ഈ അധ്യയനവർഷംമുതൽ, സ്‌കൂൾ പരീക്ഷകളില്‍ പുതിയ പരിഷ്കാരങ്ങള്‍; എന്തൊക്കെയെന്നറിയാം..


തിരുവനന്തപുരം: ഈ അധ്യയനവർഷംമുതൽ പുതിയ സ്‌കൂൾ പാഠ്യപദ്ധതി നടപ്പാവുന്നതോടെ എസ്.എസ്.എൽ.സി.യടക്കം എല്ലാ ക്ലാസുകളിലെയും പരീക്ഷകളിൽ പരിഷ്കാരമാവും.ദേശീയസർവേകളിൽ പിന്തള്ളപ്പെട്ടതിനാൽ സ്‌കൂൾ വിദ്യാഭ്യാസത്തിലെ നിലവാരം വീണ്ടെടുക്കാനുള്ള ശ്രമമാണിതിനു പിന്നിൽ.

എസ്.എസ്.എൽ.സി. എഴുത്തുപരീക്ഷയിൽ ഓരോവിഷയത്തിലും 30 ശതമാനം മിനിമം മാർക്ക് വ്യവസ്ഥചെയ്യും. ഇതും നിരന്തരമൂല്യനിർണയത്തിലെ മാർക്കും ചേർന്നായിരിക്കും പരീക്ഷാഫലം.നിരന്തരമൂല്യനിർണയത്തിലും മാറ്റംവരും. പ്രോജക്ട്, സെമിനാർ, മറ്റു പഠനപ്രവർത്തനങ്ങൾ, യൂണിറ്റ് ടെസ്റ്റ് തുടങ്ങിയവയിലൂടെ വിലയിരുത്തൽ നിർബന്ധമാക്കും. ഇതിനായി സംസ്ഥാന-ജില്ലാതലങ്ങളിൽ നിരീക്ഷണസമിതി വരും. ഉപജില്ലാതലങ്ങളിലുള്ള പരിശോധനയും ഉണ്ടാവും.പ്രൈമറിതലംമുതൽ ഓരോ ഘട്ടത്തിലും കുട്ടിയുടെ അറിവും ശേഷിയും അളക്കും. അധ്യാപകരെയും സ്കൂളുകളെയും നിരീക്ഷിക്കുംമറ്റു പരീക്ഷാബോർഡുകളിലെ പരീക്ഷയും ചോദ്യങ്ങളും താരതമ്യപ്പെടുത്തി കേരളത്തിലെ ചോദ്യങ്ങളുടെ ഉള്ളടക്കവും രീതിയും മാറ്റും.എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷയിലും ചോദ്യാവലി പരിഷ്കരിക്കും.

കണ്ണുതുറന്നതെങ്ങനെ

2021-ലെ നാഷണൽ അച്ചീവ്മെന്റ് സർവേയിൽ സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള ഭൗതികസാഹചര്യത്തിൽ കേരളം മുന്നിലെത്തിയെങ്കിലും പഠനകാര്യത്തിൽ 18-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇത് അടിസ്ഥാനമാക്കി 2023-ൽ പുറത്തിറങ്ങിയ പ്രകടനസൂചികയിലും സംസ്ഥാനം പിന്നിലായി. എഴുതാനും വായിക്കാനും അറിയാത്തവർ ഏറെയുണ്ടെന്നും ഗണിതത്തിലും പിന്നോട്ടാണെന്നും ഈ സർവേകൾ വെളിപ്പെടുത്തി.മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താൻ ഈവർഷം നവംബറിൽ വീണ്ടും നാഷണൽ അച്ചീവ്‌മെന്റ് സർവേ നടക്കും. ഇതിനുമുമ്പ് നിലവാരം മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണ് സർക്കാർ.

മിനിമം മാർക്ക് എല്ലാ ബോർഡിലും

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പരീക്ഷകളിലെല്ലാം എഴുത്തു പരീക്ഷയിൽ 35 ശതമാനം മാർക്കുണ്ട്. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനബോർഡുകളിലും എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് വേണം. എന്നാൽ, 2007-ൽ ഗ്രേഡിങ് നടപ്പാക്കിയതുമുതൽ കേരളത്തിൽ എഴുത്തുപരീക്ഷയ്ക്ക് മിനിമം മാർക്കില്ല.


Read Previous

നിയമ ഭേദഗതി വരുന്നു: ഇനി ബാങ്ക് ജപ്തിയില്‍ സര്‍ക്കാരിന് ഇടപെടാം; ജപ്തി ഭീഷണി നേരിടുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാകും

Read Next

നാലുവര്‍ഷ ബിരുദം ഈ വര്‍ഷം മുതല്‍; മിടുക്കര്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം; എല്ലാ സര്‍വകലാശാലകളിലും ഏകീകൃത അക്കാദമിക് കലണ്ടര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular