ഓർമ്മകളിലെ ഒന്നാം ക്ലാസ്സും നാരായണി ടീച്ചറും… വീണ്ടുമൊരു അദ്ധ്യായനവര്‍ഷത്തിന് ആരംഭം


ജൂൺ 1 കടന്നു വരുമ്പോൾ സ്‌കൂൾ പ്രവേശനോത്സവമാണ് ഓർമ്മയിൽ വരുന്നത്. സ്‌കൂൾ തുറക്കുന്ന ദിവസം മഴയും തിമിർത്തു പെയ്യും. പുതു വസ്ത്രമണിഞ്ഞ് പുസ്തക സഞ്ചിയും പിടിച്ച് പുതു മഴ യില്‍ കുതിര്‍ന്ന പാതയിലൂടെ ആദ്യമായി സ്കൂളിലേക്ക് നടന്നു പോയ കുട്ടിക്കാലം എത്ര മനോഹര മായിരുന്നു.

കോവിഡ് എന്ന മഹാ മാരി ഇന്നത്തെ കുട്ടികൾക്ക് ആ മനോഹര സ്‌കൂൾ ദിനങ്ങൾ നഷ്ടപ്പെടുത്തിയി രിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല ആദ്യമായി സ്‌കൂളിലെത്തുന്ന കുഞ്ഞു മനസ്സുകളോട് സംവദിക്കു മ്പോൾ അദ്ധ്യാപകരും അനുഭവിച്ചിരുന്ന എത്ര നല്ല മനോഹര നിമിഷങ്ങളാണ് ഈ മഹാമാരി കവർ ന്നെടുത്തതെന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു.

വർണ്ണത്തുമ്പികളെപ്പോലെ പാറി നടക്കുന്ന കുട്ടികളും അവരുടെ കലപില ശബ്ദങ്ങളുംകൊണ്ട് ആ സ്‌കൂൾ മുറ്റങ്ങൾ ശബ്ദമുഖരിതമാകുമ്പോൾ അവിടെ നിറഞ്ഞിരുന്ന പോസിറ്റീവ് എനർജി ഇനിയും തിരികെ വരുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.

1980 ലെ ഒരു ജൂൺ മാസത്തിലാണ് എന്റെ ഗ്രാമമായ ‘ചളിങ്ങാട്’ എൽ പി സ്കൂളിൽ നിന്നും ഞാൻ എന്റെ സ്‌കൂൾ ജീവിതം ആരംഭിക്കുന്നത്. അന്നത്തെ ദിവസം രാവിലെ തന്നെ ഉമ്മ എന്നെ കുളിപ്പി ച്ചൊരുക്കി, പുതിയ പുസ്തക സഞ്ചിയും ഒരു കുഞ്ഞിക്കുടയും കൈയ്യിൽ വെച്ചുതന്നു, കഴുത്തിലൊരു വാട്ടർ ബോട്ടിലും ഇട്ടു തന്നുകൊണ്ട് പറഞ്ഞു “ഇതൊന്നും കളയരുത് ട്ടോ, സൂക്ഷിക്കണം, ആരോടും വഴക്കിനൊന്നും പോകരുത്, നല്ലോണം പഠിച്ച് നല്ല കുട്ടിയായിരിക്കണം ട്ടോ”

ജീവിതത്തിൽ ആദ്യമായി അമ്മയുടെ കൈ വിട്ട് പുറത്തെ ലോകത്തേക്ക് യാത്രക്കൊരുങ്ങുന്ന ഒരു മകന് അല്ലെങ്കിൽ ഒരു മകൾക്ക് അമ്മ നൽകുന്ന ആദ്യത്തെ ഉപദേശം…ജീവിതത്തിൽ എന്നും കാത്തു സൂക്ഷിക്കേണ്ടതായിട്ടുള്ള വിലപ്പെട്ട വാക്കുകൾ ഇത് തന്നെയാണെന്ന് പിന്നീടുള്ള ജീവിതത്തിൽ കാലം എന്നും നമ്മെ ഓർമ്മപെടുത്തിക്കൊണ്ടേയിരിക്കുന്നു.

ഇറങ്ങാൻ നേരം കവിളിൽ ഒരുമ്മയും തന്നാണ് ഉമ്മ എന്നെ സ്‌കൂളിലേക്ക് യാത്രയാക്കിയത്.

ബാപ്പയുടെ സൈക്കിളിൽ ഇരുന്നാണ് ഞാൻ ആദ്യമായി സ്‌കൂളിലേക്ക് യാത്രയായത്… ബാപ്പയുടെ കൈപിടിച്ചുകൊണ്ട് സ്‌കൂൾ മുറ്റത്തേക്ക് നടന്നു കയറുമ്പോൾ, അതുവരെ പരിചയമില്ലാത്ത പുതി യൊരു ലോകത്തെ തിരക്കുകളും കാഴ്ചകളും കണ്ട് അല്പം പേടി തോന്നിയതുകൊണ്ടാവാം ബാപ്പ യുടെ കൈയ്യിൽ ഞാൻ മുറുകെ പിടിച്ചിരുന്നു.

സെറ്റ് മുണ്ട് ഉടുത്ത് വലിയ കണ്ണടയും വെച്ച നാരായണി ടീച്ചര്‍ ഒരു പുഞ്ചിരിയോടെ ഞങ്ങൾക്കരി കിലേക്കെത്തി. “വാ മോനെ” എന്ന് പറഞ്ഞുകൊണ്ട് ടീച്ചർ എന്നെ പൊക്കിയെടുത്ത് ഒന്നാം ക്ലാസ്സിലെ ബഞ്ചില്‍ കൊണ്ട് പോയി ഇരുത്തി…

ടീച്ചറിനെ ഇതിനു മുൻപും ഞാൻ കണ്ടിട്ടുണ്ട്.

നാരായണി ടീച്ചര്‍ മാത്രമല്ല ഈ സ്കൂളിലെ മറ്റു നാല് ടീച്ചര്‍മാരും എന്റെ വീട്ടിലെ നിത്യ സന്ദര്‍ശക രായിരുന്നു. വീടിന്റെ മുന്‍വശത്തെ തിണ്ണയില്‍ വന്നിരുന്ന് ബാപ്പയുമായി കുറെ നേരം സംസാരിച്ചി രിക്കും. പിന്നെ അവര്‍ പോകാന്‍ നേരം, ചക്ക, മാങ്ങ, കറിവേപ്പില, ഇരുമ്പന്‍ പുളി എന്നിങ്ങനെ ഞങ്ങ ളുടെ പറമ്പില്‍ വിളയുന്ന ഒട്ടുമിക്ക സാധനങ്ങളുടെയും ഓരോ പങ്ക് ഉമ്മ അവര്‍ക്ക് നല്‍കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. (ഞാന്‍ സ്കൂളില്‍ പോയി തുടങ്ങിയതോടെ ഇതൊക്കെ ഇവര്‍ക്ക് കൊണ്ട് കൊടു ക്കേണ്ട ജോലി എനിക്കായി മാറി…)

നാരായണി ടീച്ചര്‍ കരയുന്ന കുട്ടികളെയൊക്കെ സമാധാനിപ്പിക്കുന്ന തിരക്കിലായിരുന്നു. ഇതിനിടയില്‍ എപ്പോഴോ ഞാനും കരഞ്ഞു… എന്തിനാണ് ഞാൻ കരഞ്ഞതെന്ന് എനിക്കറിയില്ല, പല കുട്ടികളും കരയുന്നു ഞാനും കരഞ്ഞു അത്രതന്നെ…

പിന്നെ അതുവരെ പരിചയമില്ലാത്ത പുതിയൊരു ലോകമാണല്ലോ, കൂടെയാണെങ്കിൽ ഉമ്മയും ഇല്ല, നാരായണി ടീച്ചർ ക്‌ളാസ്സിലെ ബഞ്ചിൽ കൊണ്ടിരുത്തിയതോടെ ബാപ്പയെയും കാണുന്നില്ല. അന്ന് കരയാൻ ഇതൊക്കെ തന്നെ ധാരാളം… അല്ലെ.

ഞാൻ ഓർക്കാറുണ്ട് ജീവിതത്തിൽ ആദ്യമായി മാതാപിതാക്കളുടെ കൈവിട്ട് ഒറ്റക്കാവുന്ന ഒരു ദിവസംകൂടിയല്ലേ അത്. നാളത്തെ ജീവിതത്തിലേക്ക് കരുത്തോടെ കരുതലോടെ നിൽക്കാൻ നമ്മെ പാകപ്പെടുത്തിയെടുക്കുവാൻ വേണ്ടി പറയാതെ പഠിപ്പിക്കുന്ന ആദ്യ പാഠം…

നാരായണി ടീച്ചര്‍ എന്റെ അടുത്തേക്ക് ഓടിവന്ന് എനിക്കും ഒരു മിഠായി തന്നു, ചേർത്തുപിടിച്ച് സ്നേഹത്തോടെ കവിളിലൊരു ഉമ്മയും തന്നു സമാധാനിപ്പിച്ചു…

ആദ്യമായി ഒരു ഗുരുനാഥനിലേക്ക് നമ്മുടെ മനസ്സിനെ വലിച്ചടുപ്പിച്ചത് അന്ന് ടീച്ചർ തന്ന ആ സ്നേഹ വും വാത്സല്യത്തോടെയുള്ള തലോടലും ആ മിഠായിയും ഒക്കെത്തന്നെയല്ലേ… മാറിയ കാലത്തിലേ ക്കും പുതിയ തലമുറയിലേക്കും നോക്കുമ്പോൾ പൊതുവേ പഴയ കാലത്തെ അപേക്ഷിച്ച് അദ്ധ്യാപ കർക്കും കുട്ടികൾക്കുമിടയിലുള്ള മാനസിക ദൂരം അല്പം കൂടിയില്ലേ എന്ന് പലപ്പോഴും സംശയിച്ചു പോകുന്നു.

അങ്ങിനെ കരച്ചിൽ മാറി കലപിലയായി പൊട്ടിച്ചിരികളായി സ്‌കൂൾ ദിനങ്ങൾ കടന്നു പോയത് അറിഞ്ഞേയില്ല…

വര്‍ഷാവസാനം നാരായണി ടീച്ചര്‍ വീണ്ടും ഞങ്ങള്‍ക്ക് മിഠായി തന്നു. പക്ഷെ ഇപ്പൊ ടീച്ചറുടെ കണ്ണു കള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. അടുത്ത് ചെന്ന എന്നോട് ടീച്ചര്‍ പറഞ്ഞു… “ഞാന്‍ പോവ്വാ ട്ടോ… ഇനി വരില്ല… അടുത്ത വര്‍ഷം നിങ്ങളൊക്കെ രണ്ടാം ക്ലാസ്സിലേക്ക് പോകും… അപ്പൊ അവിടെ വേറെ ടീച്ചര്‍ നിങ്ങളെ പഠിപ്പിക്കും… മക്കളൊക്കെ നന്നായി പഠിക്കണം കേട്ടോ… “

ടീച്ചര്‍ വലിയ കണ്ണട ഊരി സെറ്റ് മുണ്ടിന്റെ തലപ്പുകൊണ്ട് കണ്ണുകള്‍ തുടക്കുന്നത് കണ്ടപ്പോള്‍ എനിക്കും സങ്കടം വന്നു… “അയ്യേ ന്റെ കുട്ടി കരയേ…” ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു…

‘എന്തേ നമ്മുടെ ടീച്ചര്‍ പോണത്‌…’ അതായിരുന്നു ഞങ്ങള്‍ കുട്ടികളുടെ ചിന്ത… “നമ്മള് രണ്ടാം ക്ലാസ്സി ലേക്ക് പോണതോണ്ടാവും ” ആരോ പറഞ്ഞു… “ഈ ടീച്ചറ്‌ നമ്മളെ പഠിപ്പിക്കാന്‍ വേണ്ടി മാത്രം വന്നതായിരിക്കും…” മറ്റൊരു കൂട്ടുകാരന്‍ അത് സ്ഥിരീകരിച്ചു…

പിന്നെയും എത്രയോ ദിനങ്ങള്‍…സ്കൂളിലേക്കുള്ള വഴിയിലൂടെ മഴയില്‍ തിമിര്‍ത്തും… കല പില കൂട്ടിയും അങ്ങിനെയങ്ങിനെ… എങ്കിലും ഒന്നാം ക്ലാസ്സ്‌ കാണുമ്പോള്‍ എന്തിനെന്നറിയാതെ നാരായണി ടീച്ചറെ ഓര്‍ത്ത് മനസ്സ് നൊമ്പരപ്പെട്ടു.

വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയിരിക്കുന്നു…

ഈ ജീവിതം തന്നെ വലിയൊരു വിദ്യാലയമാണെന്ന് പിന്നെയെപ്പോഴോ ഞാനും തിരിച്ചറിഞ്ഞു…
എങ്കിലും ആ ഒന്നാം ക്ലാസ്സും നാരായണി ടീച്ചറുമെല്ലാം മായാത്ത വസന്തമായ്‌ ഇന്നും മനസ്സിലുണ്ട്…


Read Previous

ക്രിക്കറ്റ് അയാൾക്ക് എന്നും അങ്ങനെയായിരുന്നു ഒരിക്കലുമെത്താത്ത ഊഴം കാത്ത് അയാളിരുന്നു, പാഡു മണിഞ്ഞ് ഊഴം കാത്തിരുന്ന ബാറ്റ്സ്മാന്‍ അമോൽ മസുംദാർ.

Read Next

കമലാ സുരയ്യ എന്റെ അനുഗ്രഹവും പുന്നയൂര്‍ക്കുളത്തിന്റെ രോമാഞ്ചവും: അബ്ദുല്‍ പുന്നയൂര്‍ക്കുളം

Leave a Reply

Your email address will not be published. Required fields are marked *

Most Popular