ബെവ്കോയ്ക്ക്  പിടിച്ചുനിൽക്കാൻ, സംസ്ഥാനത്ത് മദ്യവില ഉയർത്തേണ്ടിവരും 


തിരുവനന്തപുരം : ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്കോ എംഡിയുടെ കത്ത്. എക്സൈസ് മന്ത്രിക്കാണ് ബെവ്കോ കത്ത് നൽകിയത്. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗ്യാലനേജ് ബജറ്റിൽ ഫീസ് കുത്തനെ വർദ്ധിപ്പിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കിൽ ബെവ്കോയ്ക്ക്  പിടിച്ചുനിൽക്കാൻ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയർത്തേണ്ടിവരും.  

വെയർ ഹൗസുകളിൽ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്കോ സ‍ർക്കാരിന് നൽകേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്. നിലവിൽ ലിറ്ററിന് 5 പൈസയാണ് നൽകിയിരുന്നത്. പുതിയ സാമ്പത്തിക വർഷം മുതൽ അത് പത്തു രൂപയായി ഉയരും. 300 കോടിയുടെ നഷ്ടം ഇതുവഴി ബെവ്കോയ്ക്ക് ഉണ്ടാകുമെന്നാണ് എംഡി യോഗേഷ് ഗുപ്ത സർക്കാരിനെ അറിയിച്ചത്. ‍

പല ഔട്ട് ലെറ്റുകളും അടയ്ക്കേണ്ടി വരുകയും ജനപ്രിയ ബ്രാന്റുകൾ ഷോപ്പുകളിൽ എത്താതിരിക്കുകയും ചെയ്തപ്പോൾ ബെവ്കോ  നേരത്തെ ഒരു ഘട്ടത്തില്‍ നഷ്ടത്തിലേക്ക് പോയിരുന്നു. മൂന്ന് സാമ്പത്തിക വർഷം നഷ്ടത്തിലായിരുന്ന ബെവ്കോ 2022-23 സാമ്പത്തിക വ‍ർഷമാണ് ലാഭത്തിലേക്ക് എത്തിയത്. 124 കോടി രൂപയായിരുന്നു ബെവ്‌കോയുടെ ആ സാമ്പത്തിക വർഷത്തെ ലാഭം. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത് 269 കോടി ലാഭമാണ്. ഒരു സാമ്പത്തിക വ‍ർഷം 1.25 കോടിരൂപയാണ് ഗ്യാലനേജ് ഫീസായി ബെവ്കോ നൽകുന്നത്. ഈ സ്ഥാനത്ത് പുതിയ നിരക്ക് വരുന്നതോടെ 300 കോടിയുടെ നഷ്ടമുണ്ടാകും. കോർപ്പറേഷൻ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് ബെവ്കോ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. 

ബെവ്കോയ്ക്ക് ലഭിക്കുന്ന ലാഭത്തിൽ നിന്നാണ് ശമ്പളവും പ്രവർത്തന ചെലവുമെല്ലാം കടന്നു പോകുന്നത്. ലാഭം കുറഞ്ഞാൽ ശമ്പളത്തെയും ആനുകൂല്യത്തെയും വരെ ബാധിക്കും. പിടിച്ചു നിക്കണമെങ്കിൽ ഇനിയും മദ്യവില കൂട്ടേണ്ടി വരും. മദ്യവില ഉയ‍ർന്നാലും വിൽപ്പന കുറയാനാണ് സാധ്യത. കഴിഞ്ഞ ഒരു വർഷത്തിനുളളിൽ രണ്ട് പ്രാവശ്യം മദ്യവില ഉയന്നപ്പോള്‍ വിൽപ്പന സാരമായി ബാധിച്ചിരുന്നു. വേണ്ടത്ര ആലോചനയില്ലാതെയാണ് ഫീസ് കൂട്ടിയതെന്ന പരാതി എക്സൈസ് വകുപ്പിനുമുണ്ട്. സർക്കാർ പ്രതിവിധി കണ്ടെത്തിയില്ലെങ്കിൽ ലാഭത്തിലുള്ള മറ്റൊരു കോർപ്പറേഷൻ കൂടി നഷ്ടത്തിലേക്ക് പോകും.


Read Previous

96 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു, ഏഴ് വര്‍ഷം ജയിലില്‍ കിടന്നു’; റിയാസ് മൗലവി വധക്കേസില്‍ വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി #Chief Minister says there is no wrongdoing in Riaz Maulvi murder case

Read Next

വഞ്ചകരുടെ ഭീഷണികളില്‍ വീഴരുത്’; സൈബര്‍ തട്ടിപ്പിനെതിരെ ഷോര്‍ട്ട്ഫിലിമുമായി കേരള പൊലീസ് – വീഡിയോ #Kerala Police with short film against cyber fraud

Leave a Reply

Your email address will not be published. Required fields are marked *

Most Popular