ലോകകപ്പിലെ ആദ്യ അട്ടിമറി ജയം, ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അഫ്ഗാന്‍


ന്യൂഡല്‍ഹി: 2023 ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് വേദിയായി ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റെത്തിയ അഫ്ഗാനിസ്ഥാന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി ജയം നേടി. 69 റണ്‍സിന്റെ ജയമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. മുജീബ് റഹ്മാനാണ് മത്സരത്തിലെ താരം.

അഫ്ഗാന്‍ ഉയര്‍ത്തിയ 285 റണ്‍സ് വിജയ ലക്ഷ്യത്തില്‍ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സിന് ഓള്‍ഔട്ടായി. ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് അഫ്ഗാന് ജയമൊരുക്കിയത്.

അര്‍ധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി പൊരുതിയത്. പക്ഷേ താരത്തിന് പിന്തുണ നല്‍കാന്‍ മറ്റ് ഇംഗ്ലീഷ് താരങ്ങള്‍ക്കായില്ല. 61 പന്തില്‍ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 66 റണ്‍സെടുത്ത ബ്രൂകാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

തുടക്കം തന്നെ ഇംഗ്ലണ്ടിന് പിഴച്ചു. രണ്ടാം ഓവറില്‍ ജോണി ബെയര്‍സ്റ്റോ (2) പുറത്ത്. പിന്നാലെ ജോ റൂട്ടിനെ മടക്കി മുജീബ് റഹ്മാന്റെ അടുത്ത പ്രഹരം. 17 പന്തില്‍ നിന്ന് 11 റണ്‍സിനാണ് റൂട്ട് നേടിയത്. 39 പന്തില്‍ നിന്ന് 32 റണ്‍സുമായി മുന്നേറുകയായിരുന്ന മാലനെ ഇബ്രാഹിം സാദ്രാന്‍ പറഞ്ഞു വിട്ടു. പിന്നാലെ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും (9) പുറത്തായതോടെ ഇംഗ്ലണ്ട് വിയര്‍ത്തു. ഏറ്റവും അവസാനം ആദില്‍ റഷീദും (20), മാര്‍ക്ക് വുഡും (18) പിടിച്ചുനിന്നെങ്കിലും രക്ഷയായില്ല.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മുജീബ് റഹ്മാനും റാഷിദ് ഖാനും അഫ്ഗാനായി തിളങ്ങി. മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ 284 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. ലോക കപ്പില്‍ അഫ്ഗാന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 2019 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ 288 റണ്‍സാണ് ഒന്നാമത്.


Read Previous

ഇന്ത്യന്‍ സമാധാന സേന ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍; വിന്യസിച്ച് യുഎന്‍

Read Next

രണ്ടുവര്‍ഷം ‘മിണ്ടാതിരുന്ന’ ഹമാസ്; ആരും അറിഞ്ഞില്ല യുദ്ധത്തിനുള്ള ഒരുക്കം, ആക്രമണം എന്തിനായിരുന്നു?; നേതാക്കള്‍ ആരൊക്കെ?, ഇസ്രയേലിനെ കുഴപ്പത്തിലാക്കിയ അമിത ആത്മവിശ്വാസം

Leave a Reply

Your email address will not be published. Required fields are marked *

Most Popular