മെഡിക്കൽ കോളേജിൽ പോകുന്നുവെന്ന് പറഞ്ഞ് പുലർച്ചെ വീട്ടിൽ നിന്നിറങ്ങി, രണ്ടു ദിവസം കഴിഞ്ഞ് വനത്തിനടുത്ത് ആളൊഴിഞ്ഞ വീട്ടിൽ മൃതദേഹം, സുനിലയെ കൊന്നത് താനെന്ന് അച്ചു


വിതുരയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വനത്തിനോടു ചേർന്ന ആളൊഴിഞ്ഞ വീട്ടിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനിൽ സുനില(22)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ടോടെ സമീപത്തെ ഊരായ കല്ലൻകുടി ഊറാൻമൂട്ടിലെ വീട്ടിൽ കണ്ടത്. തിങ്കളാഴ്ച മുതൽ യുവതിയെ കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് വിതുരയിലെ വനത്തിനോട് ചേർന്ന ആളൊഴിഞ്ഞ വീട്ടിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന വ്യക്തിയെ പൊലീസ് കസ്റ്റഡിയി ലെടുത്തിട്ടുണ്ട്. യുവതിയുടെ സുഹൃത്തുകൂടിയായ അച്ചു(24)വിനെയാണ് പാലോട് പനയമുട്ടത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. താനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് അച്ചു പൊലീസിനോട് സമ്മതിച്ചു എന്നാണ് റിപ്പോർട്ടുകൾ. പാലോട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിതുര പൊലീസിന് കൈമാറിയിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചയോടെയാണ് സുനില വീട്ടിൽ നിന്നും പുറപ്പെട്ടത്. കൂട്ടുകാരിക്കൊപ്പം മെഡിക്കൽ കോളേജിൽ പോകുന്നുവെന്നു പറഞ്ഞാണ് യുവതി വീട്ടിൽ നിന്നും പോയതെന്ന് ഭർത്താവ് പറഞ്ഞു. എന്നാൽ തിങ്കളാഴ്ച വൈകുന്നേരമായിട്ടും യുവതി വീട്ടിൽ മടങ്ങി വന്നില്ല. ഇതിനെ തുടർന്ന് സുനിലയുടെ മാതാപിതാക്കളും ഭർത്താവ് സിബിയും പൊലീസിൽ പരാതി നൽകുകയായിരുന്നു. സുനിലയെ കാണാതായ സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് യുവതിയുടെ മൃതദേഹം കല്ലൻകുടിയിലെ ആളൊഴിഞ്ഞ വീട്ടിൽനിന്നു കണ്ടെത്തിയത്.

ഇതിനിടെ പാലോട് പനയമുട്ടത്തുെവച്ച് സംശയാസ്പദമായ രീതിയിൽ അച്ചുവിനെ പാലോട് പൊലീസ് കാണുകയായിരുന്നു. അച്ചുവിനെ കസ്റ്റഡിയിൽ എടുത്ത പാലോട് പൊലീസ് ചോദ്യംചെയ്തതിൽനിന്നാണ് കൊലപാതകത്തിൻ്റെ സൂചനകൾ ലഭിച്ചത്. കൂടുതൽ ചോദ്യം ചെയ്യലിൽ താനും സുനിലയും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും കൊലപാതകം നടത്തിയത് താനാണെന്നും അച്ചു സമ്മതിച്ചു. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നാണ് സൂചനകൾ. ഒരുമിച്ചു ജീവിക്കാൻ കഴിയാത്തതിനാൽ മരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും അച്ചു പറഞ്ഞു. സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് താൻ തീരുമാനിച്ചിരുന്നതെന്നും പ്രതി പറഞ്ഞു. 

കൊലപാതകം നടത്തിയ ശേഷം സ്ഥലം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി എന്നാണ് പോലീസ് പറയുന്നത്. അതിനിടയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ പാലോട് പൊലീസ് പ്രതിയെ പിടികൂടുന്നത്. പാലോട് പോലീസ് പ്രതിയെ വിതുര പൊലീസിനു കൈമാറി.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് വിതുര പൊലീസ് പറഞ്ഞു. 


Read Previous

ബില്‍കിസ് ബാനു കേസ്; പ്രതികളുടെ കീഴടങ്ങലിനെ കുറിച്ച് വിവരമൊന്നുമില്ല; സേനയെ വിന്യസിച്ചതായി പൊലീസ്

Read Next

ഷാജഹാൻ എന്ന കള്ളപ്പേരിൽ മരപ്പണിക്കാരനായി ‘ഒളിവു ജീവിതം’; സവാദിനെ എൻഐഎ പിടികൂടിയത് വാടക വീടു വളഞ്ഞ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular