യുഎസ് പൗരന്‍മാരായ രണ്ടു ബന്ദികളെ കൂടെ ഹമാസ് വിട്ടയച്ചു; സ്വാഗതം ചെയ്ത് യുഎസ്, വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍


ഖത്തറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ബന്ദികളാക്കിയ രണ്ടു യുഎസ് പൗരന്‍മാരെ വിട്ടയച്ച് ഹമാസ്. നടപടിയെ യുഎസ് സ്വാഗതം ചെയ്തു. യുഎസ് ഇല്ലിനോയിസ് സ്വദേശികളായ അമ്മയും മോളുമാണ് സ്വതന്ത്രരായത്. ജൂഡിത്ത് തായ് റാനാന്‍, മകള്‍ നതാലി ശോഷന്ന റാനാന്‍ എന്നിവര്‍ ഇസ്രയേലിലുള്ള കുടുംബത്തിനൊപ്പം ചേര്‍ന്നതായി ഇസ്രയേല്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴാം തീയതിയാണ് ഇവരെ ഹമാസ് ബന്ധികളാക്കിയത്.

റെഡ് ക്രോസ് ദൂതന്‍മാരിലൂടെയാണ് ഹമാസ് ഇവരെ ഇസ്രയേലിനു കൈമാറിയത്. അതേ സമയം, ഗാസയില്‍ ശക്തമായ വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്. നൂറിലധികം കേന്ദ്രങ്ങള്‍ ആക്രമിച്ച ഇസ്രയേലിന്റെ ശക്തമായ വ്യോമാക്രണത്തില്‍ വടക്കന്‍ ഗാസയിലെ സഹറ മേഖല അപ്പാടെ തകര്‍ന്നു. ഗാസയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയും തകര്‍ക്കപ്പെട്ടിട്ടുണ്ട്. നൂറിലധികംപേര്‍ ഇവിടെ അഭയം തേടിയിരുന്നു.

കയ്‌റോയില്‍ ഇന്നു നടക്കുന്ന സമാധാന ഉച്ചകോടിയില്‍ മഹ്‌മൂദ് അബ്ബാസിനും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും പങ്കെടുക്കും. ഇരുവര്‍ക്കും പുറമേ 14 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കൂടെ സമ്മേളനത്തില്‍ പങ്കെടുക്കും. അതേസമയം റഫാ അതിര്‍ത്തി തുറക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇതുമൂലം ഗാസയില്‍ ജീവകാരുണ്യ സഹായം എത്തിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

ഗാസയിലെത്തിക്കുന്ന സഹായം ഹമാസിന്റെ കയ്യിലെത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന വേണമെന്ന യുഎസിന്റെയും ഇസ്രയേലിന്റെയും നിലപാടാണ് റഫാ അതിര്‍ത്തിവഴി സാധനസാമഗ്രികള്‍ എത്തിക്കാന്‍ തടസ്സമാകുന്നത്. പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.


Read Previous

കൈക്കൂലിക്കേസില്‍ കുവൈറ്റിലെ ഏഴു ജഡ്ജിമാര്‍ക്ക് തടവ്

Read Next

യെമനില്‍ നിന്നും ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈലുകളും, ഡ്രോണുകളും ; ചെങ്കടലില്‍ വെടിവെച്ചിട്ട് അമേരിക്കന്‍ യുദ്ധക്കപ്പല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular