ഇരട്ടപ്പേരു വിളിച്ചതിന്, കെഎസ്ആർടിസി സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മില്‍ തല്ല്‌


തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിലടിച്ചു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂൾ വിടുന്ന സമയത്താണ് യൂണിഫോം ധരിച്ച പെൺകുട്ടികൾ തമ്മിൽ തല്ലിയത്. ഇരട്ടപ്പേരു വിളിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു അടിയെന്നാണ് വിവരം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് നെടുമങ്ങാട് പൊലീസിന്‍റെ ഭാഷ്യം.

നഗരത്തിലെ രണ്ടു പ്രധാന സർക്കാർ സ്കൂളുകളിലെ വിദ്യാർഥിനികളാണ് തമ്മിലടിച്ചത്. ഇതിൽ ഒരു വിദ്യാർഥിനിടെ താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇനി പരീക്ഷയ്ക്കു വന്നാൽ മതിയെന്നാണ് നിർദ്ദേശം. രണ്ടാമത്തെ കുട്ടിയുടെ രക്ഷകർത്താവിനെ വിളിച്ചുവരുത്തി അഞ്ചു ദിവസത്തേക്ക് സ്കൂളിൽ വിടരുതെന്നും കൗൺസിലിങ്ങിനു വിധേയയാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

വലിയൊരു ഭാഗം പെൺകുട്ടികൾ ഉൾപ്പെടുന്ന ജനക്കൂട്ടത്തിന്റെ നടുവിൽനിന്ന് രണ്ടു പെൺകുട്ടികൾ തർക്കിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. ഇതിനിടെ ഇരുവരും കയ്യാങ്കളിയിലേക്കു കടക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും പിന്നീട് പരസ്പരം അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മുതിർന്ന ആളുകൾ ഉൾപ്പെടെ അവിടെ തടിച്ചുകൂടിയെങ്കിലും പെൺകുട്ടികൾ അടി തുടരുന്നാണ് ദൃശ്യങ്ങളിലുള്ളത്.

നെടുമങ്ങാട് ബസ് സ്റ്റാൻഡിനു സമീപമുള്ള സർക്കാർ സ്കൂളിലെ വിദ്യാർഥികളാണ് ഇവരെന്നാണ് വിവരം. ഇരുവരും പരസ്പരം കളിയാക്കിയതായും അതിന്റെ പിന്നാലെ ഉടലെടുത്ത തർക്കം കയ്യാങ്കളിയിലേക്കു നീങ്ങിയെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നതായാണ് വിവരം.


Read Previous

സൈനികര്‍ക്കു മുന്നില്‍ പാടുന്നതിനിടെ, റഷ്യന്‍ നടി യുക്രെയ്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു 

Read Next

ഗു​രു​ത​ര നി​യ​മ​ലം​ഘ​നം; സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular