തമിഴ്‌നാട്ടിൽ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇഡി ഉദ്യോഗസ്ഥൻ പിടിയിൽ


തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സംസ്ഥാന വിജിലൻസും അഴിമതി വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. അങ്കിത തിവാരി എന്ന ഇഡി ഉദ്യോ​ഗസ്ഥനാണ് പിടിയിലായത്. ഇയാളെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അങ്കിത് തിവാരിയുടെ അറസ്റ്റിനെ തുടർന്ന് ഇഡിയുടെ മധുരയിലെ ഓഫീസിൽ ദിണ്ടിഗൽ ജില്ലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി) പരിശോധന നടത്തി.

മധുരയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള കൂടുതൽ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. അങ്കിത് തിവാരി നിരവധി പേരെ ബ്ലാക്ക് മെയിൽ ചെയ്യുകയും അവരിൽ നിന്ന് കോടികൾ കൈക്കൂലി വാങ്ങുകയും ചെയ്തിരുന്നതായും ഉദ്യോ​ഗസ്ഥർ അറിയിച്ചു. മറ്റ് ഇഡി ഉദ്യോഗസ്ഥർക്കും അദ്ദേഹം കൈക്കൂലി വിതരണം ചെയ്തതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇയാളിൽ നിന്ന് ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ഒക്‌ടോബർ 29ന്, ഡിവിഎസി കേസുമായി ബന്ധപ്പെട്ട് ഡിണ്ടിഗലിൽ നിന്നുള്ള ഒരു സർക്കാർ ജീവനക്കാരനുമായി അങ്കിത് തിവാരി ബന്ധപ്പെട്ടിരുന്നു. വിഷയത്തിൽ അന്വേഷണം നടത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഇഡിയോട് ആവശ്യപ്പെട്ടതായാണ് അദ്ദേഹം ജീവനക്കാരനോട് പറഞ്ഞത്. കൂടുതൽ അന്വേഷണത്തിനായി ഒക്ടോബർ 30ന് മധുരയിലെ ഇഡി ഓഫീസിൽ ഹാജരാകാനും അങ്കിത് തിവാരി ജീവനക്കാരനോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ ഓഫീസിൽ എത്തിയ ദിവസം, അന്വേഷണം അവസാനിപ്പിക്കുന്നതിനായി ഇഡി ഉദ്യോഗസ്ഥൻ തന്നോട് മൂന്ന് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
‌‌
പിന്നീട് താൻ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും കൈക്കൂലി 51 ലക്ഷം രൂപയായി കുറയ്ക്കാൻ സമ്മതിച്ചതായും ജീവനക്കാരനോട് അങ്കിത് തിവാരി പറഞ്ഞു. നവംബർ ഒന്നിന് സർക്കാർ ജീവനക്കാരൻ ആദ്യ ഗഡുവായി 20 ലക്ഷം രൂപ ഇഡി ഉദ്യോഗസ്ഥന് നൽകി. തുക ഉയർന്ന ഉദ്യോഗസ്ഥർക്ക് നൽകണമെന്നും അതിനാൽ മുഴുവൻ തുകയും നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് സർക്കാർ ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാൽ അങ്കിത് തിവാരിയുടെ ആവശ്യങ്ങളിൽ സംശയെ തോന്നിയ സർക്കാർ ജീവനക്കാരൻ നവംബർ 30ന് ഡിവിഎസിയുടെ ഡിണ്ടിഗൽ യൂണിറ്റിൽ പരാതി നൽകുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥനെന്ന നിലയിൽ അങ്കിത് തന്റെ അധികാരം ദുരുപയോഗം ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയും അദ്ദേഹത്തിനെതിരെ ഡിവിഎസി കേസെടുക്കുകയും ചെയ്തു. ഡിസംബർ ഒന്ന് വെള്ളിയാഴ്ച സർക്കാർ ജീവനക്കാരനിൽ നിന്ന് രണ്ടാം ഗഡുവായ 20 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെ അങ്കിത് തിവാരിയെ ഉദ്യോ​ഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു.


Read Previous

മൂന്നാമത്തെ ഇന്ത്യൻ വനിതാ ​ഗ്രാൻഡ് മാസ്റ്റർ; പ്ര​ഗ്നാനന്ദയ്ക്കൊപ്പം ചരിത്രമെഴുതി സഹോദരി വൈശാലി

Read Next

രേഖാചിത്രം കിറുകൃത്യം; ആര്‍ട്ടിസ്റ്റ് ദമ്പതികൾക്ക് അഭിനന്ദന പ്രവാഹം

Leave a Reply

Your email address will not be published. Required fields are marked *

Most Popular