടറിമാരെയും സൃഷ്ടിച്ചിട്ടുണ്ട്. ജയാപ ജയങ്ങളില്‍ പതറാതെ നില്‍ക്കാന്‍ കരുണാകരന് കഴിയും. കെ. കേളപ്പനും പട്ടം താണുപിള്ളയും ടി.എം. വര്‍ഗീസും കെ.എ. ദാമോദരമേനോനും ആര്‍. ശങ്കറും കോണ്‍ഗ്രസിനെ ഉപേക്ഷിക്കുകയും തള്ളിപ്പറയുകയും ചെയ്ത ഘട്ടകളുണ്ടായി. പനമ്പിള്ളിയും സി. കേശവനും പി.ടി. ചാക്കോയും നിഷ്‌ക്രിയരായ കാലമുണ്ട്. എന്നാല്‍ പ്രളയത്തിലും കൊടുങ്കാറ്റിലും വന്‍മരങ്ങള്‍ കടപുഴകി വീഴുമ്പോള്‍ പുഞ്ചിരിച്ചു നില്ക്കുന്ന പുല്‍ക്കൊടിയെപ്പോലെ കരുണാകരന്‍ കോണ്‍ഗ്രസുകാരനായി ജീവിക്കാന്‍ ശ്രമിച്ചു. 67-ല്‍ അടിതെറ്റിവീഴുകയും 69-ലും 78-ലും പിളരുകയും ചെയ്ത കോണ്‍ഗ്രസിനെ ഒരു രാഷ്ട്രീയ ശക്തിയായി നിലനിര്‍ത്തിയതില്‍ കരുണാകരന്‍ നിര്‍വ്വഹിച്ച പങ്ക് ചെറുതല്ല. എട്ടാം ക്ലാസില്‍ നിലച്ച വിദ്യാഭ്യാസവും കണ്ണില്‍ വെള്ളം നിറയുന്ന രോഗവുമായി പതിമൂന്നുകാരനായ കണ്ണോത്ത് കരുണാകരന്‍ കണ്ണൂരില്‍നിന്ന് തൃശൂരില്‍ എത്തുന്നതോടെയാണ് ചരിത്രം ആരംഭിക്കുന്നത്.

വടകര തഹസീല്‍ദാറായിരുന്നു കരുണാകരന്റെ അച്ഛന്‍ രാമുണ്ണിമാരാര്‍. അമ്മ കല്യാണിയമ്മ. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ 1918 ജൂലായ് അഞ്ചിന് കാര്‍ത്തിക നക്ഷത്രത്തില്‍ പിറന്ന കരുണാകരന് മൂന്ന് സഹോദരന്മാരാണുള്ളത്. ഏക സഹോദരി നേരത്തെ മരിച്ചു. വടകര പ്രൈമറി സ്‌കൂളിലും തലശ്ശേരി ചിറക്കല്‍ ഹൈസ്‌കൂളുക ളിലും പഠിച്ചു. കണ്ണില്‍ വെള്ളംനിറയുന്ന അസുഖംമൂലം പഠിപ്പു മുടങ്ങി. ഔപചാരിക വിദ്യാഭ്യാസത്തെക്കാളേറെ ജീവിതാനുഭവംകൊണ്ടും ധിഷണയെക്കാളേറെ സഹജാവ ബോധംകൊണ്ടും പിന്നീട് വിജയത്തിന്റെ പടവുകളേറിയ കരുണാകരന്റെ ജീവിത ത്തിലെ വഴിത്തിരിവുകളില്‍ ഒന്നായി തീര്‍ന്നു തൃശൂരിലേക്കുള്ള യാത്ര. വെള്ളാനിക്കരയില്‍ കരുണാകരന്റെ അമ്മാവന്മാരുണ്ടായിരുന്നു. പുത്തന്‍വീട്ടില്‍ രാഘവന്‍നായരും, ഗോവിന്ദമാരാരും. തൃശൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ചേര്‍ന്ന് പഠനം തുടരാന്‍ ശ്രമിച്ചെങ്കിലും അസുഖം കലശലായപ്പോള്‍ പഠിപ്പ് പിന്നെയും മുടങ്ങി. രോഗം ചികിത്സിച്ചു മാറ്റിയെങ്കിലും സ്‌കൂള്‍ പഠനത്തിനുള്ള കാലം കഴിഞ്ഞതിനാല്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചിത്രരചന പഠിക്കാന്‍ ചേര്‍ന്നു.

കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ആറു പതിറ്റാണ്ട് നിറഞ്ഞുനില്ക്കാന്‍ കഴിഞ്ഞ കരുണാകരന്‍ ചിത്രരചനാ പഠനം പൂര്‍ത്തിയാക്കുകതന്നെ ചെയ്തു. ഡിസൈന്‍ ജ്യോമിട്രി, പെയിന്റിംങ് ഫ്രീഹാന്‍ഡ് എന്നിവയിലായിരുന്നു കരുണാകരന്റെ ഡിപ്ലോമ. ആ തൊഴിലില്‍ തുടര്‍ന്നു പോയിരുന്നെങ്കില്‍ നല്ല ഒരു എണ്ണച്ചായാ ചിത്രകാരനായി കരുണാകരന്‍ അറിയപ്പെടുമായിരുന്നു. എന്നാല്‍ കാത്തുനില്ക്കുന്ന അനേകായിരം കണ്ണുകള്‍ക്കു മുന്നിലൂടെ അക്കാലത്ത് ഒരുദിവസം ട്രെയിനില്‍ തൃശൂര്‍ വഴി കടന്നുപോയ മഹാത്മഗാന്ധിയെ കണ്ട കൊച്ചു കരുണാകരന്റെ ജീവിത ചിത്രം മുഴുവന്‍ മാറ്റിവരയ്ക്കപ്പെടുകയായിരുന്നു.

മുട്ടേടത്ത് നാരായണന്റെ നേതൃത്വത്തില്‍ 19-ാം വയസ്സില്‍ കരുണാകരന്‍ കോണ്‍ഗ്രസ് അംഗമായി.   1937 ല്‍ തൃശൂര്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി നേതൃനിരയിലേക്ക് ആദ്യപടിചവിട്ടി. ഹരിപുര കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം നാട്ടുരാജ്യങ്ങള്‍ക്ക് പ്രത്യേക സംഘടനകള്‍ രൂപീകൃതമായപ്പോള്‍ 1940 ല്‍ രൂപംകൊണ്ട കെ.പി.സി.സിയില്‍ കരുണാകരന്‍ അംഗമായി. ഇരിങ്ങാലക്കുടയില്‍ പ്രജാമണ്ഡലം സമ്മേളനം നിരോധിക്കപ്പെട്ട 42 ല്‍ നിരോധനം ലംഘിച്ച് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തില്‍ കരുണാകരനുമുണ്ടായി.

വിയ്യൂര്‍ ജയിലില്‍ ഒന്‍പതുമാസം കിടന്ന കരുണാകരന്‍ പ്രതിസന്ധികളെ അവസരങ്ങളായി കാണാന്‍ അഭിലഷിച്ചു. ജയിലില്‍ ഒപ്പമുണ്ടായിരുന്ന പനമ്പിള്ളി, കൃഷ്ണനെഴുത്തച്ഛന്‍, സി. അച്യുതമേനോന്‍, കെ.എന്‍. നമ്പീശന്‍ തുടങ്ങിയ നേതാക്കന്മാരുമായി സൗഹൃദം സ്ഥാപിച്ചു. സീതാറാം മില്‍ സമരത്തിലും വിമോചനസമരത്തിലും പങ്കെടുത്ത് അറസ്റ്റുവരിച്ച കരുണാകരന് തടവ് ജീവിതം കൂടുതല്‍ ഊര്‍ജ്ജം പകരുകയായിരുന്നു.  കേരള ലേബര്‍ കോണ്‍ഗ്രസ് രൂപംകൊണ്ടപ്പോള്‍ (1944) അതിന്റെ സെക്രട്ടറിയായി. സീതാറാം മില്‍, അളഗപ്പ ടെക്‌സ്റ്റൈല്‍, വെള്ളാനിക്കര തട്ടില്‍, മേപ്പാടം, പാലപ്പിള്ളി എസ്റ്റേറ്റുകള്‍, അന്തിക്കാട് ചെത്ത് തൊഴിലാളി യൂണിയന്‍, തൃശൂര്‍ പീടികത്തൊഴിലാളി യൂണിയന്‍, കണ്ടശാംകടവ് ചകിരിത്തൊഴിലാളി യൂണിയന്‍ എന്നിവയെല്ലാം കരുണാകരന്റെ സംഘടനാസാമര്‍ത്ഥ്യത്തില്‍നിന്ന് ഉയര്‍ന്നുവന്നവയാണ്.

എനിക്കൊരു വോട്ട്’ എന്ന അഭ്യര്‍ത്ഥനയുമായി ചെമ്പുക്കാവ് മുന്‍സിപ്പല്‍ വാര്‍ഡിലെ സമ്മതിദായകരെ ആദ്യമായി കരുണാകരന്‍ സമീപിച്ചത് 1945 ല്‍ ആയിരുന്നു. അങ്ങനെ അദ്ദേഹം തൃശൂര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായി. സ്വാതന്ത്ര്യലബ്ധിക്കുശേഷം 48 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒല്ലുക്കര മണ്ഡലത്തില്‍നിന്ന് കൊച്ചി നിയമസഭയിലേക്ക് കരുണാകരന്‍ തെരഞ്ഞെടുക്കപ്പെട്ടു. പിറ്റെക്കൊല്ലം തിരു-കൊച്ചി നിയമസഭയിലും അംഗമായി. 52ലും 54ലും ആ വിജയം ആവര്‍ത്തിച്ചു. 1952ല്‍ കരുണാകരന്‍ തൃശൂര്‍ ഡി.സി.സി പ്രസിഡണ്ടായി. അതിനപ്പുറത്തേക്ക് അദ്ദേഹം കടന്നത് കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി അംഗമായിട്ടാണ്.  പിന്നീട് പാര്‍ലമെന്ററി ബോര്‍ഡ് അംഗവും. ഐക്യകേരളത്തിലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ (1957) കരുണാകരന്‍ തോറ്റുപോയി. തൃശൂര്‍ മണ്ഡലത്തെ കരുണാകരന്റെ രാഷ്ട്രീയ വളര്‍ച്ചയുടെ ‘വാട്ടര്‍ലൂ’ ആക്കിമാറ്റാന്‍ ചരടുവലിച്ചവര്‍ 1960 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചു. അമ്മാവന്‍ രാഘവന്‍നായരുടെ മകള്‍ കല്യാണിക്കുട്ടിയമ്മയെ വിവാഹം കഴിക്കുമ്പോള്‍ കരുണാകരന് 36 വയസ്സായിരുന്നു. ജീവിതപങ്കാളിയാവാന്‍ എത്തിയ കല്യാണിക്കുട്ടിയമ്മ സുഖദുഃഖങ്ങള്‍ ആവോളം കണ്ടു.

രാജന്‍കേസ് വിധിയെത്തുടര്‍ന്ന് മകളുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറ്റിവയ്‌ക്കേണ്ടി വന്നതിന്റെ വേദന ഉള്‍പ്പെടെ. തട്ടില്‍ എസ്റ്റേറ്റ് സൂപ്രണ്ട് ജോണിനെ കൊലപ്പെടുത്തിയ കേസില്‍ കരുണാകരന്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞ നാളുകള്‍ വിലങ്ങണിയിച്ച് അദ്ദേഹത്തെ പട്ടണത്തിലൂടെ നടത്തണമെന്ന് കരുതിയ ശത്രുക്കളെ തോല്പിച്ച് രണ്ടു മാസം ഒളിവില്‍ കഴിഞ്ഞശേഷം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. കരുണാകരനെതിരെ പ്രഥമദൃഷ്ട്യാ കേസ് ഇല്ലെന്നായിരുന്നു പിന്നീട് കോടതിയുടെ കണ്ടെത്തല്‍. തൃശൂരിലെ മാള മണ്ഡലം 1965 ല്‍ നിലവില്‍ വന്നശേഷം തുടര്‍ച്ചയായി കരുണാകരനാണ് അവിടെനിന്ന് വിജയിച്ചുപോന്നത്. ഒരുവശത്ത് ഇ.എം.എസും മറുവശത്ത് കരുണാകരനും മഹാരഥന്മാരായി ഏറ്റുമുട്ടിയ രാഷ്ട്രീയ പോരാട്ടങ്ങളുടെ കാലം. 1969, 77, 79, 82, 91 വര്‍ഷങ്ങളില്‍ കേരളത്തില്‍നടന്ന എല്ലാ രാഷ്ട്രീയ മാറ്റങ്ങളുടെ ചുക്കാന്‍ കരുണാകരന്റെ കൈകളിലായിരുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഒറ്റപ്പെടുത്തി മന്ത്രിസഭ പൊളിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിരുന്ന് കരുണാകരന്‍ ആദ്യം നടത്തിയത്. അതില്‍നിന്ന് അച്യുതമേനോന്‍ മന്ത്രിസഭ ഉദയംകൊണ്ടു.

1970 ല്‍ കോണ്‍ഗ്രസ് വലിയ കക്ഷിയായി ജയിച്ചുവന്നു. എങ്കിലും മന്ത്രിസഭയില്‍ പങ്കാളിത്തം വഹിക്കാതെ പുറത്തുനിന്നു. ഒരുകൊല്ലം കഴിഞ്ഞ് ആഭ്യന്തരമന്ത്രിയും മന്ത്രിസഭയില്‍ രണ്ടാമനുമായി കരുണാകരന്‍ ഭരണരംഗത്ത് കാല്‍വച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസ് ഉത്തരേന്ത്യയില്‍ കടപുഴകി വീണപ്പോള്‍ കരുണാകരന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 111 നിയമസഭാസീറ്റും 20 ലോക്‌സഭാ സീറ്റുമായി ഐക്യമുന്നണി വിജയിച്ചുകയറുകയായിരുന്നു. കരുണാകരന്‍ ആദ്യമായി അങ്ങനെ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തു. പക്ഷേ രാജന്‍കേസ് ഉയര്‍ത്തിയ വ്യവഹാരക്കുരിക്കില്‍ 23-ാം ദിവസം അധികാരം ഒഴിയേണ്ടിവന്ന കരുണാകരന്‍ വാശിയും വൈരാഗ്യവുമുള്ള ഒരു നേതാവായി പിന്നീട് മടങ്ങിവരികയും തന്റെ അജയ്യത പുനഃസ്ഥാപിക്കുകയും ചെയ്തു. ജനമദ്ധ്യത്തില്‍നിന്ന് ഊര്‍ജ്ജവും ആവേശവും ആവാഹിക്കുന്ന ലീഡറായി മാറിയ അദ്ദേഹം വേഗതയുടെ ആരാധകനാണ്.

ദിവസം പതിനെട്ട് മണിക്കൂര്‍ ജോലി ചെയ്ത് ലക്ഷ്യസ്ഥാനത്തെത്താന്‍ കൂടെയുള്ളവര്‍ക്ക് മാതൃകകാണിച്ച കരുണാകരന്റെ രാഷ്ട്രീയശൈലി അദ്ദേഹത്തിനു മാത്രം അവകാശ പ്പെടാവുന്ന ഒന്നാണ്. ഭീഷ്മാചാര്യനെന്നും ചാണക്യന്‍ എന്നും നിരീക്ഷകര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. എല്ലാ വിശേഷണങ്ങള്‍ക്കുമുപരിയായി കേരളം കണ്ട ഒരേയൊരു ലീഡര്‍ ആയിരുന്നു അദ്ദേഹം.

തന്നോടൊപ്പം നില്‍ക്കുന്നവര്‍ക്കു വേണ്ടിയായിരുന്നു കരുണാകരന്‍ രാഷ്ട്രീയജീവിതം ഹോമിച്ചതത്രയും. ഇന്ദിരാഗാന്ധിയുടെ വിശ്വസ്‌തനായിരുന്ന അദ്ദേഹം ഇന്ദിരയുടെ മരണശേഷം രാജീവ്‌ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. രാജീവിന്റെ ആകസ്‌മികമായ വിടവാങ്ങലിനെ തുടര്‍ന്ന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതിസന്ധി ഉടലെടുത്തപ്പോള്‍ കോണ്‍ഗ്രസിനു മുന്നില്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ ഉയര്‍ന്നുവന്ന പേരായിരുന്നു കരുണാകരന്റേത്‌. പക്ഷെ, സ്വതേയുള്ള കണ്ണിറുക്കിച്ചി രിയുമായി കേരളമാണ്‌ തന്റെ തട്ടകമെന്നു പറഞ്ഞ്‌ ആ വാഗ്‌ദാനം കരുണാകരന്‍ നിരസിച്ചപ്പോള്‍ മലയാളിയായ പ്രധാനമന്ത്രിയെന്ന കേരളത്തിന്റെ സ്വപ്‌നം ഫലിക്കാതെ പോയി. തുടര്‍ന്ന്‌ നരസിംഹറാവുവിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ നിര്‍ദ്ദേശിച്ചതും കരുണാകരനായിരുന്നു.ഭരണകാലത്തെല്ലാം കരുണാകരനെ വിവാദങ്ങള്‍ വേട്ടയാടിയിരുന്നുവെന്നതാണ്‌ വാസ്‌തവം.

അടിയന്തരാവസ്ഥ കാലത്തെ രാജന്‍ സംഭവത്തില്‍ തുടങ്ങുന്നു അത്‌. എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി രാജന്‍ കക്കയം പൊലീസ്‌ ക്യാംപില്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായപ്പോള്‍ കരുണാകരനായിരുന്നു ആഭ്യന്തര മന്ത്രി. രാജന്റെ തിരോധാനത്തിന്റെയും ഈച്ചരവാര്യര്‍ എന്ന അച്ഛന്റെ ദുഃഖത്തിന്റെയും ശാപവും പാപഭാരവും എല്ലാവരും ചേര്‍ന്ന്‌ എടുത്തുവച്ചത്‌ കെ.കരുണാകരന്റെ ശിരസ്സിലായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും അതില്‍ നിന്നു രക്ഷപ്പെട്ടപ്പോള്‍ ജീവിതാന്ത്യം വരെ ആ ശാപം കരുണാകരന്‍ ചുമന്നു, മറ്റുള്ളവര്‍ക്കു വേണ്ടിക്കൂടി.

1986ല്‍ തങ്കമണി സംഭവം നടക്കുമ്പോഴും കരുണാകരനായിരുന്നു മുഖ്യമന്ത്രി. പിന്നീട്‌ ഐ.എസ്‌.ആര്‍.ഒ ചാരക്കേസെന്ന പുകപടലത്തില്‍പെട്ട്‌ മുഖ്യമന്ത്രിസ്ഥാനത്തു നിന്നൊഴിയാനും കരുണാകരനു വിധിയുണ്ടായി. അതിനുശേഷം കുറച്ചുകാലം കേന്ദ്രത്തില്‍ മന്ത്രിയായെങ്കിലും കേരളത്തില്‍ നിന്നു മാറിനില്‍ക്കാന്‍ കരുണാകരന്‌ അത്ര മനസ്സുവന്നില്ല. വിശ്വസ്‌തര്‍ക്കായി കടുത്ത നിലപാടുകളെടുത്തതാണ്‌ കരുണാകരനെ രാഷ്ട്രീയജീവിതത്തില്‍ ഒറ്റപ്പെടുത്തിയത്‌. താന്‍ വളര്‍ത്തി വലുതാക്കിയവരെല്ലാം അവസാനം തള്ളിപ്പറയുന്നത്‌ കരുണാകരനു കാണേണ്ടിവന്നു. തന്റെ ഒപ്പം നിന്ന്‌ സ്ഥാനമാനങ്ങള്‍ വാങ്ങിച്ചെടുത്തവരൊക്കെ തനിക്കും മീതേ വളര്‍ന്നുവെന്നഹങ്കരിച്ചപ്പോഴും പരിഭവങ്ങളില്ലാതെ പുഞ്ചിരിച്ചു നില്‍ക്കുകയായിരുന്നു ഈ ഭീഷ്‌മാചാര്യന്‍ ചെയ്‌തത്‌.

കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുള്ളില്‍ ഒരു ഗ്രൂപ്പിന്റെ ശക്തനായ വക്താവായി കരുണാകരനു മാറേണ്ടിവന്നത്‌ ഉറ്റവരോടുള്ള ഈ സ്‌നേഹംമൂലം മാത്രമായിരുന്നു. ഗ്രൂപ്പു കളിച്ച്‌ കരുണാകരന്‍ ഒന്നും നേടിയില്ല. പക്ഷേ, അദ്ദേഹത്തെക്കൊണ്ടു കളിപ്പിച്ചവര്‍ പലതും നേടി. കോണ്‍ഗ്രസ്‌ വിട്ട്‌ ഡി.ഐ.സി രൂപീകരിച്ചതും പിന്നീട്‌ എന്‍.സി.പിയില്‍ ശരദ്‌പവാറിനൊപ്പം കൂടിയതും ഉറ്റവര്‍ക്കു വേണ്ടിയായിരുന്നു. അവസാനം മനസ്സുമടുത്ത്‌ മാതൃപാര്‍ട്ടിയിലേക്കു തിരിച്ചുപോന്നപ്പോഴേക്കും ഒപ്പം നിന്നിരുന്ന പലരും കയ്യൊഴിഞ്ഞത്‌ ആ പിതൃഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തി.

താന്‍ എല്ലാതരത്തിലും വളര്‍ത്തി വലുതാക്കിയ മക്കള്‍പോലും പിണങ്ങിയപ്പോള്‍ പാര്‍ട്ടിക്കുവേണ്ടി ചിരിച്ചുകൊണ്ടു നില്‍ക്കുകയാണ്‌ കരുണാകരന്‍ ചെയ്‌തത്‌. അവസാനം കരുണാകരന്റെ രാഷ്ട്രീയജീവിതത്തെ അംഗീകരിക്കാനെന്നോണം ഗവര്‍ണര്‍പദവിയും കോണ്‍ഗ്രസ്‌ വച്ചുനീട്ടിയതാണ്‌. പക്ഷെ, അതു സ്വീകരിക്കാതെ തന്നോടൊപ്പം മാതൃസംഘടനയിലേക്കു വന്നവര്‍ക്ക്‌ പാര്‍ട്ടിയിലൊരു ഭാരവാഹിത്വവും മല്‍സരരംഗത്ത്‌ അര്‍ഹമായ പ്രാതിനിധ്യവും മാത്രമാണ്‌ അദ്ദേഹം ചോദിച്ചത്‌. എന്നിട്ടും പലരും ആ പിതൃവാല്‍സല്യത്തെ തിരിച്ചറിഞ്ഞില്ല. മകന്‍ മുരളീധരന്‌ കോണ്‍ഗ്രസിലൊരു സ്ഥാനമെന്നതായിരുന്നു അവസാനകാലത്തെ അദ്ദേഹത്തിന്റെ ആഗ്രഹം. അത്‌ സഫലമാകുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ആകസ്‌മികമെന്ന്‌ അതിനെ വിശേഷിപ്പിക്കാനാകില്ല. പക്ഷെ, എട്ടു തവണയാണ്‌ കരുണാകരന്‍ മരണത്തിനുനേരേ ചിരിച്ച്‌ ജീവിതത്തിലേക്കു തിരിച്ചെത്തിയത്‌. അതുപോലൊരു തിരിച്ചുവരവ്‌ എല്ലാവരും പ്രതിക്ഷിച്ചിരുന്നു കരുണാകരനെ സ്‌നേഹിക്കുന്നവരെല്ലാം വിശ്വസിച്ചു. പക്ഷെ, അതുണ്ടായില്ല.കേരള രാഷ്ട്രിയത്തില്‍ ലീഡര്‍ക്ക് തുല്യം ലീഡര്‍ മാത്രം

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഒരുകാലത്തും മാഞ്ഞുപോകാത്ത പേരായി മാറിയ ഈ കുലഗുരുവിന്‌ പ്രണാമം.


Read Previous

തലസ്ഥാനത്ത് വീണ്ടും തെരുവുയുദ്ധം; ടിയര്‍ ഗ്യാസ്, ജലപീരങ്കി; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുധാകരന്‍ ആശുപത്രിയില്‍

Read Next

രണ്ട് മിനിറ്റ് കൂടി നിന്നെങ്കില്‍ സ്‌ട്രെക്ചറില്‍ എടുത്തുമാറ്റേണ്ടി വരുമായിരുന്നു; നവകേരള സദസ് പരാജയപ്പെട്ടതിന്റെ പ്രതികാരമെന്ന് കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular