അന്ന് മെഡല്‍ നേടിയതിനു ഒരു പ്രമോഷന്‍ പോലും തന്നില്ല, ഇന്ന് അങ്ങനെ അല്ല’- മോദിയെ പുകഴ്ത്തി അഞ്ജു ബോബി


ന്യൂഡല്‍ഹി: കായിക താരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന പിന്തുണയെ പ്രശംസിച്ച് ഇതിഹാസ ലോങ് ജംപ് താരവും മലയാളിയുമായ അഞ്ജു ബോബി ജോര്‍ജ്. താനൊക്കെ മത്സര രംഗത്തുണ്ടായിരുന്നപ്പോള്‍ അത്‌ലറ്റിക്‌സ് ഫെഡറേഷനടക്കം വലിയ പിന്തുണയൊന്നും നല്‍കിയില്ലെന്നും എന്നാല്‍ ഇന്നതല്ല സ്ഥിതിയെന്നും അവര്‍ പറഞ്ഞു.

ഇന്ന് തോറ്റാലും ജയിച്ചാലും മോദി അത്‌ലറ്റുകളെ നേരില്‍ കണ്ട് ആശയ വിനിമയം നടത്തുന്നു. ഇതെല്ലാം കാണുമ്പോള്‍ തനിക്ക് അസൂയയാണ് തോന്നുന്നതെന്നു അവര്‍ ആലങ്കാരികമായി പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്നിനെത്തിയപ്പോഴാണ് അഞ്ജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കഴിഞ്ഞ 25 വര്‍ഷമായി കായിക താരമെന്ന നിലയില്‍ ഞാന്‍ ഇവിടെയുണ്ട്. ഒട്ടേറെ മാറ്റങ്ങള്‍ ഇപ്പോഴാണ് കാണുന്നത്. ഇന്ത്യക്കായി ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി മെഡല്‍ സ്വന്തമാക്കിയ താരം ഞാനാണ്. എന്നാല്‍ അന്ന് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പോലും ആ നേട്ടത്തെ എടുത്തു കാണിക്കാനോ പ്രചരിപ്പിക്കാനോ തയ്യാറായില്ല.’ 

‘എന്നാല്‍ ഇപ്പോള്‍ നോക്കു, നീരജ് ചോപ്ര മെഡല്‍ നേടിയപ്പോള്‍ നമ്മള്‍ ആഘോഷിച്ചില്ലേ. മാറ്റങ്ങള്‍ ഞാന്‍ ശരിക്കും കാണുന്നുണ്ട്. സത്യത്തില്‍ നീരജ് അടക്കമുള്ള പുതു തലമുറ അത്‌ലറ്റുകളോടു എനിക്ക് അസൂയയുണ്ട്. ഞാനൊക്കെ മത്സരിച്ചത് തെറ്റായ കാലത്താണ്’- അഞ്ജു വ്യക്തമാക്കി. 

ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ സമ്മാനിച്ച അഞ്ജു, ആഫ്രോ- ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേ‌ടിയിട്ടുണ്ട്. 2004ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ ലോങ് ജംപില്‍ അഞ്ചാം സ്ഥാനത്തും താരം എത്തി. 2002ല്‍ അര്‍ജുന, 2003ല്‍ ഖേല്‍ രത്‌ന, 2004ല്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അഞ്ജുവിനെ ആദരിച്ചു. 


Read Previous

രജൗറി ഭീകരാക്രമണത്തിന് പിന്നില്‍ ചൈന-പാക് ബന്ധം?; ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ് ആയുധങ്ങളെന്ന് സൈന്യം

Read Next

തലശേരി സ്റ്റേഡിയത്തില്‍ പന്തല്‍ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയില്‍ വീണ് മരിച്ചനിലയിൽ; ദുരൂഹത, അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular