ഗോള്‍ഡ് ബോണ്ട് നിക്ഷേപം കൂടുതല്‍ നേട്ടത്തില്‍ 



2023-24
ലെ മൂന്നാമത്തെ സീരിസ് ഗോള്‍ഡ് ബോണ്ട് റിസര്‍വ് ബാങ്ക് ഈയിടെയാണ് പുറത്തിറക്കിയത്. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 22ആണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ (24 കാരറ്റ്) വിലയ്ക്ക് തുല്യമായ 6,199 രൂപയാണ് ബോണ്ടിന്റെ വിലയായി നിശ്ചയിച്ചിട്ടുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കുകയും ഡിജിറ്റലായി പണമിടപാട് നടത്തുകയും ചെയ്താല്‍ 50 രൂപ കിഴിവ് ലഭിക്കും.

ഓരോ തവണ റിസര്‍വ് ബാങ്ക് ബോണ്ടുകള്‍ പുറത്തിറക്കുമ്പോഴും നിക്ഷേപിക്കാന്‍ നിശ്ചിത കാലയളവുണ്ടാകും. പലര്‍ക്കും നിക്ഷേപം നടത്താന്‍ കഴിയാത്ത സാഹചര്യം അപ്പോള്‍ ഉണ്ടായേക്കാം. ദ്വീതീയ വിപണി (സ്റ്റോക്ക് എക്‌സ്‌ചേഞ്ച്) വഴി നിക്ഷേപം നടത്താനുള്ള സാധ്യത പ്രയോജനപ്പെടുത്തി അതിന് പരിഹാരം കാണാം.

റിസര്‍വ് ബാങ്ക് പുറത്തിറക്കുമ്പോഴുള്ളതിനേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ദ്വിതീയ വിപണി വഴിയുള്ള ഇടപാടിലൂടെ ലഭിക്കുന്നത്. എട്ടു വര്‍ഷത്തെ കാലാവധിയുള്ളതിനാലും വിപണിയില്‍നിന്ന് വാങ്ങുന്നവര്‍ കുറവായതിനാലും പണത്തിന് ആവശ്യമുള്ളവര്‍ ബോണ്ടുകള്‍ കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ തയ്യാറാകും. അതുകൊണ്ടാണ് വിപണിയിലെ വിലയില്‍ കുറവുണ്ടാകുന്നത്.

നിലവില്‍ ആര്‍ബിഐ പുറത്തിറക്കിയ എസ്ജിബി മൂന്നാമത്തെ സീരീസിന്റെ വില 6,199 രൂപയാണല്ലോ. അതിലും കുറഞ്ഞ വിലക്ക് ഏതാണ്ട് സമാന കാലാവധിയുള്ള ഗോള്‍ഡ് ബോണ്ടുകള്‍ വിപണിയില്‍നിന്ന് ലഭിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറക്കിയ ഗോള്‍ഡ് ബോണ്ടുകള്‍ അഞ്ച് ശതമാനംവരെ വിലക്കുറവില്‍ വിപണിയില്‍നിന്ന് സ്വന്തമാക്കാന്‍ അവസരവുമുണ്ട്.

ആര്‍ബിഐ പുറത്തിറക്കുന്ന സമയത്തുതന്നെ നിക്ഷേപം നടത്തേണ്ട ആവശ്യവുമില്ലെന്ന് വ്യക്തമായല്ലോ. മാസത്തില്‍ ഒരിക്കലോ കയ്യില്‍ പണംവരുമ്പോഴോ ഘട്ടംഘട്ടമായി നിക്ഷേപം നടത്തുകയും ചെയ്യാം.

കാലാവധിയെത്തും മുമ്പ് പണമാക്കാന്‍ വിപണിയിലെത്തുമ്പോള്‍ മുകളില്‍ വിശദീകരിച്ച അതേ സാഹചര്യം നിങ്ങളും നേരിടേണ്ടിവന്നേക്കാം. പട്ടികയില്‍ കൊടുത്തിട്ടുള്ള 2022-23 സീരീസ് ഒന്നിന്റെ ഉദാഹരണം നോക്കാം. 10 യൂണിറ്റുകളുടെ ഇടപാടുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. അതുകൊണ്ടതുന്നെ വാങ്ങാന്‍ ആളില്ലാത്ത സാഹചര്യമുണ്ടായാല്‍ പണമാക്കല്‍ വെല്ലുവിളിയാകും. കുറഞ്ഞ വിലക്ക് വില്‍ക്കേണ്ട സാഹചര്യമുണ്ടാകും.

കാലാവധിയെത്തുന്നതുവരെ ഗോള്‍ഡ് ബോണ്ട് കൈവശം വെയ്ക്കുകയെന്നതാണ് അതിനുള്ള പരിഹാരം. ആര്‍ബിഐ പുറത്തിറക്കുമ്പോള്‍ നിക്ഷേപിക്കുന്നവര്‍ കാലാവധിയെത്തുംവരെ കൈവശം വെയ്ക്കാന്‍ തയ്യാറാണല്ലോ. അതുമാത്രമല്ല, കാലാവധയെത്തിയശേഷമാണ് പണമാക്കുന്നതെങ്കില്‍ നിക്ഷേപത്തിലെ നേട്ടത്തിന് ഒരു രൂപപോലും ആദായ നികുതി നല്‍കേണ്ടതുമില്ല.

ദിത്വീയ വിപണിയില്‍നിന്ന് ബോണ്ട് വാങ്ങിയതിന് ശേഷം ഒരു വര്‍ഷത്തിനകം വിറ്റ് പണമാക്കുകയാണെങ്കില്‍ മൊത്തം വരുമാനത്തോട് ചേര്‍ക്കുമ്പോള്‍ ബാധകമായ സ്ലാബിന് അനുസരിച്ചാണ് നികുതി നല്‍കേണ്ടത്. ഒരു വര്‍ഷം കൈവശം വെച്ചശേഷമാണ് വില്‍ക്കുന്നതെങ്കില്‍ പണപ്പെരുപ്പം കിഴിച്ച് (ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം) വരുന്ന നേട്ടത്തിന് 20 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും.

കുറഞ്ഞ വിലയില്‍ ഗോള്‍ഡ് ബോണ്ട് ലഭ്യമാണെങ്കില്‍ ദ്വിതീയ വിപണി വഴി നിക്ഷേപം നടത്താം. കാലാവധിയെത്തുന്നതുവരെ കൈവശം വെച്ചാല്‍ നല്ലൊരുതുക നികുതിയിനത്തില്‍ ലാഭിക്കുകുയും ചെയ്യാം. പുതിയ ഗോള്‍ഡ് ബോണ്ട് ആര്‍ബിഐ പുറത്തിറക്കുമ്പോള്‍ സമാന കാലാവധിയുള്ളവയുടെ വിപണി വില താരതമ്യം ചെയ്യുക. പുതിയതായി പുറത്തിറക്കുന്ന ബോണ്ടിന്റെ വില കുറവാണെങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമ്പത്ത് സൃഷ്ടിക്കുന്നതില്‍ അത്രതന്നെ മികച്ച ആസ്തിയല്ല സ്വര്‍ണം. പത്തു വര്‍ഷത്തിനിടെ ലഭിച്ച (8%)ആദായം തന്നെ അതിന് ഉദാഹരണം. അതേസമയം, പ്രതിരോധ ആസ്തിയെന്ന നിലയില്‍ മികവ് കാണിക്കാനും സ്വര്‍ണത്തിന് കഴിയും. മാന്ദ്യ കാലങ്ങളില്‍ തിളങ്ങാന്‍ സ്വര്‍ണത്തിനാകുമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. ഓഹരി വിപണി തകര്‍ന്നടിയുമ്പോള്‍ സ്വര്‍ണം നേട്ടമുണ്ടാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മൊത്തം ആസ്തിയുടെ 10 മുതല്‍ 15 ശതമാനംവരെ സ്വര്‍ണത്തില്‍ നിക്ഷേപമാകാം. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ ഗോള്‍ഡ് ബോണ്ട് തന്നെയാണ് യോജിച്ചത്.


Read Previous

കോപ്രായങ്ങള്‍ ജനകീയ മുന്നേറ്റം തടയാന്‍; പ്രതിപക്ഷ നേതാവ് അക്രമത്തിനും കലാപത്തിനും ആഹ്വാനം ചെയ്യുന്നു; എംവി ഗോവിന്ദന്‍

Read Next

ബ്രിജ് ഭൂഷന്‍റെ വിശ്വസ്തന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധം; പത്മശ്രീ മടക്കിനൽകി ഗുസ്തി താരം ബജ്‌രംഗ് പുനിയ

Leave a Reply

Your email address will not be published. Required fields are marked *

Most Popular