വിരമിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നില്ല; ആത്മകഥയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വിരമിക്കില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ആത്മകഥയായ ‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി'(Life: My Story Through History) എന്ന ആത്മകഥയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 19-നാണ് പുസ്തകം പുറത്തിറങ്ങുക. അതിലെ പ്രസക്തഭാഗങ്ങള്‍ ഒരു ഇറ്റാലിയന്‍ പത്രമാണ് വ്യാഴാഴ്ച പുറത്തുവിട്ടത്.

ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇപ്പോള്‍ രാജിയെക്കുറിച്ച് ആലോചിക്കുന്നില്ല. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. മാര്‍പാപ്പയുടെ പദവിക്ക് ചേരാത്ത ചില തീരുമാനങ്ങള്‍ താന്‍ എടുത്തുവെന്ന വിമര്‍ശനം വത്തിക്കാനില്‍നിന്ന് ഉണ്ടായെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ സഭയില്‍ പിളര്‍പ്പുണ്ടാക്കില്ലെന്നും ഫ്രാന്‍സിസ് പാപ്പ അഭിപ്രായപ്പെട്ടു.

ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനായ ഫാബിയോ മര്‍ക്കേസെ റഗോണ(Fabio Marchese Ragona)യോടൊപ്പമാണ് ആത്മകഥ എഴുതിയിരിക്കുന്നത്. ഹാപ്പര്‍കോളിന്‍സാണ് പ്രസാധകര്‍.

ആദ്യ ലാറ്റിന്‍ അമേരിക്കന്‍ പോപ്പ് ആയ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ പതിനൊന്നാമത് വാര്‍ഷികവേളയിലാണ് അദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറങ്ങാനൊരുങ്ങുന്നത്.

230 പേജുകളുള്ള പുസ്തകം സംഭാഷണശൈലിയിലാണ് രചിച്ചിട്ടുള്ളത്. ബ്യൂണസ് ഐറിസിലെ ബാല്യം മുതല്‍ മാര്‍പ്പാപ്പയുടെ ഇന്നത്തെ ജീവിതംവരെയാണ് ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുള്ളത്.

റോമന്‍ കാത്താേലിക്കാ സഭയുടെ ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകളും പുസ്തകത്തിലുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം പ്രധാന ലോകസംഭവങ്ങളും ഈ രചനയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.


Read Previous

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം

Read Next

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് നാക് എ ++ ഗ്രേഡ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular