ഗ്യാസ് സിലിന്‍ഡർ, ഗോവണി, പിന്നെ സൈക്കിളും; പട്ടാപ്പകല്‍ തുടര്‍ച്ചയായി മോഷണം


പട്ടാപ്പകല്‍ വീട്ടിലെത്തി തുടര്‍ച്ചയായി മോഷണം നടത്തിയ യുവാവ്, മുണ്ടയ്ക്കല്‍ മേഖലയില്‍ താമസിയ്ക്കുന്ന ദന്തഡോക്ടര്‍ ഷിബു രാജഗോപാലിന്‍റെ കുടുംബത്തെ ചെറുതായൊന്നുമല്ല വട്ടംചുറ്റിച്ചത്. എല്‍.പി.ജി. സിലിന്‍ഡര്‍, വിലകൂടിയ ഗിയര്‍ സൈക്കിള്‍ എന്നിവയാണ് മോഷ്ടാവ് പട്ടാപ്പകല്‍ കടത്തിക്കൊണ്ടുപോയത്.

ഡോ. ഷിബുവിന്റെ വീടിന്റെ പരിസരത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിന്‍ഡര്‍ കടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വിവരം പോലീസില്‍ അറിയിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

വീടും പരിസരവുമായി പൊരുത്തപ്പെട്ട യുവാവ്, ഡോക്ടറുടെ മകന്റെ 18,000 രൂപ വിലവരുന്ന കോസ്മിക് 29 ലിങ്സ് മോഡല്‍ ഗിയര്‍ സൈക്കിളാണ് അടുത്തതായി ലക്ഷ്യമിട്ടത്. എന്നാല്‍ വീടിന്റെ അടച്ചിട്ട ഗേറ്റ് തടസ്സമായി നിന്നു. എന്തെങ്കിലും വസ്തു കൊണ്ടുപോയേ തീരൂവെന്ന് നിശ്ചയിച്ചുറപ്പിച്ച യുവാവ് തൊട്ടടുത്തുതന്നെയുള്ള ക്ലിനിക്കിന്റെ ഗേറ്റ് വഴി വീടിനു സമീപമെത്തി. സൈക്കിള്‍ കിട്ടില്ലെന്ന് ഉറപ്പായതോടെ, കൈയില്‍ കിട്ടിയ ഗോവണിയുമായി പുറത്തേക്ക് കടന്നു. ഗോവണിയുമായി നടന്നുനീങ്ങിയ യുവാവിനെ ക്ലിനിക്കിലെ ജീവനക്കാരന്‍ കണ്ടതാണ് കഥയിലെ ആദ്യ ട്വിസ്റ്റ്. സമീപത്തെ വീട്ടിലെ പൂച്ച കുടുങ്ങിക്കിടക്കുകയാണെന്നും അതിനെ രക്ഷിക്കാനായി, ഡോക്ടറുടെ അനുവാദത്തോടെയാണ് ഗോവണി കൊണ്ടുപോകുന്നതെന്നും യുവാവ് പറഞ്ഞു.

പിടിയിലാകുമെന്ന് ഉറപ്പായതോടെ അല്‍പ്പസമയം കഴിഞ്ഞ് ഗോവണി തിരികെവെച്ചശേഷം യുവാവ് മുങ്ങി. ഈ സംഭവങ്ങളുടെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാവിന്റെ മുഖം വ്യക്തമായിരുന്നു.

നേരത്തേ നോക്കിവെച്ച സൈക്കിള്‍ മോഷ്ടിക്കാനായി ‘കൂള്‍ മോഡില്‍’ സിഗരറ്റ് വലിച്ചെത്തിയ യുവാവ് ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍, സ്വന്തം വീട്ടിലേക്കെന്നപോലെ ഗേറ്റ് കടന്നെത്തി. തുടര്‍ന്ന് സൈക്കിളുമായി കടന്നുകളഞ്ഞു. ഡോ. ഷിബു വിദേശത്തായിരുന്ന സമയത്താണ് ഈ മോഷണം നടന്നത്.

കര്‍ബല മേഖലയില്‍ ശല്യമുണ്ടാക്കിയ യുവാവിനെ പോലീസ് പിടികൂടിയതോടെയാണ് മോഷണപരമ്പരയില്‍ കൂടുതല്‍ വ്യക്തത വന്നത്. ഡോക്ടറുടെ വീട്ടില്‍നിന്നു മോഷ്ടിച്ച സൈക്കിള്‍ മുണ്ടയ്ക്കല്‍ മേഖലയിലെ ബിയര്‍ പാര്‍ലറിനു സമീപം ഉപേക്ഷിച്ചിട്ടുണ്ടെന്ന് വിവരം കിട്ടി. ഇതിനിടെ, യുവാവ് ലഹരിമരുന്നിന് അടിമയാണെന്ന വാദമുയര്‍ത്തി കുടുംബം രംഗത്തെത്തി. സൈക്കിള്‍ തിരികെ കിട്ടിയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ഡോ. ഷിബു പോലീസിനെ അറിയിച്ചു. ലഹരിവിമുക്തചികിത്സയ്ക്കായി യുവാവിനെ മലപ്പുറത്തെ മതകേന്ദ്രത്തിലേക്കു മാറ്റിയെന്നാണ് കുടുംബം അറിയിച്ചത്.

ഈ മോഷണപരമ്പരയ്ക്കിടെ മുണ്ടയ്ക്കല്‍ മേഖലയില്‍നിന്ന് മറ്റൊരു കുട്ടിയുടെ സൈക്കിളും മോഷണംപോയിരുന്നു. ഈ സൈക്കിള്‍ എവിടെപ്പോയെന്നോ സംഭവത്തിനുപിന്നില്‍ ആരാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.


Read Previous

യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

Read Next

അന്തിമചിത്രം വ്യക്തമാകാതെ പാകിസ്ഥാന്‍; പുതിയ മുന്നണി ഉടൻ പ്രഖ്യാപിയ്ക്കുമെന്ന്‍,ഇമ്രാൻ ഖാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular