ഗാന്ധിമതി ബാലന്‍ അന്തരിച്ചു; വിട പറഞ്ഞത് ക്ലാസിക് സിനിമകളുടെ നിര്‍മാതാവ് #Gandhimati Balan passed away


തിരുവനന്തപുരം: പ്രമുഖ സിനിമ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍(66) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന ബാലനെ ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 12.55ന് ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ തിരുവനന്തപുരത്ത്.

വാണിജ്യ സിനിമ മാത്രം ലക്ഷ്യമിടാതെ കലാമേന്മയുള്ള ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയിലാണ് ഗാന്ധിമതി ബാലന്റെ പ്രസക്തി. മലയാള സിനിമയുടെ ക്ലാസി ക്കുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടേറെ സിനിമകള്‍ നിര്‍മിച്ചത് ഗാന്ധിമതി ബാലനായിരുന്നു. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ആദാമിന്റെ വാരിയെല്ല് തുടങ്ങിയവ അദേഹം നിര്‍മ്മിച്ച ചിത്രങ്ങളാണ്.

മുപ്പതോളം ചിത്രങ്ങളുടെ നിര്‍മാണവും വിതരണവും നിര്‍വഹിച്ചു. ഇതില്‍ വിഖ്യാത സംവിധായകന്‍ പദ്മരാജനൊപ്പമാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തത്. കെ.ജി ജോര്‍ജ്, ബാലചന്ദ്ര മേനോന്‍, ശശികുമാര്‍, വേണു നാഗവള്ളി, ജോഷി എന്നിവരുടെ ചിത്രങ്ങളും നിര്‍മിച്ചു. ‘ഇത്തിരി നേരം ഒത്തിരി കാര്യം’ ആയിരുന്നു ആദ്യ സിനിമ.

പത്മമരാജന്റെ മരണ ശേഷം ഗാന്ധിമതി ബാലന്‍ പിന്നീട് സിനിമ നിര്‍മിച്ചില്ല. എന്നാല്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്നു.

ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനും 2015 നാഷണല്‍ ഗെയിംസിന്റെ ചീഫ് ഓര്‍ഗനൈസറുമായിരുന്നു. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ബാലന്‍, അമ്മ ഷോ എന്ന പേരില്‍ നിരവധി താരനിശകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാന്റേഷന്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു.

അറുപത്തിമൂന്നാം വയസില്‍ ആലിബൈ എന്ന പേരില്‍ സൈബര്‍ ഫോറെന്‍സിക് സ്റ്റാര്‍ട്ട് അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജന്‍സികള്‍ക്കും സൈബര്‍ ഇന്റലിജന്‍സ് സേവനം നല്‍കുന്ന സ്ഥാപനം ആയി വളര്‍ത്തി.

ഭാര്യ: അനിത ബാലന്‍. മക്കള്‍: സൗമ്യ ബാലന്‍ (ഫൗണ്ടര്‍ ഡയറക്ടര്‍ -ആലിബൈ സൈബര്‍ ഫോറെന്‍സിക്സ്), അനന്ത പത്മനാഭന്‍ (മാനേജിങ് പാര്‍ട്ണര്‍ – മെഡ്റൈഡ്, ഡയറക്ടര്‍-ലോക മെഡി സിറ്റി) മരുമക്കള്‍: കെ.എം.ശ്യാം (ഡയറക്ടര്‍ – ആലിബൈ സൈബര്‍ ഫോറെന്‍സിക്സ്, ഡയറക്ടര്‍- ഗാന്ധിമതി ട്രേഡിങ് & എക്സ്പോര്‍ട്സ്), അല്‍ക്ക നാരായണ്‍ (ഗ്രാഫിക് ഡിസൈനര്‍).


Read Previous

അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാറിന്റെ കോഴ ആരോപണം: കൂടുതല്‍ വെളിപ്പെടുത്തലുമായി പി.ജെ കുര്യന്‍

Read Next

റഹീം ദിയാ ധന സമാഹരണം: 15 കോടിയും കടന്ന് പാതി ദൂരം പിന്നിട്ടു; ഇനിയും താണ്ടണം ബഹുദൂരം, റിയാദില്‍ നടത്തിയ ബിരിയാണി ചലഞ്ച് പ്രവാസി സമൂഹം ഏറ്റുഎടുത്തു വിജയിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular