തന്നെ ചോദ്യം ചെയ്യുന്ന ആരെയും ഭരണത്തിൽ വേണ്ട; വീണ്ടും പ്രസിഡന്റായാൽ കുടിയേറ്റക്കാരെ കൂട്ടമായി നാടു കടത്താനുറച്ചു ട്രംപ്


ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായാൽ കുടിയേറ്റക്കാരെ തൂത്തുവാരി പുറത്താക്കുമെന്നു അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവനകൾ സൂചിപ്പിക്കുന്നു. രേഖകളില്ലാതെ അമേരിക്കയിൽ ഇപ്പോൾ തന്നെ കഴിയുന്ന പതിനായിരങ്ങളെ വിശാലമായ ക്യാമ്പുകളിൽ പാർപ്പിച്ച ശേഷം കൂട്ടമായി നാട് കടത്തും.

തന്നെ ചോദ്യം ചെയ്യുന്ന ആരെയും ഭരണത്തിൽ വേണ്ട എന്ന സമീപനം ആയിരിക്കും ട്രംപിന്. തീവ്ര നയങ്ങൾ നടപ്പാക്കാൻ തടസം ഉണ്ടാവരുത് എന്നതാണ് നയം. ആദ്യ പ്രസിഡൻസിയിൽ തുടങ്ങി വച്ച കുടിയേറ്റ നയം കൂടുതൽ വിശാലമായി നടപ്പാക്കുമ്പോൾ രേഖകൾ ഉള്ളവരും പുറത്താക്കപ്പെടും. അതിനൊക്കെയുള്ള പണം കോൺഗ്രസ് കൊടുത്തില്ലെങ്കിൽ സൈനിക ബജറ്റിൽ നിന്നെടുക്കുമെന്നു ‘ന്യൂ യോർക്ക് ടൈംസ്’ ലേഖകർ വിലയിരുത്തുന്നു. മെക്സികോയുമായുള്ള അതിർത്തിയിൽ മതിൽ കെട്ടാൻ ട്രംപ് ചെയ്തത് അങ്ങിനെ ആയിരുന്നല്ലോ.

ഐസനോവർ 1954ൽ മെക്സിക്കൻ കുടിയേറ്റക്കാരെ തിരഞ്ഞു പിടിച്ചു പുറത്താക്കിയ മാതൃക പിന്തുടരുമെന്നാണ് സെപ്റ്റംബറിൽ ട്രംപ് അയോവയിൽ പറഞ്ഞത്. ഓപ്പറേഷൻ വെറ്റ്ബാക്ക് എന്ന പേരിൽ അറിയപ്പെട്ട ആ പരിപാടിയിൽ 1.3 മില്യൺ മെക്സിക്കക്കാരെ തിരിച്ചയച്ചു. അതിൽ പലരും യുഎസ് പൗരന്മാരും ആയിരുന്നു.

ഇസ്രയേലിനെതിരെ പ്രകടനം നടത്തിയ വിദ്യാർഥികളുടെ വിസകൾ ട്രംപ് റദ്ദാക്കും. അദ്ദേഹത്തിന് ഇഷ്ടമില്ലാത്ത ‘സമീപനങ്ങൾ’ ഉള്ളവർക്കു വിസ നൽകേണ്ടതില്ല എന്നു എംബസികൾക്കും കോൺസലേറ്റുകൾക്കും ഉത്തരവ് നൽകും. മാനുഷിക പരിഗണനകളുടെ പേരിൽ യുഎസിൽ അഭയം നൽകപ്പെട്ടവരെയും പുറത്താക്കും. 2021ൽ താലിബാൻ തിരിച്ചു വന്നപ്പോൾ യുഎസിലേക്കു പാഞ്ഞെത്തിയവരും അക്കൂട്ടത്തിലുണ്ട്. അവരിൽ പലരും യുഎസ് സൈന്യത്തിനു സഹായം നൽകിയവരാണ്.

രേഖകൾ ഇല്ലാത്ത കുടിയേറ്റക്കാർക്ക് യുഎസിൽ വച്ച് ജനിക്കുന്ന കുട്ടികൾക്കു പൗരത്വം നിഷേധിക്കുക എന്നതാണ് ട്രംപിന്റെ മറ്റൊരു പ്രഖ്യാപിത പരിപാടി. എല്ലാ നടപടികളൂം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്നു കരുതണം. അതിനു ട്രംപിന്റെ ഉറ്റ ഉപദേഷ്ടാവായ സ്റ്റീഫൻ മില്ലർ നൽകുന്ന വിശദീകരണം ലളിതമാണ്: കുടിയേറ്റ നിയമങ്ങൾ ആവശ്യമെങ്കിൽ ഉടച്ചു വാർക്കും. പക്ഷെ ആവശ്യം ഉണ്ടാവില്ല എന്നദ്ദേഹം വിശ്വസിക്കുന്നു. എന്നു മാത്രമല്ല, വെല്ലുവിളിക്കുന്നവർക്കു താക്കീതുമുണ്ട്: ട്രംപ് ഒരു കാര്യം തീരുമാനിച്ചാൽ നടപ്പാക്കിയിരിക്കും.

അങ്ങേയറ്റം ഏകാധിപത്യപരമായ അത്തരം സമീപനങ്ങൾ അമേരിക്കയിൽ നടക്കില്ലെന്നു കുടിയേറ്റ നിയമങ്ങൾ കാക്കാൻ പൊരുതുന്നവർ ചൂണ്ടിക്കാട്ടുന്നു. വിദേശികളെ വെറുക്കുന്ന സ്വന്തം അണികളെ ആവേശം കൊള്ളിക്കാനുള്ള വെറും വാചക കസർത്താണിത്.


Read Previous

സെനറ്റർ ടിം സ്കോട്ട് 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി

Read Next

എ എം ആരിഫ് എം പിക്ക് മീഡിയ ഫോറം സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular